പഞ്ചാബില്‍ കോണ്‍ഗ്രസ്സിന് മികച്ച നേട്ടം

ചണ്ഡീഗഡ്: പഞ്ചാബിലെ പട്യാല, അമൃത് സര്‍, ജലന്തര്‍ മുനിസിപ്പല്‍ കോര്‍പറേഷനുകള്‍,  29 മുനിസിപ്പല്‍ കൗണ്‍സിലുകള്‍, നഗര പഞ്ചായത്തുകള്‍ എന്നിവയിലേക്ക് ഞായറാഴ്ച നടന്ന തദ്ദേശ തിരഞ്ഞെടുപ്പില്‍ ഭരണകക്ഷിയായ കോണ്‍ഗ്രസ്സിന് ഉജ്ജ്വല വിജയം. വോട്ടെടുപ്പ് പൊതുവെ സമാധാനപരമായിരുന്നുവെങ്കിലും പട്യാലയിലെ നിരവധി വാര്‍ഡുകളില്‍ സംഘര്‍ഷങ്ങളെ തുടര്‍ന്ന് പോലിസ് ലാത്തിവീശി. മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിങിന്റെ മണ്ഡലമായ പട്യാലയിലാണ് ഏറ്റവും കൂടുതല്‍ പോളിങ് രേഖപ്പെടുത്തിയത്. ജലന്തറില്‍ 58 ശതമാനവും അമൃത്‌സറില്‍ 52 ശതമാനവും വോട്ടിങ് രേഖപ്പെടുത്തിയപ്പോള്‍ പട്യാലയിലേത് 62.22 ശതമാനമാണ് പോളിങ്. 29 മുനിസിപ്പല്‍ കൗണ്‍സില്‍, നഗര പഞ്ചായത്തുകളില്‍ 20ഉം കോണ്‍ഗ്രസ് നേടി. എതിരാളികള്‍ ഇല്ലാതെ തിരഞ്ഞെടുക്കപ്പെട്ട മൂന്നു മുനിസിപ്പല്‍ കൗണ്‍സില്‍, നഗര പഞ്ചായത്തുകളില്‍ തിരഞ്ഞെടുപ്പ് ഉണ്ടായിരുന്നില്ല. ആകെയുള്ള 414 വാര്‍ഡുകളില്‍ 267 എണ്ണവും കോണ്‍ഗ്രസ് നേടിയപ്പോള്‍ ശിരോമണി അകാലിദള്‍ 37ഉം ബിജെപി 15ഉം എഎപി ഒന്നും സ്വതന്ത്രര്‍ 94 വാര്‍ഡുകളിലും ജയിച്ചു. ജലന്തറില്‍ മികച്ച നേട്ടമാണ് ഭരണകക്ഷിയായ കോണ്‍ഗ്രസ് ഉണ്ടാക്കിയത്. മുനിസിപ്പല്‍ കോര്‍പറേഷനിലെ 80 വാര്‍ഡുകളില്‍ 65ഉം കോണ്‍ഗ്രസ് നേടിയപ്പോള്‍ ശിരോമണി അകാലിദള്‍-ബിജെപി സഖ്യം 13 വാര്‍ഡുകളിലേക്ക് ചുരുങ്ങി. ഇവിടെ എഎപിക്ക് ഒരു സീറ്റ്‌പോലും നേടാനായില്ല. അമൃത്‌സര്‍ മുനിസിപ്പല്‍ കോര്‍പറേഷനിലെ 85 വാര്‍ഡുകളില്‍ 64ഉം നേടിയത് കോണ്‍ഗ്രസ്സാണ്. പട്യാല മുനിസിപ്പല്‍ കോര്‍പറേഷനില്‍ എതിരാളികളെ അപ്രസക്തമാക്കി 60 വാര്‍ഡുകളില്‍ 59ഉം കോണ്‍ഗ്രസ് നേടി.

RELATED STORIES

Share it
Top