പഞ്ചായത്ത് ജീവനക്കാര്‍ ഭീഷണിപ്പെടുത്തിയ സ്ത്രീ തലകറങ്ങി വീണു

മാള: കെട്ടിട നികുതിയുമായി ബന്ധപ്പെട്ട് സ്ത്രീകള്‍ മാത്രമുണ്ടായിരുന്ന സമയത്ത് വീട്ടിലെത്തി പഞ്ചായത്ത് ജീവനക്കാര്‍ ഭീഷണിപ്പെടുത്തിയതിനെ തുടര്‍ന്ന് സ്ത്രീ തലകറങ്ങി വീണതായി പരാതി. കുഴൂര്‍ ഗ്രാമപഞ്ചായത്തിലെ ഏഴാം വാര്‍ഡ് കൊച്ചുകടവ് കടവില്‍പറമ്പില്‍ രാജീവിന്റെ ഭാര്യയാണ് തലകറങ്ങി വീണത്.
പ്രസവം കഴിഞ്ഞ് ഒന്നര മാസം മാത്രമായ രാജീവിന്റെ ഭാര്യ മീര പ്രഷര്‍ കൂടിയാണ് തലകറങ്ങി വീണതെന്നാണ് രാജീവ് പറയുന്നത്. ഇവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. കുഴൂര്‍ ഗ്രാമപഞ്ചായത്തിന്റെ ഔദ്യോഗിക വാഹനത്തില്‍ എത്തിയ രണ്ട് വനിതാ ജീവനക്കാരാണ് കഴിഞ്ഞ ദിവസം ഉച്ചക്ക് ശേഷം രണ്ടരയോടെ വീട്ടിലെത്തി ഭീഷണിപ്പെടുത്തിയതെന്നാണ് രാജീവ് പരാതിയില്‍ പറയുന്നത്. ഈമാസം 31 നകം അടക്കേണ്ട 2017-18 വര്‍ഷത്തെ കെട്ടിട നികുതി അടച്ചിട്ടില്ല എന്ന് പറഞ്ഞാണ് ഭീഷണിപ്പെടുത്തിയതത്രേ.
നികുതി അടച്ചില്ലെങ്കില്‍ കോടതി കയറ്റിക്കുമെന്ന് പറഞ്ഞുകൊണ്ട് ബഹളമുണ്ടാക്കുകയും ചെയ്തതായും പരാതിയില്‍ പറയുന്നു. ഭാര്യയോടും ഭാര്യാമാതാവിനോടും കയര്‍ത്ത് സംസാരിച്ചതിനെ തുടര്‍ന്ന് ഓടി എത്തിയ അയല്‍പ്പക്കക്കാരിലൊരാള്‍ പൈസ കൊടുത്തതിനെ തുടര്‍ന്ന് ജീവനക്കാര്‍ തിരികെ പോയതായും ഈ നടപടികള്‍ക്കെതിരെ കര്‍ശ്ശന നടപടികള്‍ ആവശ്യപ്പെട്ടുകൊണ്ടുമാണ് പരാതി നല്‍കിയത്. മാള പോലിസ്, ഡിഡിപി, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, സെക്രട്ടറി എന്നിവര്‍ക്കാണ് പരാതി നല്‍കിയത്.
അതേസമയം അഞ്ച് തവണ ഇവരുടെ വീട്ടിലെത്തി നികുതി അടക്കണമെന്ന് പറഞ്ഞിരുന്നതായി ഗ്രാമപഞ്ചായത്ത് സെക്രട്ടറി പറഞ്ഞു. റവന്യൂ റിക്കവറിയുടെ ഭാഗമായാണ് ഹെഡ് ക്ലര്‍ക്കും വാര്‍ഡ് കണ്‍സെന്റ് ക്ലര്‍ക്കും നോട്ടീസ് കൊടുക്കാനായി പോയത്. വീട്ടിലെത്തിയ ഇവര്‍ക്കെതിരെ വീട്ടുകാരി മോശമായി സംസാരിച്ചു.
ഇതിനിടയില്‍ തൊട്ടടുത്തുള്ള ബന്ധുവിനോട് വിവരം പറഞ്ഞപ്പോള്‍ അവര്‍ പണം തരികയും ജീവനക്കാര്‍ തിരികെ പോന്നതുമല്ലാതെ മറ്റൊന്നും നടന്നിട്ടില്ല. സെപ്റ്റംബര്‍ മാസത്തില്‍ അടക്കേണ്ടതായതും കുടിശ്ശികയായതുമായ സംഖ്യയും മാര്‍ച്ചിലെ നികുതിയുമാണ് ഇവര്‍ അടക്കേണ്ടിയിരുന്നത്.
നൂറ് ശതമാനം നികുതി പിരിവിന്റെ ഭാഗമായാണ് പഞ്ചായത്ത് നടപടി. ഗ്രാമപഞ്ചായത്തില്‍ ഇനിയും നികുതി അടക്കാത്തവര്‍ക്കെതിരെ സര്‍ക്കാരുത്തരവ് പ്രകാരമുള്ള റവന്യൂ റിക്കവറിയടക്കമുള്ള നടപടികളുമായി മുന്നോട്ട് പോകുമെന്നും ഇത്തരം നീക്കങ്ങള്‍ അതിനൊന്നും തടസ്സമാകില്ലെന്നും സെക്രട്ടറി അറിയിച്ചു.

RELATED STORIES

Share it
Top