പച്ചക്കൊളുന്തിന് വിലയിടിഞ്ഞു ; ചെറുകിട കര്‍ഷകര്‍ പ്രതിസന്ധിയില്‍ഈരാറ്റുപേട്ട: ഹൈറേഞ്ചിലെ വന്‍കിട തേയില തോട്ടങ്ങള്‍ മാറ്റിനിര്‍ത്തിയാല്‍ താഴ്‌വാര ഗ്രാമങ്ങളിലെ ചെറുകിട തേയില കര്‍ഷകര്‍ പച്ചക്കൊളുന്തിന്റെ വിലയിടിവുമൂലം പ്രതിസന്ധിയിലായി. തീക്കോയി, മാവടി, വെള്ളികുളം, അടിവാരം, പെരിങ്ങുളം, അടുക്കം, മേലുകാവ്, പഴുക്കാകാനം എന്നിവിടങ്ങളിലാണ് പ്രധാനമായും ചെറുകിട തേയില തോട്ടങ്ങളുള്ളത്്. ആറുമാസം മുമ്പ് 15 മുതല്‍ 20 രൂപവരെ വിലയുണ്ടായിരുന്ന തേയില കൊളുന്തിന് കേവലം രണ്ടുരൂപ മാത്രമാണ് ഇപ്പോള്‍ വില. ഇതോടെ കര്‍ഷകര്‍ കൊളുന്തുനുള്ളാതായി. കൊളുന്തിന് ഡിമാന്റുണ്ടായിരുന്നപ്പോള്‍ മറ്റ് കൃഷികള്‍ ഉപേക്ഷിച്ച് തേയില കൃഷിയിലേക്ക് ചേക്കേറിയ കര്‍ഷകന് കണ്ണീരുമാത്രമായിരിക്കുകയാണ്. ഹൈറേഞ്ചിലെ കൃഷിയുടെ അത്ര വിളവ് (കൊളുന്ത്) നാട്ടിന്‍ പുറങ്ങളിലുണ്ടാവാറില്ല. നുള്ളുന്ന കൊളുന്തുകള്‍ ഹൈറേഞ്ചിലെ ടീഫാക്ടറികളില്‍നിന്നെത്തുന്ന വാഹനങ്ങളില്‍ കയറ്റിവിടുകയായിരുന്നു പതിവ്. കൊളുന്തിന്റെ അളവ് വര്‍ധിച്ചതോടെ ഫാക്ടറിക്കാര്‍ക്ക് നാടന്‍കൊളുന്ത് വേണ്ടാതായി. അധവാ എടുത്താല്‍തന്നെ കുറഞ്ഞ വിലയെ നല്‍കാറുള്ളൂ. എന്നാല്‍, വിപണിയില്‍ തേയിലപ്പൊടിക്ക് വില കുറഞ്ഞിട്ടുമില്ല. ചെറുകിടകര്‍ഷകര്‍ക്ക് സര്‍ക്കാര്‍ ടീ ബോര്‍ഡ് മുഖേന അനുവദിച്ച സഹായധനം വന്‍കിടക്കാരുടെ കൈവശമാണെത്തിച്ചേരുന്നത്. ചെറുകിടക്കാര്‍ക്കാവട്ടെ തുച്ഛമായ തുക മാത്രമാണ് ലഭിക്കുന്നത്. മിക്ക കര്‍ഷകരും ബാങ്ക് വായ്പയെടുത്തും പലിശയ്ക്ക് വാങ്ങിയും തേയിലകൃഷി ചെയ്തവരാണ്. വില കുറഞ്ഞ സാഹചര്യത്തില്‍ മറ്റ് കൃഷികളിലേക്ക് ഇവര്‍ക്ക് എളുപ്പത്തില്‍ മടങ്ങാനാവില്ല.

RELATED STORIES

Share it
Top