പക്ഷിമൃഗാദികള്‍ക്കും പരിരക്ഷ ഉറപ്പാക്കണം: മൃഗസംരക്ഷണ വകുപ്പ്

ആലപ്പുഴ: വേനല്‍ കടുത്തതോടെ മനുഷ്യരെപ്പോലെ പക്ഷിമൃഗാദികളും ദുരിതത്തിന്റെയും വറുതിയുടെയും നാളുകളിലൂടെയാണു കടന്നുപോവുന്നത്. ജല ദൗര്‍ലഭ്യവും പച്ചപ്പുല്ലിന്റെ കുറവും കന്നുകാലികളുടെ ഉല്‍പ്പാദനക്ഷമതയെ ബാധിക്കും. മനുഷ്യരിലെന്നപോലെ സൂര്യാതാപത്തിന്റെ നേരിട്ടുള്ള പ്രത്യാഘാതങ്ങള്‍ മൃഗങ്ങളിലും കണ്ടുവരുന്നതായി മൃഗസംരക്ഷണ വകുപ്പ് അധികൃതര്‍ അറിയിച്ചു.
മൃഗങ്ങളുടെ മരണത്തിനുവരെ ഇത് കാരണമാകുന്നുണ്ട്. അന്തരീക്ഷ താപനില ഉയരുന്ന സാഹചര്യത്തില്‍ കന്നുകാലികളുടെ  പരിരക്ഷ ഉറപ്പു വരുത്തുന്നതിന് കര്‍ഷകര്‍ക്കായി പ്രത്യേക മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍  മൃഗസംരക്ഷണ വകുപ്പ് പുറപ്പെടുവിച്ചു. അന്തരീക്ഷ ഊഷ്മാവ് കൂടുംതോറും കന്നുകാലികള്‍ തീറ്റ എടുക്കുന്നതിനു മടി കാണിക്കും.
ദീര്‍ഘനേരം സൂര്യരശ്മികള്‍ ദേഹത്തു പതിക്കുന്നതു നിര്‍ജലീകരണം ഉണ്ടാക്കും. വിറയല്‍ അനുഭവപ്പെടുകയോ, കൈകാലുകളുടെ ചലനശേഷി ഇല്ലാതാവുകയോ ചെയ്യാന്‍ സാധ്യതയുണ്ട്. പശുക്കളെ രാവിലെ 10 മുതല്‍ വൈകീട്ട് അഞ്ചു വരെ തുറസ്സായ സ്ഥലങ്ങളില്‍ മേയാന്‍ വിടുന്നത് ഒഴിവാക്കണം. തൊഴുത്തിന്റെ മേല്‍ക്കുരയില്‍ ഓലയോ, ഷെയ്ഡ് നെറ്റോ ഇട്ട് ചൂടു കുറയ്ക്കണം. ദിവസം രണ്ടു നേരവും പശുവിനെ കുളിപ്പിക്കണം. പകല്‍ ഇടയ്ക്കിടെ ദേഹത്തു വെള്ളം ഒഴിക്കുകയോ നനഞ്ഞ ചാക്ക് ഇടുകയോ വേണം.
ഒരു പശുവിന് ഒരു ദിവസം 60 ലിറ്റര്‍ വെള്ളം കുടിക്കാന്‍ നല്‍കണം. കറവപ്പശുവിന് ഒരു ലിറ്റര്‍ പാലിനു നാലു ലിറ്റര്‍ വീതം വെള്ളം നല്‍കണമെന്നും നിര്‍ദേശമുണ്ട്.
ഖരരൂപത്തിലുള്ള സമീകൃത തീറ്റ രാവിലെ ഏഴിനു മുമ്പും വൈകീട്ട് അഞ്ചിനു ശേഷവും നല്‍കുക. പകല്‍ വൈക്കോല്‍ നല്‍കുന്നത് ഒഴിവാക്കണം. പച്ചപുല്ലിന്റെ അഭാവത്തില്‍ മറ്റിലകള്‍, വാഴയുടെ പോള, വാഴമാണം, ഈര്‍ക്കില്‍ മാറ്റിയ പച്ചോല, നെയ് കുമ്പളം എന്നിവ നല്‍കാം. 25-30 ഗ്രാം ധാതുലവണ മിശ്രിതവും 25 ഗ്രാം അപ്പക്കാരം, 50 ഗ്രാം ഉപ്പ് എന്നിവ കാടിയിലോ കഞ്ഞിവെള്ളത്തിലോ ചേര്‍ത്തും ദിവസവും നല്‍കണം.
കന്നുകാലികള്‍ക്ക് സൂര്യാതപമുണ്ടായാല്‍ ഉടന്‍ വിദഗ്ധചികില്‍സ ലഭ്യമാക്കണം. നിര്‍ജലീകരണം മൂലം ഷോക്ക് ഉണ്ടായി മരണമുണ്ടാകാം.  മറ്റു വളര്‍ത്തു പക്ഷി മൃഗാദികള്‍ക്കും പകല്‍ സമയത്ത് കുടിക്കുന്നതിന് ശുദ്ധജലം നല്‍കണമെന്നും വകുപ്പ് അറിയിച്ചു. നായ്ക്കളില്‍ വിയര്‍പ്പുഗ്രന്ഥികള്‍ പൊതുവേ കുറവായതിനാല്‍ അമിതമായ ചൂട് അവയെയും ബാധിക്കും. കിതപ്പ്, ശ്ബദത്തോടെയുള്ള ശ്വാസോച്ഛ്വാസം, ഛര്‍ദ്ദി എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍.
നനഞ്ഞതുണിയോടെ ഐസ് പാഡോ ഉപയോഗിച്ച് ശരീരം തണുപ്പിക്കുക, വെള്ളം ധാരാളം നല്‍കുക, വൈദ്യ സഹായം ഉറപ്പാക്കുക എന്നിവയാണു പ്രധാന നിര്‍ദേശങ്ങള്‍. പക്ഷിക്കൂടുകളില്‍ നല്ല വായുസഞ്ചാരം ഉണ്ടെന്നുറപ്പാക്കണം. പകല്‍ സമയം കൂടുകളിലും മറ്റും കുടിക്കാന്‍ വെള്ളം വയ്ക്കണം. കൂടുകളുടെ മേല്‍ക്കൂരയില്‍ തണുപ്പു നല്‍കാനും ശ്രമിക്കണമെന്നു മൃഗസംരക്ഷണ വകുപ്പ് അറിയിച്ചു.

RELATED STORIES

Share it
Top