പടിഞ്ഞാറത്തറ ഗ്രാമപ്പഞ്ചായത്ത്ഇടതുമുന്നണി പ്രതിസന്ധിയില്‍: ഭരണമാറ്റത്തിന് സാധ്യത

പടിഞ്ഞാറത്തറ: സ്വതന്ത്രരുടെ പിന്തുണയോടെ ഇടതുമുന്നണി ഭരണം നടത്തുന്ന പടിഞ്ഞാറത്തറ ഗ്രാമപ്പഞ്ചായത്ത് ഭരണസമിതിയില്‍ ഭരണമാറ്റത്തിന് സാധ്യത. പടിഞ്ഞാറത്തറ വാര്‍ഡില്‍ നിന്ന് ഇടതുപിന്തുണയോടെ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മല്‍സരിച്ച് വിജയിച്ച് നിലവില്‍ ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ സ്ഥാനം വഹിക്കുന്ന എം പി നൗഷാദ് ചെയര്‍മാന്‍ സ്ഥാനം രാജിവച്ചതോടെയാണ് മുന്നണി പ്രതിസന്ധിയിലായത്. രണ്ടര വര്‍ഷം മുമ്പ് ഇടതുമുന്നണിക്ക് പിന്തുണ നല്‍കുമ്പോള്‍ വാഗ്ദാനം ചെയ്ത രണ്ടര വര്‍ഷത്തിന് ശേഷമുള്ള പ്രസിഡന്റ് പദവി ലഭിക്കാത്തതാണ് രാജിക്ക് കാരണമെന്നാണ് സൂചന. നിലവില്‍ സിപിഎമ്മിലെ പി ജി സജേഷാണ് പ്രസിഡന്റ്.
പതിനാറ് അംഗങ്ങളുള്ള ഭരണസമിതിയില്‍ രണ്ടു സ്വതന്ത്രരുടെ പിന്തുണയുള്‍പ്പെടെ എട്ടംഗങ്ങളാണ് എല്‍ഡിഎഫിനുള്ളത്. ഏഴുപേര്‍ യുഡിഎഫിനും ഒരംഗം ബിജെപിയുടേതുമാണ്. ബിജെപി വോട്ടെടുപ്പില്‍ നിന്നു വിട്ടുനിന്നതോടെയാണ് രണ്ട് സ്വതന്ത്രരുടെ പിന്തുണയോടെ എല്‍ഡിഎഫിന് ഭരണം ലഭിച്ചത്.
ഇതില്‍ വൈസ് പ്രസിഡന്റ് സ്ഥാനം നല്‍കിയിരിക്കുന്ന നസീമ പൊന്നാണ്ടി മുസ്്‌ലിം ലീഗിലെ റിബല്‍ സ്ഥാനാര്‍ഥിയായിരുന്നു. ഇവര്‍ പിന്നീട് ലീഗിലേക്ക് തന്നെ തിരിച്ചു പോയെങ്കിലും സിപിഎം ഇവരെ സമ്മര്‍ദത്തിലൂടെ കൂടെ നിര്‍ത്തുകയായിരുന്നു. ഇതിനിടെയാണ് രണ്ടാമത്തെ സ്വതന്ത്രനും ഇടഞ്ഞിരിക്കുന്നത്. നേരത്തെ നല്‍കിയ ഉറപ്പ് പാലിച്ചില്ലെങ്കില്‍ തുടര്‍കാര്യങ്ങള്‍ ആലോചിച്ച് തീരുമാനിക്കുമെന്നും നൗഷാദ് പറഞ്ഞു.

RELATED STORIES

Share it
Top