പകര്‍ച്ചവ്യാധി വ്യാപകം : അടിസ്ഥാന സൗകര്യങ്ങളില്ലാതെ ഇതരസംസ്ഥാന തൊഴിലാളികള്‍ചെറുതോണി: അടിസ്ഥാന സൗകര്യങ്ങളില്ലാതെ ഇതരസംസ്ഥാന തൊഴിലാളികളെ പാര്‍പ്പിക്കുന്നു. ഒരു ഷെഡില്‍ അന്‍പതിലധികം തൊഴിലാളികളെയാണ് പാര്‍പ്പിച്ചിരിക്കുന്നത്. കിടക്കകളോ ശൗചാലയങ്ങളോ ഇല്ലാത്ത ഇടങ്ങളിലാണ് താമസ സൗകര്യം ഒരുക്കിയിരിക്കുന്നത്. കൂട്ടമായി താമസിക്കുന്ന തൊഴിലാളികള്‍ക്ക് ഒരു ശൗചാലയം മാത്രമാണ് ഉള്ളത്. വൃത്തിഹീനമായ ചുറ്റുപാടുകളിലാണ് പലയിടത്തും തൊഴിലാളികള്‍ താമസിച്ചുവരുന്നത്. മഴക്കാലം ആരംഭിച്ചതോടെ പനിയുള്‍പ്പെടെയുള്ള പകര്‍ച്ചവ്യാധികള്‍ വ്യാപകമായി പടരുന്ന സാഹചര്യമാണുള്ളത്. എന്നാല്‍ ആരോഗ്യവകുപ്പ് അധികൃതര്‍ യാതൊരു നടപടിയും ഇതുവരെ സ്വീകരിച്ചിട്ടില്ല. തൊഴിലാളികളെ ഇവിടേയ്ക്ക് എത്തിക്കുന്ന ഏജന്റുമാര്‍ ഓരോ ആളുകളില്‍ നിന്നും കമ്മീഷന്‍ പറ്റുകയും കൂട്ടമായി താമസിക്കുന്നതിനായി വീട്ടുടമസ്ഥര്‍ക്ക് കമ്മീഷന്‍ നല്‍കിയുമാണ് സൗകര്യമില്ലാത്ത മുറികള്‍ വാടകയ്ക്ക് നല്‍കുന്നത്. പഞ്ചായത്ത് തലത്തില്‍ കൊതുകു നിവാരണവും പകര്‍ച്ചവ്യാധി തടയുന്നതിനുള്ള പ്രചരണങ്ങളും നടക്കുമ്പോഴും അന്യ സംസ്ഥാന തൊഴിലാളികളിലേക്ക് ബോധവല്‍ക്കരണം നടത്താന്‍ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളത്. പല കേന്ദ്രങ്ങളിലും വൃത്തിഹീനമായ ചുറ്റുപാടാണ് ഉള്ളത്.  ഇവര്‍ താമസിക്കുന്ന സ്ഥലങ്ങളില്‍ മാലിന്യങ്ങള്‍ അടിഞ്ഞുകൂടുമ്പോഴും ആരോഗ്യവകുപ്പ് അധികൃതര്‍ ഇതരസംസ്ഥാന തൊഴിലാളികള്‍ താമസിച്ചുവരുന്ന സ്ഥലങ്ങള്‍ സന്ദര്‍ശിക്കുന്നില്ല. ഇത്തരം കേന്ദ്രങ്ങളില്‍ ആരോഗ്യവകുപ്പ് അധികൃതര്‍ എത്തി നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ പകര്‍ച്ചവ്യാധികള്‍ തടയാന്‍ കഴിയാത്ത സാഹചര്യമാണ് ഉണ്ടാവുക.

RELATED STORIES

Share it
Top