പടിക്കല്‍ കലമുടച്ച് ബാഴ്‌സ; അപരാജിത കുതിപ്പിന് ലെവന്റെ തടയിട്ടു


വലന്‍സിയ: സ്പാനിഷ് ലീഗില്‍ ഒരു മല്‍സരം പോലും തോല്‍ക്കാതെ കിരീടം ചൂടി മുന്നേറിയ ബാഴ്‌സലോണ ഒടുവില്‍ പടിക്കല്‍ കലമുടച്ചു. സീസണില്‍ ഒരു മല്‍സരം പോലും തോല്‍ക്കാതെ അവസാനിപ്പിക്കാനുള്ള ബാഴ്‌സലോണയുടെ മേഹത്തെ ലെവന്റെ കളിക്കരുത്തുകൊണ്ട്് ലെവന്റെ കീഴടക്കുകയായിരുന്നു. നാലിനെതിരേ അഞ്ച് ഗോളുകള്‍ക്കായിരുന്നു സ്പാനിഷ് രാജാക്കന്‍മാരെ ലെവന്റെ വീഴ്ത്തിയത്.
ലെവന്റെയുടെ സ്വന്തം തട്ടകത്തില്‍ മെസ്സിയും വിദാലും ഉമ്മിറ്റിയുമൊന്നുമില്ലാതെയാണ് ബാഴ്‌സലോണ ഇറങ്ങിയത്. ഒമ്പതാം മിനിറ്റില്‍ ബോട്ടിങിലൂടെ ആദ്യം ലെവന്റെ വലകുലുക്കി. 30 മിനിറ്റില്‍ വീണ്ടും ബോട്ടിങ് വലകുലുക്കിയതോടെ രണ്ട് ഗോളിന്റെ ആഅധിപത്യം ലെവന്റെയ്‌ക്കൊപ്പം നിന്നു. 38ാം മിനിറ്റില്‍ കോട്ടീഞ്ഞോയിലൂടെ ഒരു ഗോള്‍ ബാഴ്‌സ മടക്കിയെങ്കിലും ആദ്യ പകുതിയില്‍ 2-1ന്റെ മുന്‍തൂക്കവുമായാണ് ലെവന്റെ കളം പിരിഞ്ഞത്.
രണ്ടാം പകുതിയുടെ 46ാം മിനിറ്റില്‍ ബര്‍ദിയിലൂടെ ലെവന്റെ ഗോള്‍ നേട്ടം 3-1 ആക്കി ഉയര്‍ത്തി. 49ാം മിനിറ്റില്‍ വീണ്ടും ബര്‍ദി ലക്ഷ്യം കണ്ടപ്പോള്‍ 56ാം മിനിറ്റിലെ ഗോളിലൂടെ ബോര്‍ട്ടിങ് 5-1 എന്ന ശക്തമായ ലീഡ് നേടിയെടുത്തു. പിന്നീട് കടുത്ത പോരാട്ടം കാഴ്ചവച്ച ബാഴ്‌സലോണയെ വന്‍ നാണക്കേടില്‍ നിന്ന് രക്ഷിച്ചത് സ്പാനിഷ് ലീഗിലെ ആദ്യ ഹാട്രിക്ക് തികച്ച കോട്ടീഞ്ഞോയാണ്. 59ാം മിനിറ്റിലും 64ാം മിനിറ്റിലും വലകുലുക്കിയതോടെയാണ് കോട്ടീഞ്ഞോ ഹാട്രിക്ക് അക്കൗണ്ടിലാക്കിയത്. 71ാം മിനിറ്റില്‍ വീണുകിട്ടിയ പെനല്‍റ്റിയെ വലയിലാക്കി സുവാരസ് ബാഴ്‌സലോണയ്ക്ക് പ്രതീക്ഷ നല്‍കിയെങ്കിലും ശക്തമായ പ്രതിരോധം തീര്‍ത്ത ലെവന്റെയ്ക്ക് മുന്നില്‍ 5-4ന് ബാഴ്‌സ തോല്‍വി സമ്മതിക്കുകയായിരുന്നു. 2003ന് ശേഷം ആദ്യമായാണ് ബാഴ്‌സലോണ ഒരു മല്‍സരത്തില്‍ അഞ്ച് ഗോള്‍ വഴങ്ങുന്നത്.

RELATED STORIES

Share it
Top