പഞ്ചായത്ത് റോഡ് പൊളിക്കാന്‍ നീക്കംനടക്കുന്നതായി ആക്ഷേപം

വാഴൂര്‍: ഗ്രാമപ്പഞ്ചായത്ത് വക റോഡ് പൊളിക്കാന്‍ നീക്കം നടക്കുന്നതായി ആരോപണം. വാഴൂര്‍ ഗ്രാമപ്പഞ്ചായത്ത് 11ാം വാര്‍ഡിലെ മുള്ളന്‍കുഴി-വെട്ടുവേലി റോഡാണ് പൊളിച്ച് എട്ടടിയോളം താഴ്ത്തി മണ്ണെടുത്ത് കൊണ്ടുപോവാന്‍ റിയല്‍ എസ്റ്റേറ്റ് മാഫിയ ശ്രമം നടത്തുന്നതായി സമീപവാസികള്‍ ആരോപിക്കുന്നത്. എംപി, എംഎല്‍എ ആസ്തി വികസനഫണ്ട് ഉപയോഗിച്ച് കോണ്‍ക്രീറ്റ് ചെയ്ത് നിര്‍മിച്ച റോഡാണു പൊളിക്കുന്നതിന് പഞ്ചായത്ത് കമ്മിറ്റി അനുവാദം നല്‍കാന്‍ നീക്കം നടക്കുന്നതായി നാട്ടുകാര്‍ പറയുന്നത്. നിലവിലെ കോണ്‍ക്രീറ്റ് വഴി പൊളിക്കുമ്പോള്‍ ലഭിക്കുന്ന മണ്ണെടുത്ത് റിയല്‍ എസ്‌റ്റേറ്റുകാരുടെ പ്ലോട്ടുകളില്‍ നിറയ്ക്കാനാണ് ശ്രമം. റോഡ് കുഴിക്കുന്നതോടെ പഞ്ചായത്തുവഴി റിയല്‍ എസ്റ്റേറ്റുകാരുടെ സ്ഥലത്തേക്കു തിരിച്ചുവിടുകയും ചെയ്യാം. 15 ലക്ഷത്തോളം രൂപയുടെ അഴിമതിയാണ് മണ്ണുവില്‍പ്പനയിലൂടെ നടക്കാന്‍ പോവുന്നതെന്നും നാട്ടുകാര്‍ ആരോപിക്കുന്നു. റോഡ് കുഴിക്കുന്നപക്ഷം കുത്തിറക്കമുണ്ടാവുമെന്നും റോഡ് സഞ്ചാര യോഗ്യമല്ലാതാവുമെന്നും അപകട സാധ്യത വര്‍ധിക്കുമെന്നുമാണ് നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നത്. ടിപ്പറുകള്‍ കല്ലും മണ്ണുമായി നിരന്തരം സഞ്ചരിക്കുന്നതുമൂലം കോണ്‍ക്രീറ്റ് ചെയ്ത് നിര്‍മിച്ച റോഡ് ഇപ്പോള്‍ത്തന്നെ പൊളിഞ്ഞുതുടങ്ങിയിട്ടുണ്ട്. റോഡ് കുഴിക്കാനുള്ള നീക്കത്തിനെതിരേ സമരവുമായി രംഗത്തുവരാനൊരുങ്ങുകയാണ് നാട്ടുകാര്‍.പൊളിക്കാന്‍ നീക്കം നടക്കുന്ന മുള്ളന്‍കുഴി-വെട്ടുവേലി റോഡ്.

RELATED STORIES

Share it
Top