പച്ചക്കറി മാര്‍ക്കറ്റ് ഉപയോഗശൂന്യം; തകര്‍ന്നു വീഴാറായ കെട്ടിടം ഭീഷണിയാവുന്നു

മാള: മാളക്കടവ് റൂറല്‍ പച്ചക്കറി വിപണന കേന്ദ്രം ഉപയോഗശൂന്യമായ അവസ്ഥയിലായി. മാള ഗ്രാമപഞ്ചായത്തിലെ 15 ാം വാര്‍ഡില്‍ തകര്‍ന്ന് വീഴാന്‍ ഒരുങ്ങി നില്‍ക്കുന്ന കെട്ടിടം വന്‍ഭീഷണിയാണ് സൃഷ്ടിക്കുന്നത്. ഇത് പൂര്‍ണ തകര്‍ച്ചയിലേക്ക് നീങ്ങുകയാണ്. മേല്‍ക്കൂരയുടെ ഷീറ്റുകള്‍ തൂങ്ങിയാടി തുടങ്ങിയിട്ട് വര്‍ഷങ്ങളായി. അപകട ഭീഷണി സൃഷ്ടിച്ച് തുടങ്ങിയിട്ട് വര്‍ഷങ്ങളേറെയായിട്ടും ഗ്രാമപഞ്ചായത്ത് ഭരണ സമിതി തിരിഞ്ഞു നോക്കിയിട്ടില്ല. തുരുമ്പെടുത്ത് നശിച്ച ഷീറ്റുകളും പൈപ്പുകളും പലതും താഴെ വീണു കഴിഞ്ഞു. ഇനിയും പലതും വീഴാന്‍ നില്‍ക്കുന്നുണ്ട്. 2004 ല്‍ തുടങ്ങി 2005 നിര്‍മ്മാണം പൂര്‍ത്തീകരിച്ച റൂറല്‍ മാര്‍ക്കറ്റിന്റെ ഉദ്ഘാടനം നടത്തിയത് 2010 ലാണ്. അതിന് ശേഷം ഒരു വ്യാപാര സ്ഥാപനവും കഴിഞ്ഞ വര്‍ഷം വരെ ഇവിടെ തുടങ്ങിയിരുന്നില്ല. പച്ചക്കറി സ്റ്റാളുകള്‍ക്ക് പകരം വാഹന അറ്റകുറ്റപണി കേന്ദ്രവും അനുബന്ധ സ്ഥാപനങ്ങളുമാണ് വര്‍ഷങ്ങളോളം ഇവിടെ പ്രവര്‍ത്തിച്ചിരുന്നത്. കെട്ടിടനിര്‍മ്മാണം പൂര്‍ത്തീകരിച്ച് 12 വര്‍ഷം പിന്നിട്ടപ്പോഴാണ് എരവത്തൂര്‍ സ്വദേശിയായ ഗിരീഷ് എന്ന വ്യക്തി രണ്ട് മുറികള്‍ വാടകക്കെടുത്ത് പച്ചക്കറി സ്റ്റാളിട്ടത്. ബാക്കി മുറികളും പരിസരവും ആക്രിസാധനങ്ങളുടെ കേന്ദ്രമെന്ന കണക്കിന് തുരുമ്പെടുത്ത ജി ഐ ഷീറ്റുകളും പൈപ്പുകളും നിറഞ്ഞുകിടക്കുകയാണ്. ശുചിമുറികളും തകര്‍ന്ന് നശിച്ചുകൊണ്ടിരിക്കുകയാണ്. വി എഫ് പി സി കെയുടെ ആഭിമുഖ്യത്തില്‍ ആഴ്ചചന്ത ലക്ഷ്യമിട്ട് 2012 ല്‍ ഇതിനോട് ചേര്‍ന്ന് പച്ചക്കറി യാര്‍ഡ് നിര്‍മ്മാണം നടത്തി. ഇതില്‍ തുടക്കത്തില്‍ വിപണനം നടന്നുവെങ്കിലും പിന്നീട് നിലച്ചു. ഇപ്പോള്‍ ഇതിനു അടുത്തുള്ള മാളക്കടവിലാണ് ഏത്തക്കായകളും മറ്റും ലേലം നടത്തുന്നത്. റൂറല്‍ മാര്‍ക്കറ്റ് കെട്ടിടം പിന്നീട് വാഹനങ്ങള്‍ റിപ്പയര്‍ ചെയ്യുന്ന വര്‍ക്ക്‌ഷോപ്പുകളായി വാടകക്ക് നല്‍കി. ആധുനിക രീതിയില്‍ നിര്‍മ്മിച്ച കെട്ടിടത്തിനോടു ചേര്‍ന്നു ശുചിമുറികളുണ്ട്. ഇവ സാമൂഹിക വിരുദ്ധര്‍ കൈയ്യേറി നശിപ്പിച്ചു. 15 മുറികളില്‍ പത്തെണ്ണത്തിന് ഷട്ടറുകള്‍ ഉണ്ട്. അഞ്ചെണ്ണം സ്റ്റാളുകളായി മാറ്റിയിട്ടിരിക്കുന്നു. രണ്ട് മുറികള്‍ വാടകക്ക് നല്‍കിയിട്ടുണ്ട്. ഒരു ഷട്ടര്‍ കോണിപ്പടിയുടേതാണ്. ശേഷിക്കുന്ന കെട്ടിടമുറികള്‍ കഴിഞ്ഞ എട്ട് വര്‍ഷത്തോളമായി ഒഴിഞ്ഞു കിടക്കുകയാണ്. തുഛമായ വാടകയാണ് മറ്റു മുറികളുടേതായി ലഭിക്കുന്നത്.  മാര്‍ക്കറ്റ് കെട്ടിടത്തിനുള്ളില്‍ പഞ്ചായത്ത് കിണര്‍ നിലവിലുണ്ട്.  എന്നാല്‍ കുടിക്കാന്‍ ഉപയോഗിക്കാനാവില്ല. വാഹനാവശിഷ്ടങ്ങളുടേയും മേല്‍ക്കൂരയില്‍ നിന്നും വീണ ഷീറ്റുകളുടേയും പൈപ്പുകളുടേയും ശവപ്പറമ്പായി മാറിയിരിക്കയാണ് മാളക്കാരുടെ സ്വപ്‌ന പദ്ധതിയായ റൂറല്‍ മാര്‍ക്കറ്റ്. പല തവണകളിലായി 25 ലക്ഷത്തോളം രൂപ ചെലവഴിച്ച പൊതുസ്ഥാപനമാണ് ആരാലും ശ്രദ്ധിക്കപ്പെടാതെ നശിക്കുന്നത്. ടി യു രാധാകൃഷ്ണന്‍, എ കെ ചന്ദ്രന്‍, ടി എന്‍ പ്രതാപന്‍ എം എല്‍ എമാര്‍ വിവിധഘട്ടങ്ങളില്‍ ഉദ്ഘാടനം നിര്‍വ്വഹിച്ച റൂറല്‍ മാര്‍ക്കറ്റിന്റെ രണ്ട് കെട്ടിടങ്ങളും പുനര്‍നിര്‍മ്മിക്കുന്നതിന് നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പൊതു പ്രവര്‍ത്തകനായ വിനോദ് വിതയത്തില്‍ മാള ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് പരാതി നല്‍കി.

RELATED STORIES

Share it
Top