പക്ഷികളുടെ പറുദീസയായി കക്കാടംപൊയില്‍

ഫഖ്‌റുദ്ദീന്‍ പന്താവൂര്‍

പൊന്നാനി: പക്ഷികളുടെ പറുദീസയായി മാറുകയാണ് കക്കാടംപൊയില്‍ പ്രദേശം. പശ്ചിമഘട്ട മേഖലയില്‍ മാത്രം കാണുന്ന പക്ഷികള്‍ ഇവിടെ സര്‍വസാധാരണമായി കാണുന്നുണ്ടെന്നു പക്ഷിനിരീക്ഷകര്‍ അടയാളപ്പെടുത്തുന്നു. ഇപ്പോള്‍ പക്ഷിനിരീക്ഷകരുടെയും പക്ഷിശാസ്ത്രജ്ഞരുടെയും ഇഷ്ട കേന്ദ്രമാണു കക്കാടംപൊയില്‍.
പശ്ചിമഘട്ട മലനിരകളില്‍പ്പെട്ട വൈവിധ്യമാര്‍ന്ന ഇടതൂര്‍ന്ന നിത്യഹരിതവനവും അതിനോടു ചേര്‍ന്ന് വന്‍മരങ്ങള്‍ കുറഞ്ഞ, മുളങ്കാടുകള്‍ കൂടുതലുള്ള തുറന്ന പ്രദേശവും ഇടയിലുള്ള പാറപ്പരപ്പും പക്ഷികളെ സുഖമായി നിരീക്ഷിക്കാന്‍ സൗകര്യം നല്‍കുന്നു. മരംകൊത്തികളില്‍ ഏറ്റവും ചെറിയ ഇനമായ മരംകൊത്തിച്ചിന്നന്‍, മുണ്ടന്‍ മരംകൊത്തി, മഞ്ഞപ്പിടലി മരംകൊത്തി, ത്രയാംഗുലി മരംകൊത്തി, നാട്ടുമരംകൊത്തി, ചെമ്പന്‍ മരംകൊത്തി എന്നിങ്ങനെ ആറിനങ്ങളെയും കേരളത്തില്‍ കാണുന്ന നാലിനം വേലിത്തത്തകളില്‍ വലിയ വേലിത്തത്ത, കാട്ടുവേലിത്തത്ത, ചെന്തലയന്‍ വേലിത്തത്ത എന്നീ മൂന്നിനത്തെയും ഇവിടെ കാണാം. കാട്ടൂഞ്ഞാലി, തീച്ചിന്നന്‍, തീക്കുരുവി, ലളിത, ചൂളക്കാക്ക, തീക്കാക്ക, ഗൗളിക്കിളി, ചാരമരപ്പൊട്ടന്‍, പച്ചമരപ്പൊട്ടന്‍, ചാരവരിയന്‍ പ്രാവ്, മരതകപ്രാവ്, പൊകണ, പൊടിചിലപ്പന്‍, ചെഞ്ചിലപ്പന്‍, മണികണ്ഠന്‍, മഞ്ഞച്ചിന്നന്‍, കാട്ടുബുള്‍ബുള്‍, കരിമ്പരുന്ത്, വെള്ളി എറിയന്‍, വിറയന്‍ പുള്ളു, കാട്ടുകോഴി തുടങ്ങി 70ല്‍പരം പക്ഷികളെ ഇവിടെ സാധാരണയായി കണ്ടുവരുന്നുണ്ടെന്ന് പക്ഷികളെക്കുറിച്ച് പഠനം നടത്തുന്ന ലതിക പറയുന്നു.
കാടിന്റെ ഉള്‍ഭാഗത്തിറങ്ങാതെ തന്നെ ഇവയെ കണ്ടെത്താമെന്നതു പക്ഷികളുടെ കൂടിയ സാന്ദ്രതയാണു സൂചിപ്പിക്കുന്നതെന്നും പക്ഷിനിരീക്ഷകര്‍ പറയുന്നു. മനുഷ്യരുടെ ഇടപെടല്‍ കുറഞ്ഞ പ്രദേശത്ത് അവയ്ക്ക് സുഖജീവിതം സാധ്യമാവുന്നു.

RELATED STORIES

Share it
Top