പഞ്ചായത്ത് കബളിപ്പിച്ചു ; വാടക തുക നല്‍കിയത് ഹെല്‍ത്ത് സൂപ്പര്‍വൈസര്‍കണമല: എരുമേലി ഗ്രാമപ്പഞ്ചായത്ത് നല്‍കാനുളള വാടക തുക ഒടുവില്‍ ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ സ്വന്തം പോക്കറ്റില്‍ നിന്നു നല്‍കി. കണമലയിലെ അപകട സാധ്യത മുന്‍നിര്‍ത്തി കഴിഞ്ഞ ശബരിമല തീര്‍ത്ഥാടന കാലങ്ങളില്‍ കണമലയില്‍ ആരോഗ്യ വകുപ്പ് ജീവനക്കാര്‍ ക്യാംപ് ചെയ്യുകയും ആംബുലന്‍സ്, മൊബൈല്‍ മെഡിക്കല്‍ യൂനിറ്റ്, പോലിസിനു വയര്‍ലെസ് ക്യാംപ് ഓഫിസ് എന്നിവയുടെ സേവനം നല്‍കാറുണ്ട്. പഞ്ചായത്തിനു സ്വന്തം കെട്ടിടമില്ലാത്തതിനാല്‍ സ്വകാര്യ കെട്ടിടം വാടകയ്‌ക്കെടുത്താണ് സേവനം. വാടക തുകയും ഭക്ഷണ ചെലവും ഗ്രാമപ്പഞ്ചായത്താണ് വഹിക്കുന്നത്. കഴിഞ്ഞ തീര്‍ത്ഥാടന കാലത്ത് കണമല വാര്‍ഡ് മെംബര്‍ അനീഷ് വാഴയില്‍ ആണ് ഇതിനായി കണമലയില്‍ തന്റെ കെട്ടിടം രണ്ട് മാസക്കാലത്തേക്ക് 5000 രൂപ വാടക സമ്മതിച്ച് ഏര്‍പ്പാടാക്കിയതെന്ന് കയ്യൂന്നുപാറ ഷാജി പറയുന്നു. മെംബര്‍ ആവശ്യപ്പെട്ടതിനാലും ശബരിമല സീസണ്‍ തീരുന്ന രണ്ട് മാസകാലത്തേക്കായതിനാലും വാടക എഗ്രിമെന്റ്റ് എഴുതിയിരുന്നില്ല. ഇപ്പോള്‍ തീര്‍ത്ഥാടനകാലം കഴിഞ്ഞ് നാല് മാസം പിന്നിട്ടിട്ടും വാടക ലഭിച്ചിട്ടില്ല. വാടക കിട്ടാനായി നിരവധി തവണ പ്രസിഡന്റ്, സെക്രട്ടറി എന്നിവരെ സമീപിച്ചിരുന്നു. പഞ്ചായത്തറിയാതെയും മെംബര്‍ അനുമതി തേടാതെയുമാണ് വാടക ഇടപാട് നടത്തിയതെന്നും അതിനാല്‍ തുക നല്‍കാന്‍ കഴിയില്ലന്നും സെക്രട്ടറി അറിയിച്ചു.ഇതറിഞ്ഞ ആരോഗ്യവകുപ്പധികൃതര്‍ പഞ്ചായത്ത് വാടക നിഷേധിച്ചത് പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടു. തുടര്‍ന്ന് വാടക തുകയുടെ പകുതി ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ എം വി ജോയി നല്‍കിയെന്ന് ഷാജി പറഞ്ഞു.

RELATED STORIES

Share it
Top