പടിഞ്ഞാറത്തറ ഉപതിരഞ്ഞെടുപ്പ് രംഗം ചൂടുപിടിക്കുന്നു

പടിഞ്ഞാറത്തറ: കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്തിലെ പടിഞ്ഞാറത്തറ ഡിവഷനിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് പ്രചാരണം ചൂടുപിടിക്കുന്നു. 2015ലെ തിരഞ്ഞെടുപ്പില്‍ ഡിവിഷനില്‍ നിന്നു തിരഞ്ഞെടുക്കപ്പെട്ട മുസ്‌ലിംലീഗിലെ ഈന്തന്‍ ആലിയുടെ മരണത്തെ തുടര്‍ന്ന് ഈ മാസം 28നു നടക്കുന്ന വോട്ടെടുപ്പില്‍ മൂന്നു മുന്നണികളില്‍ നിന്നായി മൂന്നു സ്ഥാനാര്‍ഥികള്‍ മാത്രമാണ് രംഗത്ത്. യുഡിഎഫ് കോട്ടയായി അറിയപ്പെടുന്ന ഡിവിഷനില്‍ 10 വര്‍ഷം ഗ്രാമപ്പഞ്ചായത്ത് അംഗമായിരുന്ന ലീഗിലെ പി സി മമ്മൂട്ടിയാണ് യുഡിഎഫിന്റെ സ്ഥാനാര്‍ഥി.
ഡിവൈഎഫ്‌ഐ മുന്‍ ബ്ലോക്ക് പ്രസിഡന്റ്, സിപിഎം ലോക്കല്‍ കമ്മിറ്റി അംഗം, മുന്‍ ജില്ലാ ഡ്രൈവേഴ്‌സ് കോ-ഓപറേറ്റീവ് സൊസൈറ്റി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച കെ സന്തോഷ്‌കുമാറാണ് എല്‍ഡിഎഫിനായി രംഗത്തിറങ്ങുന്നത്. ഗ്രാമപ്പഞ്ചായത്തിലെ പത്ത് വാര്‍ഡുകളുള്‍പ്പെടുന്ന ബ്ലോക്ക് ഡിവിഷനിലെ ആറു വാര്‍ഡുകളിലും നിലവില്‍ എല്‍ഡിഎഫ് പ്രതിനിധികളാണ് അംഗങ്ങള്‍. എന്നാല്‍, ഒരിക്കല്‍പോലും ഇടതുപക്ഷത്തോടൊപ്പം പോയിട്ടില്ലാത്ത ഡിവിഷനില്‍ 2015ല്‍ കടുത്ത വിഭാഗീയതകള്‍ക്കിടയില്‍ നടന്ന തിരഞ്ഞെടുപ്പില്‍ 345 വോട്ടുകള്‍ക്കാണ് യുഡിഎഫ് വിജയം നേടിയത്. മുന്‍ തിരഞ്ഞെടുപ്പില്‍ യുഡിഎഫിനൊപ്പമുണ്ടായിരുന്ന ജനതാദളിന് സ്വാധിനമുള്ള മേഖലയാണ് പടിഞ്ഞാറത്തറ. ഈ വര്‍ഷം എല്‍ഡിഎഫ് പക്ഷം ചേര്‍ന്നതും പഞ്ചായത്തും സംസ്ഥാനവും ഭരണം നടത്തുന്നതും അനുകൂലഘടകമാക്കി വിജയം നേടുകയാണ് എല്‍ഡിഎഫ് ലക്ഷ്യമിടുന്നത്. സിപിഎമ്മിന്റെ അക്രമരാഷ്ട്രീയമുള്‍പ്പെടെ പ്രചാരണത്തിനായി യുഡിഎഫും ആയുധമാക്കുന്നു. നിലവില്‍ സ്ഥാനാര്‍ഥികളെല്ലാം തന്നെ വീടുകള്‍ കയറിയുള്ള പ്രചാരണമാണ് നടത്തിക്കൊണ്ടിരിക്കുന്നത്.
ഇന്നലെ പ്രചാരണത്തിന് കോളനികള്‍ കയറിയിറങ്ങാന്‍ സ്ഥലം എംഎല്‍എ സി കെ ശശീന്ദ്രനും സിപിഎം സ്ഥാനാര്‍ഥിക്കൊപ്പമുണ്ടായിരുന്നു. യുഡിഎഫിന്റെ വിപുലമായ തിരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ ഇന്നലെ പടിഞ്ഞാറത്തറയില്‍ ചേര്‍ന്നു. സംസ്ഥാന നേതാക്കളെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി പടിഞ്ഞാറത്തറയിലെത്തിക്കാനാണ് യുഡിഎഫ് നീക്കം. എന്നാല്‍, സംസ്ഥാന സമ്മേളനം നടക്കുന്നതിനാല്‍ മന്ത്രിമാരെയും മുതിര്‍ന്ന നേതാക്കളെയും സ്ഥലത്തെക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ ഓളങ്ങളുണ്ടാക്കാതെ യുഡിഎഫ് വോട്ടുകള്‍ നേടാനുള്ള നിശ്ശബ്ദ പ്രചാരണമാണ് എല്‍ഡിഎഫ് നടത്തുന്നത്. പതിമൂവായിരത്തോളം വോട്ടര്‍മാരുള്ള ഡിവിഷനില്‍ 2015ല്‍ 4,249 വോട്ട് യുഡിഎഫിനും 3,904 വോട്ട് എല്‍ഡിഎഫിനും 257 വോട്ട് വെല്‍ഫയര്‍ പാര്‍ട്ടിക്കും 797 വോട്ട് ബിജെപിക്കും ലഭിച്ചിരുന്നു.

RELATED STORIES

Share it
Top