പച്ചപ്പുല്ല് കിട്ടാനില്ല; പ്രതിസന്ധി ഇരട്ടിയാക്കി ജലക്ഷാമവും

കല്‍പ്പറ്റ: വേനല്‍ കനത്തതോടെ ക്ഷീരകര്‍ഷകര്‍ ദുരിതത്തില്‍. പച്ചപ്പുല്ല് കിട്ടാനില്ലാത്തും ജലക്ഷാമവുമാണ് പ്രതിസന്ധിക്കിടയാക്കുന്നത്. ചെലവ് കുത്തനെ ഉയര്‍ന്നിരിക്കുകയാണ്. പാലുല്‍പാദനത്തില്‍ ഗണ്യമായ കുറവുമുണ്ടായിട്ടുണ്ട്. വേനല്‍ക്കാലത്ത് പാല്‍ ഉല്‍പാദനത്തില്‍ കുറവുണ്ടാവാറുണ്ടെങ്കിലും ഇത്തവണ വേനല്‍ നേരത്തെ രൂക്ഷമായത് ഉല്‍പാദനത്തില്‍ ഗണ്യമായ കുറവിനിടയാക്കി.
കടുത്ത വരള്‍ച്ചയിലേക്കാണ് ജില്ല നീങ്ങുന്നത്. ജലക്ഷാമം രൂക്ഷമാണ്. കുടിവെള്ളം പോലും കിട്ടാക്കനിയായി. ഈ സാഹചര്യത്തില്‍ പശു പരിപാലനത്തിന് ആവശ്യത്തിന് വെള്ളം ലഭിക്കാത്തത് ദുരിതം ഇരട്ടിപ്പിക്കുന്നു. വീട്ടാവശ്യങ്ങള്‍ക്കു പോലും വെള്ളമില്ലാത്ത പ്രദേശങ്ങളില്‍ രണ്ടോ മൂന്നോ പശുക്കളുള്ളവര്‍ ജലക്ഷാമം മറികടക്കാന്‍ പാടുപെടുകയാണ്. തൊഴുത്ത് വൃത്തിയാക്കാനും പശുക്കളെ കുളിപ്പിക്കാനും സാഹചര്യമില്ല. കന്നുകാലികള്‍ക്ക് കുടിക്കാന്‍ വെള്ളം കൊടുക്കുകയെന്നതു തന്നെ വെല്ലുവിളിയായി. പച്ചപ്പുല്ല് നല്ല വില കൊടുത്താല്‍ പോലും ആവശ്യത്തിന് കിട്ടാനില്ലെന്നതാണ് അവസ്ഥ. പുറത്ത് മേയാന്‍ വിടാമെന്നുവച്ചാല്‍ പുല്‍നാമ്പുകള്‍ പോലും കരിഞ്ഞുണങ്ങിയിരിക്കുകയാണ്.
വൈകീട്ട് വരെ പുറത്ത് മേയാന്‍ വിട്ടാലും പശുക്കള്‍ക്ക് ആവശ്യത്തിന് തീറ്റ ലഭിക്കാറില്ല. വൈക്കോലാണ് ഇപ്പോള്‍ പുല്ലിന് പകരം നല്‍കുന്നത്. ജില്ലയില്‍ നെല്‍ക്കൃഷി കുറഞ്ഞതിനാല്‍ വൈക്കോലിനും ഡിമാന്‍ഡാണ്. ഒരു കെട്ട് വൈക്കോലിന് 150 മുതല്‍ 170 രൂപ വരെ വില നല്‍കണം. ചരക്കുസേവന നികുതിക്കുശേഷം കാലിത്തീറ്റയുടെയും പിണ്ണാക്കിന്റെയും വിലകൂടിയത് ക്ഷീരകര്‍ഷകര്‍ക്ക് പ്രയാസമായി. വൈക്കോല്‍, കാലിത്തീറ്റ എന്നിവയെല്ലാം കൂടിയ വിലയ്ക്ക് വാങ്ങുന്ന കര്‍ഷകര്‍ക്ക് ഒരുലിറ്റര്‍ പാലിന് ലഭിക്കുന്നത് 35 രൂപവരെയാണ്. ഇപ്പോഴത്തെ അവസ്ഥയില്‍ ഉല്‍പാദനച്ചെലവ് ഇതിനോടടുത്തുവരുമെന്ന് കര്‍ഷകര്‍ പറയുന്നു. കന്നുകാലികള്‍ക്ക് മെച്ചപ്പെട്ട തീറ്റയില്ലാത്തതുകൊണ്ട് പാലിന്റെ റീഡിങ് കുറഞ്ഞു. ഇതുകാരണം പാല്‍ വിലയിലും ഇടിവ് നേരിടുകയാണ്. ചൂട് കൂടിയതോടെ പാല്‍ ഉത്പാദനത്തില്‍ 20 ശതമാനത്തോളം കുറവുണ്ടായി. പത്തും പതിനഞ്ചും പശുക്കളുള്ള ഫാമുകള്‍ക്ക് മാത്രമാണ് പിടിച്ചുനില്‍ക്കാന്‍ കഴിയുന്നത്.
ഒന്നും രണ്ടും പശുക്കളെ വളര്‍ത്തുന്നവര്‍ക്ക് ചെലവും അധ്വാനവും പരിഗണിക്കുമ്പോള്‍ ഇതൊരു വരുമാനമാര്‍ഗമായി കണക്കാക്കാന്‍ കഴിയാത്ത സാഹചര്യമാണെന്നു കര്‍ഷകര്‍ പറയുന്നു.

RELATED STORIES

Share it
Top