പഞ്ചായത്ത് നടത്തുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കെതിരേ പ്രതിഷേധം ശക്തം

എരുമപ്പെട്ടി: എരുമപ്പെട്ടി മങ്ങാട് മിനി സ്‌റ്റേഡിയത്തില്‍ ഗ്രൗണ്ടില്‍ പഞ്ചായത്ത് നടത്തുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. പ്രക്ഷോഭവുമായി സിപിഎമ്മും ഇപ്പോള്‍ രംഗത്തെത്തിയിട്ടുണ്ട്.
മങ്ങാട് മേഖലയിലെ ജനങ്ങളുടെ ആവശ്യപ്രകാരം 1988ല്‍ യു കെ മണി പ്രസിഡന്റായുള്ള എല്‍ഡിഎഫ് പഞ്ചായത്ത് ഭരണസമിതിയാണ് ഗ്രൗണ്ടിന്റെ നിര്‍മാണം നടത്തിയത്. ഗ്രൗണ്ടിന് ആവശ്യമായ ഒന്നര ഏക്കര്‍ വരുന്ന സ്ഥലം സെന്റിന് 1225 രൂപ നല്‍കി സ്വകാര്യ വ്യക്തിയില്‍ നിന്നും പഞ്ചായത്ത് ഏറ്റെടുക്കുകയായിരുന്നു. അന്നത്തെ വടക്കാഞ്ചേരി എംഎംഎല്‍ എ കെ എസ് നാരായണന്‍ നമ്പൂതിരിയാണ് ഗ്രൗണ്ടിന്റെ ഉദ്ഘാടനം നടത്തിയത്.
ഗ്രൗണ്ടിന്റെ നവീകണം നടത്തണമെന്ന ആവശ്യം ഉയര്‍ന്ന് വരുന്ന സാഹചര്യത്തിലാണ് ഉള്ള സൗകര്യം ഇല്ലാതാക്കിക്കൊണ്ട് നിലവിലെ കോണ്‍ഗ്രസ് പഞ്ചായത്ത് ഭരണ സമിതി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. ഗ്രൗണ്ടിന്റെ സ്ഥലത്ത് പഞ്ചായത്ത് വിവിധ പദ്ധതികളുടെ കെട്ടിടങ്ങള്‍ നിര്‍മിച്ച് കൊണ്ടിരിക്കുകയാണ്. ഇതിനുപുറമെ കഴിഞ്ഞ ദിവസം ഗ്രൗണ്ടിലെ സ്‌റ്റേജ് അടച്ചുകെട്ടികൊണ്ട് മതില്‍ നിര്‍മ്മിച്ചിരിക്കുകയാണ്.
ഇതിനെതിരെ സിപിഎം എരുമപ്പെട്ടി ലോക്കല്‍ കമ്മറ്റി പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുകയാണ്. ഗ്രൗണ്ടിന്റെ സൗകര്യം തടസപ്പെടുത്തികൊണ്ട് നടത്തുന്ന ആശാസ്ത്രീയ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അഴിമതിയ്ക്ക് വേണ്ടിയാണെന്ന് സിപിഎം ആരോപിച്ചു.
നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ പഞ്ചായത്ത് സെക്രട്ടറിയോട് പരാതിപ്പെട്ടപ്പോള്‍ ഗ്രൗണ്ട് പഞ്ചായത്തിന്റെ രേഖയിലില്ലായെന്നാണ് മറുപടി നല്‍കിയതെന്നും സിപിഎം ആരോപിച്ചു.
പഞ്ചായത്ത് ഭരണ സമിതിയുടെ ഗ്രൗണ്ട് കയ്യേറ്റത്തിനെതിരെ ശക്തമായ പ്രക്ഷോഭ പരിപാടികള്‍ നടത്തുമെന്ന് സിപിഎം മുന്നറിയിപ്പ് നല്‍കി. ഇതിന്റെ മുന്നോടിയായി ഗ്രൗണ്ടില്‍ സിപിഎം പ്രതിഷേധ യോഗം സംഘടിപ്പിച്ചിരുന്നു.

RELATED STORIES

Share it
Top