പഞ്ചായത്ത് ഓഫിസുകള്‍ സുതാര്യമാവണം: മന്ത്രി കെ ടി ജലീല്‍

കോട്ടയം: പഞ്ചായത്ത് ഓഫിസുകളില്‍ നിന്ന് ജനങ്ങള്‍ പ്രതീക്ഷിക്കുന്നത് സുതാര്യമായ സമീപനമാണെന്നു മന്ത്രി കെ ടി ജലീല്‍. വിജയപുരം ഗ്രാമപ്പഞ്ചായത്ത് നവീകരിച്ച ഗ്രാമപ്പഞ്ചായത്ത് ഓഫിസിന്റെ ഉദ്ഘാടനവും ഐഎസ്ഒ പ്രഖ്യാപനവും നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. പഞ്ചായത്ത് ഓഫിസിലേക്കു രണ്ടു തവണയില്‍ കൂടുതല്‍ ഒരാള്‍ ഒരു ആവശ്യത്തിനായി വരുന്ന അവസ്ഥയുണ്ടാവരുത്. ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ഇക്കാര്യത്തില്‍ ശ്രദ്ധചെലുത്തണം. നല്ല ഭരണസമിതിയും മികവുറ്റ ജീവനക്കാരും ഉണ്ടെങ്കില്‍ സമയബന്ധിതമായി സേവനങ്ങള്‍ സാധ്യമാവും. പഞ്ചായത്ത് നന്നായാല്‍ നാടു നന്നായി. വീടു വയ്ക്കുന്നതിനു മുമ്പ് പഞ്ചായത്തില്‍ നിന്നുള്ള ഉദ്യോഗസ്ഥരുടെ സ്ഥല സന്ദര്‍ശനത്തില്‍ കാലതാമസം ഒഴിവാക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കും. കെട്ടിട നിയമങ്ങള്‍ ലംഘിച്ചുള്ള നിര്‍മാണങ്ങള്‍ തകര്‍ത്തുകളയുന്നതിനേക്കാള്‍ ആശാസ്യമായത് ചട്ടലംഘനത്തിന്റെ തോത് അനുസരിച്ച് പിഴ ഈടാക്കുന്നതാണ്. കെട്ടിടങ്ങള്‍ പിഴ സ്വീകരിച്ച് റഗുലറൈസ് ചെയ്യുന്നതിനുള്ള അധികാരം പഞ്ചായത്ത് സെക്രട്ടറി, ടൗണ്‍ പ്ലാനിങ് ഓഫിസര്‍ എന്നിവര്‍ക്ക് നല്‍കിയുള്ള ഓര്‍ഡിനന്‍സ് ഉടന്‍ നിലവില്‍ വരും. കെട്ടിടങ്ങള്‍ക്ക് താല്‍ക്കാലിക നമ്പര്‍ നല്‍കുന്ന വിഷയത്തില്‍ ആവശ്യമായ ഭേദഗതി വരുത്തും. ജിഎസ്ടി വന്നതോടെ 30 ശതമാനത്തോളമാണ് വരുമാനക്കമ്മി ഉണ്ടായത്. ഇതുമൂലം കരാറുകാര്‍ക്ക് 600 കോടിയുടെ ബില്ലുകളാണ് മാറി നല്‍കാനുള്ളത്. ജനുവരി 15ഓടെ ഈ പ്രശ്‌നം പരിഹരിക്കാനാവുമെന്നാണു പ്രതീക്ഷ. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു.ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സഖറിയാസ് കുതിരവേലി, അഡ്വ. വി ബി ബിനു, പള്ളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി ടി ശശീന്ദ്രനാഥ്,ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാരായ വിനോദ് പെരിഞ്ചേരി, റെജിമോന്‍ ജോസഫ്, പഞ്ചായത്ത് ഡപ്യൂട്ടി ഡയറക്ടര്‍ എസ് ജോസ്‌നമോള്‍, വിജയപുരം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സിസി ബോബി പഞ്ചായത്ത് സെക്രട്ടറി ജി എന്‍ ഹരികുമാര്‍,ഗ്രാമപ്പഞ്ചായത്ത് മെമ്പര്‍മാര്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ പങ്കെടുത്തു. വിജയപുരം ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബൈജു ചെറുകോട്ടയില്‍ റിപോര്‍ട്ട് അവതരിപ്പിച്ചു.

RELATED STORIES

Share it
Top