പഞ്ചസാര ലായനി പിടിച്ചെടുത്ത സംഭവം; പരാതിയുമായി തേനീച്ച കര്‍ഷകന്‍

എടക്കര: തേനീച്ചയ്ക്ക് തീറ്റ നല്‍കുന്നതിനായി തയ്യാറാക്കിയ പഞ്ചസാര ലായനി പിടിച്ചെടുത്ത ഫുഡ് ആന്റ് സേഫ്റ്റി അധികൃതരുടെ നടപടിക്കെതിരേ പരാതിയുമായി കര്‍ഷകന്‍. നിലമ്പൂര്‍ ആര്‍എസ് കിഴക്കു ഭാഗം സന്തോഷ് പോളാണ് കൃഷിമന്ത്രി സുനില്‍കുമാറിനും ഹോര്‍ട്ടികോര്‍പ്പ് ഡയറക്ടര്‍ക്കും പരാതി നല്‍കിയത്. കഴിഞ്ഞ മാസമാണ് അമരമ്പലത്തെ പോള്‍സണ്‍ ആന്റ് പോണ്‍സണ്‍ ബീ കീപ്പിങ് ഇന്‍ഡസ്ട്രിയുടെ പണിശാലയില്‍ നിന്നു തേനീച്ചകള്‍ക്കായി കരുതിയ ലായനി അധികൃതര്‍ പിടിച്ചെടുത്തത്. വ്യാജ തേനെന്നായിരുന്നു അധികൃതരുടെ വാദം. എന്നാല്‍, ഈ സമയം തേനീച്ചകള്‍ക്ക് തീറ്റ നല്‍കാന്‍ വാഹനവുമായെത്തിയ തൊഴിലാളികള്‍ നിജസ്ഥിതി അധികൃതരെ ബോധ്യപ്പെടുത്തിയെങ്കിലും ചെവിക്കൊണ്ടില്ല. തുടര്‍ന്ന് ഗോഡൗണ്‍ പൂട്ടി സീല്‍ വയ്ക്കുകയായിരുന്നു. മലപ്പുറം ഫുഡ് ആന്റ് സേഫ്റ്റി അധികാരികള്‍ക്ക് മുന്നില്‍ നേരിട്ടെത്തി തേന്‍ കൃഷിയുടെ നിജസ്ഥിതി സംബന്ധിച്ച് മുഴുവന്‍ രേഖകളും കര്‍ഷകന്‍ ഹാജരാക്കിയെങ്കിലും ഗോഡൗണ്‍ തുറന്ന് നല്‍കാന്‍ അധികൃതര്‍ തയ്യാറായില്ല. തേനീച്ചകള്‍ക്ക് തീറ്റ കൊടുക്കുന്ന സമയമായതിനാല്‍ മുഴുവന്‍ സാധന സമഗ്രികളും ഗോഡൗണിനകത്തായതും കര്‍ഷകനെ ദുരിതത്തിലാക്കി. 1982 മുതല്‍ മേഖലയിലെ അറിയപ്പെടുന്ന തേന്‍ കര്‍ഷകനാണ് സന്തോഷ് പോള്‍ എന്ന് കൃഷി അധികൃതരും സാക്ഷ്യപ്പെടുത്തുന്നു. തേന്‍ വ്യവസായം നിലച്ചതോടെ കര്‍ഷകന്‍ വന്‍ കടകെണിയിലായി. നിലമ്പൂരിന്റ വിവിധ പ്രദേശങ്ങളിലായി 1600 തേനീച്ച പെട്ടികളാണ് ഇദ്ദേഹത്തിനുള്ളത്.
കൃഷി വകുപ്പ്, ഹോര്‍ട്ടികോര്‍പ്പ് എന്നിവയുടെ മികച്ച കര്‍ഷകനുള്ള അംഗീകാരവും നേടിയിട്ടുണ്ട് ഇദ്ദേഹം. കഴിഞ്ഞ കാലവര്‍ഷ കെടുതിയില്‍ തേനീച്ച പെട്ടികള്‍ കൂട്ടത്തോടെ നശിച്ച് 2.5 ലക്ഷം രൂപ നഷ്ടം കണക്കാക്കി പൂക്കോട്ടുംപാടം കുഷിഭവനില്‍ അപേക്ഷ നല്‍കി സഹായത്തിനായി കാത്തിരിക്കവേയാണ് തേനീച്ച ഭക്ഷണലായനി അധികൃതര്‍ പിടിച്ചെടുക്കുന്നത്. രണ്ട് മാസം മുന്‍പ് നിലമ്പൂര്‍ തേനിന്റെ പേരുംപെരുമയും തകര്‍ക്കുന്ന നിലയില്‍ വ്യാജ തേന്‍ നിര്‍മിക്കുന്ന ചിലര്‍ അധികൃതരുടെ പിടിയിലായിരുന്നു. തുടര്‍ന്ന് പരിശോധനയും കര്‍ക്കശമാക്കി. ഇതിനിടയിലാണ് യഥാര്‍ഥ കര്‍ഷകരെ തകര്‍ക്കുകയെന്ന ലക്ഷ്യത്തോടെ പിടിയിലായവര്‍ വ്യാജ പരാതിയുമായി അധികൃതരെ സമീപിച്ചത്. സത്യസന്ധമായി പ്രവര്‍ത്തിക്കുന്ന കര്‍ഷകരെ ദ്രോഹിക്കുന്ന നടപടികളില്‍ നിന്നും അധികാരികള്‍ പിന്തിരിയണമെന്നു ഇദ്ദേഹം ആവശ്യപ്പെട്ടു.

RELATED STORIES

Share it
Top