പഞ്ചായത്തില്‍ സൂക്ഷിച്ച കെട്ടിട നികുതിയുടെ സ്ഥിതിവിവര രേഖകളില്‍ അപാകത

സ്വന്തം പ്രതിനിധി

വണ്ടിപ്പെരിയാര്‍: പഞ്ചായത്തില്‍ സൂക്ഷിച്ച കെട്ടിട നികുതിയുടെ സ്ഥിതി വിവര രേഖകളില്‍ അപാകത. നോട്ടീസ് ലഭിച്ച നിരവധി പേര്‍ക്ക് കെട്ടിടനികുതി ഇനത്തില്‍ കൂടുതല്‍ തുക അടയ്‌ക്കേണ്ട അവസ്ഥ സംജാതമായി. ഇതോടെ പഞ്ചായത്തിന്റെ പുതിയ കെട്ടിട നികുതി വര്‍ധനവില്‍ പ്രതിക്ഷേധം വ്യാപകമാവുന്നു. കുടുംബശ്രീ മുഖേനയാണ് ഇത്തവണ കെട്ടിട നികുതി നോട്ടീസ് നല്‍കിയത്. 23 വാര്‍ഡുകളാണ് പഞ്ചായത്തിനുള്ളത്. ഇതില്‍ വിവിധ വാര്‍ഡുകളിലായി ആറായിരത്തിലധികം പേരുടെ രേഖകളിലാണ് അപാകത ഉണ്ടായിരിക്കുന്നത്.2011-16ല്‍ പഞ്ചായത്ത് നമ്പര്‍ ഇട്ടപ്പോഴുണ്ടായ അപാകതയാണ് പ്രശ്‌നങ്ങള്‍ക്കു കാരണമെന്നാണ് അധികൃതര്‍ നല്‍കുന്ന വിശദീകരണം. പഞ്ചായത്തു പുതിയ നമ്പറിട്ടപ്പോള്‍ രജിസ്റ്ററിലും കംപ്യൂട്ടര്‍ സോഫ്ട്‌വെയറിലും പേരും നമ്പറും തമ്മില്‍ മാറിയതാണ് കാരണമെന്നാണ് സൂചന. നികുതി നോട്ടീസ് ലഭിച്ച പലര്‍ക്കും ഇത്തരത്തില്‍ പേരിലും വീട്ട് നമ്പറിലും വ്യത്യാസം കണ്ടതോടെ പലരും നികുതി അടയ്ക്കാന്‍ തന്നെ തയാറാവുന്നില്ല. ഇതുമൂലം ലക്ഷക്കണക്കിനു രൂപയുടെ നികുതി വരുമാനമാണു സര്‍ക്കാരിനും വണ്ടിപ്പെരിയാര്‍ പഞ്ചായത്തിനും നഷ്ടപ്പെടാന്‍ പോവുന്നത്. രണ്ടു വര്‍ഷം മുമ്പാണ് കെട്ടിട നികുതി പുനര്‍നിശ്ചയിച്ചത്. നികുതി നിര്‍ണയ ചട്ടപ്രകാരം ഉടമ തന്നെ കെട്ടിടത്തിന്റെ അളവും കാലപ്പഴക്കവും പഞ്ചായത്ത് നല്‍കിയ ഫോമില്‍ രേഖപ്പെടുത്തി നല്‍കിയിരുന്നു. വീട്ടു നമ്പര്‍ ഇട്ട് നല്‍കുമ്പോള്‍ പഞ്ചായത്ത് ചുമതലപ്പെടുത്തിയ ഉദ്യോഗസ്ഥര്‍ വീടിന്റെ ചുറ്റളവ് എടുത്തിരുന്നു. ഇതു രണ്ടും ഉള്‍പ്പെടുത്തിയാണ് നികുതി നിര്‍ണയം നടത്തിയത്. എന്നാല്‍, ഇങ്ങനെ ലഭിച്ച രേഖകള്‍ രേഖപ്പെടുത്തുന്നതില്‍ പഞ്ചായത്തിനുണ്ടായ വീഴ്ചയാണ് ഇത്തവണ നികുതി വര്‍ധിക്കാനുണ്ടായ കാരണമെന്നാണ് ആരോപണം. ഇതിന്റെ ജോലികള്‍ക്കായി ലക്ഷങ്ങളാണ് സര്‍ക്കാര്‍ ചെലവഴിച്ചത്. നികുതി വര്‍ധിച്ചതോടെ സാധാരണക്കാര്‍ വെട്ടിലായി. ദൂരസ്ഥലങ്ങളില്‍ നിന്ന് ഒരു ദിവസത്തെ പണി കളഞ്ഞാണ് പഞ്ചായത്ത് ഓഫിസില്‍ എത്തുന്നത്. കഴിഞ്ഞ തവണ കരം അടച്ച രശീതി ഉണ്ടെങ്കില്‍ പഴയ നിരക്കിലും ഇത് കൈവശം ഇല്ലാത്തവര്‍ക്ക് പുതുക്കിയ വര്‍ഷം മുതലുള്ള നികുതി അടക്കണമെന്ന് അധികൃതരുടെ ഇപ്പോഴത്തെ നിലപാട്. ഉടമസ്ഥാവകാശ രേഖകള്‍ പ്രകാരം കഴിഞ്ഞ തവണ നികുതി അടച്ചവര്‍ക്ക് പുതിയ നികുതി നോട്ടിസ് വന്നപ്പോള്‍ കൈമാറ്റം ചെയ്ത പഴയ ഉടമസ്ഥരുടെ പേരില്‍ തന്നെയെന്നതും ആളുകളെ വലക്കുന്നു. എന്നാല്‍, പട്ടയം ഇല്ലാത്ത കെട്ടിടങ്ങള്‍ക്ക് കൈവശ അവകാശ രേഖയുള്ള പഴയ ഉടമയുടെ പേരില്‍ മാത്രമെ നോട്ടീസ് അയക്കാന്‍ കഴിയുകയുള്ളുവെന്നും അധികൃതര്‍ പറയുന്നു.

RELATED STORIES

Share it
Top