പടമുഖം സ്‌നേഹമന്ദിരത്തിന്റെ നെടുംതൂണായി ഷൈനി

ചെറുതോണി: ജില്ലയിലെ പടമുഖം ഗ്രാമം ലോകത്തിന് സുപരിചിതമായിരിക്കുന്നത് അവിടെ പാവങ്ങളുടെ അഭയകേന്ദ്രമായ സ്‌നേഹമന്ദിരത്തിലൂടെയാണ്. തെരുവില്‍ ഉപേക്ഷിക്കപ്പെട്ട അനാഥരും കുട്ടികളും മാനസിക വൈകല്യമുള്ളതുമായ 353 ജീവിതങ്ങള്‍ സ്‌നേഹമന്ദിരത്തില്‍ ഉണ്ട്.
23 വര്‍ഷം മുമ്പ് രാജു എന്ന കുടുംബനാഥനിലൂടെ തുടക്കംകുറിച്ച ഈ ജീവകാരുണ്യം സമൂഹത്തിന് മാതൃകയാവുമ്പോള്‍ രാജുവിന്റെ പിന്നില്‍ ഭാര്യ ഷൈനിയുടെ ശക്തമായ പിന്തുണ ആയിരുന്നു. സ്‌നേഹമന്ദിരത്തില്‍ അധിവസിക്കുന്ന 107 വൃദ്ധമാതാപിതാക്കന്മാര്‍ക്കും സ്ത്രീകള്‍ക്കും 27 പഠനം തുടരുന്ന അനാഥബാല്യങ്ങളുടെ മുഴുവന്‍ ഉത്തരവാദിത്തവും ഇവിടുത്തെ  അന്തേവാസികള്‍ സ്‌നേഹപൂര്‍വം മമ്മി എന്നുവിളിക്കുന്ന ഷൈനിക്കാണ്. മക്കള്‍ക്ക് ഞങ്ങളെ വേണ്ട മോളെ എന്നുപറഞ്ഞു കരയുന്ന സരസ്വതിയമ്മയുടെ കണ്ണീര്‍ തുടച്ചുകൊണ്ട് ആ കവിളത്ത് ഒരു ഉമ്മ നല്‍കി എന്റെ അമ്മയാണ് സരസ്വതിയമ്മ എന്നുപറയുമ്പോള്‍ ആ വാക്കുകള്‍ കേള്‍ക്കുന്നവര്‍ക്കും കാണുന്നവര്‍ക്കും ഹൃദയം നുറുങ്ങുന്ന ഒരനുഭവമാണ്. 22 പേര്‍ സ്‌നേഹമന്ദിരത്തില്‍ ആതുര സേവന പ്രവര്‍ത്തകരായി ഒപ്പമുണ്ട്.
ഈ വനിതാദിനത്തില്‍ സ്‌നേഹമന്ദിരത്തിലെ അന്തേവാസികള്‍ക്കും കുട്ടികള്‍ക്കും പുതുവസ്ത്രം നല്‍കി മധുരം നല്‍കി ആഘോഷിക്കുന്നതോടൊപ്പം ഈ സമൂഹത്തിന്  ഷൈനി നല്‍കുന്ന സന്ദേശം സ്ത്രീകളുടെ പ്രസന്നമായ മുഖമാണ് പുരുഷന്റെ വിജയത്തിന് നല്‍കാവുന്ന ഏറ്റവും വലിയ സമ്മാനമെന്നാണ് ഷൈനിയുടെ വാക്കുകള്‍. ഞങ്ങള്‍ സ്ത്രീകള്‍ എന്നും പ്രസന്നമായ മുഖത്തോടെ കൂടെയുണ്ടാകും.

RELATED STORIES

Share it
Top