പഞ്ചായത്തിന്റെ ശുചിത്വപരിപാടി പ്രഹസനം

എടപ്പാള്‍: ഏറെ കൊട്ടിഘോഷിച്ച്  കാലടി ഗ്രാമപ്പഞ്ചായത്തില്‍ നടപ്പാക്കിയ മാലിന്യസംസ്‌ക്കരണം പ്രഹസനമായി. പഞ്ചായത്തിലെ പ്രധാന ടൗണുകളെല്ലാം മാലിന്യം നിറഞ്ഞ് കാല്‍നട യാത്രപോലും ദുസ്സഹമാകുന്നു. നരിപ്പറമ്പ് ടൗണില്‍ ഹോട്ടലുകളില്‍ നിന്നുള്ള മാലിന്യം സ്വകാര്യ വ്യക്തിയുടെ വീട്ടുപടിക്കല്‍ നിക്ഷേപിച്ചതു മൂലം വീട്ടുകാര്‍ക്ക് പുറത്തിറങ്ങാന്‍ കഴിയാത്ത സ്ഥിതിയാണുള്ളത്.
വഴിയോര കച്ചവടക്കാരും തെരുവുകച്ചവടക്കാരും ഉച്ചയ്ക്കുശേഷം എത്തുന്ന സെന്ററാണ് നരിപ്പറമ്പ്. ഇവിടെ കച്ചവടക്കാര്‍ ഉപേക്ഷിച്ചുപോകുന്ന മാലിന്യങ്ങളും സമീപത്തെ ഹോട്ടലുകളില്‍നിന്നു പുറന്തള്ളുന്ന മാലിന്യവും സംസ്‌ക്കരിക്കുന്നതിന് ഗ്രാമപ്പഞ്ചായത്ത് യാതൊരു നടപടികളും കൈക്കൊണ്ടിട്ടില്ല. ചമ്രവട്ടം പാലത്തിനു സമീപത്തെ പുഴയോരത്തും മാലിന്യം കുമിഞ്ഞുകൂടിയിട്ടുണ്ട്. മഴപെയ്തതോടെ മാലിന്യവും മലിനജലവും കുത്തിയൊലിച്ച് പുഴയിലേയ്ക്കിറങ്ങുന്നുണ്ട്. തണ്ടലം, പാറപ്പുറം, കാലടി, കണ്ടനകം എന്നിവിടങ്ങളിലും കച്ചവടസ്ഥാപനങ്ങളില്‍നിന്നുള്ള മാലിന്യം കുന്നുകൂടിയിരിക്കുകയാണ്.
ഉറവിട മാലിന്യങ്ങള്‍ ഗ്രാമപ്പഞ്ചായത്ത് ചെലവില്‍ ശേഖരിച്ച് സംസ്‌ക്കരിക്കുന്നതിനുള്ള പദ്ധതികള്‍ പഞ്ചായത്ത് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും അതിന്റെ യാതൊരു പ്രവര്‍ത്തനങ്ങളും ഇതുവരെ ചെയ്തിട്ടില്ല. പകര്‍ച്ചവ്യാധികള്‍ പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും മാലിന്യസംസ്‌ക്കരണത്തിന് വേണ്ടത്ര ശ്രദ്ധിക്കുന്നില്ലെന്നാണു നാട്ടുകാര്‍ ആരോപിക്കുന്നത്.
മാലിന്യപ്രശ്‌നത്തിന് അടിയന്തിര പരിഹാരം ആവശ്യപ്പെട്ട് നാട്ടുകാര്‍ ഗ്രാമപ്പഞ്ചായത്തിനും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ക്കും പരാതി നല്‍കിയിരിക്കുകയാണ്.

RELATED STORIES

Share it
Top