പഞ്ചായത്തിന്റെ അനുമതി വാങ്ങിയില്ല; മാറഞ്ചേരി ഫെസ്റ്റിലെ കാര്‍ണിവലിന് സ്റ്റോപ്പ് മെമ്മോ നല്‍കി

പൊന്നാനി: മാറഞ്ചേരിയിലെ ഫെസ്റ്റിലെ കാര്‍ണിവല്‍ ഉടന്‍ നിര്‍ത്തിവെക്കണമെന്നാവശ്യപ്പെട്ട് പഞ്ചായത്ത് സെക്രട്ടറി സ്റ്റോപ്പ്  മെമ്മോ നല്‍കി. പഞ്ചായത്തിന്റെ നിയമപ്രകാരമുള്ള അനുമതി ലഭ്യമാക്കാതെ കാര്‍ണിവല്‍ നടക്കുന്നുവെന്ന് തെളിഞ്ഞതിനെതുടര്‍ന്നാണ് ഇന്നലെ വൈകിട്ട് അഞ്ചരയോടെ സെക്രട്ടറി സ്റ്റോപ്പ് മെമ്മോ പതിച്ചത്.
ഫെസ്റ്റ് നടത്താനാവശ്യമായ വിവിധ വകുപ്പുകളുടെയും പഞ്ചായത്തിന്റെയും അനുമതി ലഭിക്കാതെ നിയമവിരുദ്ധമായാണ്  ഫെസ്റ്റ് നടക്കുന്നുവെന്ന് നേരത്തെ തേജസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഫെസ്റ്റിവല്‍ നടത്താന്‍ പഞ്ചായത്തിന്റെ അനുമതിയില്ലാത്തതിന് പുറമെ ഡിഎംഒയുടെയും ഫയര്‍ ആന്റ് റസ്‌ക്യുവിന്റെയും അനുമതി ലഭിച്ചിട്ടില്ലന്നും ആരോപണമുണ്ട്. പോരാത്തതിന് കുട്ടികളുടെ റൈഡിന് ആവശ്യമായ ഇന്‍ഷൂറന്‍സ് കവറേജും ഉള്‍പ്പെടുത്തിയിട്ടില്ല. ഫുഡ്‌സേഫ്റ്റി ടീമിന്റെ അനുമതിയും വാങ്ങിയിട്ടില്ല. ഫസ്റ്റ് എയ്ഡ് ആന്റ് എമര്‍ജന്‍സി മെഡിക്കല്‍ ടീമിന്റെ സേവനവും സംഘാടകര്‍ ഏര്‍പ്പെടുത്തിയിട്ടില്ല. ഇതിന് പുറമെ ചീഫ് ഇലക്ട്രിക്കല്‍ എന്‍ജിനീയറുടെ അനുമതിയും വാങ്ങിയിട്ടില്ല .
ഇതിനിടെയാണ് പഞ്ചായത്ത് കാര്‍ണിവല്‍ കളിക്കരുതെന്ന് ആവശ്യപ്പെട്ടിട്ടുള്ളത്.അതേസമയം ഫെസ്റ്റിനെതിരെ ആസൂയാലുക്കള്‍ നടത്തുന്ന ഗൂഡാലോചനയാണ് ഇതിന് പിന്നിലെന്നും മറ്റേതൊരു നാട്ടിലും നടക്കുന്ന ഫെസ്റ്റുകള്‍ പോലെയൊന്നാണ് ഇതെന്നും ഫെസ്റ്റിന്റെ കണ്‍വീനര്‍ ശ്രീജിത്ത് തേജസിനോട് പറഞ്ഞു. നാടിന്റെ ഐക്യം തകര്‍ക്കാനുള്ള ശ്രമങ്ങള്‍ ഒരു കാരണവശാലും വിജയിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

RELATED STORIES

Share it
Top