പകര്‍ച്ചവ്യാധി ഭീഷണി: തോട്ടിലെ മണ്‍കൂന നീക്കം ചെയ്ത് യുവാക്കള്‍മുക്കം: കൊടിയത്തൂര്‍ ഗ്രാമപഞ്ചായത്തിലെ ചുളളിക്കാപറമ്പ് പ്രദേശത്ത് മഞ്ഞപ്പിത്തം റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് വെള്ളക്കെട്ടിന് കാരണമാവുന്ന തോട്ടിലെ മണ്‍കൂന യുവാക്കളുടെ നേതൃത്വത്തില്‍ നീക്കം ചെയ്തു. കുന്നുമ്മല്‍ കെവൈസി ക്ലബ് പ്രവര്‍ത്തകരാണ് ഒരു പകല്‍ മുഴുവനായി മണ്‍കൂന നീക്കം ചെയ്യുന്നതിനായി മുന്നിട്ടിറങ്ങിയത്. വര്‍ഷങ്ങളായി തോട്ടിലൂടെ ഒലിച്ചിറങ്ങിയ മണ്ണ് പാലത്തിനടിയില്‍ ഏഴ് മീറ്ററോളം ദൂരത്തില്‍ വെള്ളത്തിന്റെ ഒഴുക്ക് തടസ്സപ്പെടുന്ന തരത്തില്‍ അടഞ്ഞ് കിടക്കുകയായിരുന്നു. കഴിഞ്ഞ ദിവസത്തെ വേനല്‍മഴയില്‍ ഇവിടെ വലിയ വെള്ളക്കെട്ടും രൂപപ്പെട്ടു. മാത്രമല്ല പുഞ്ചപ്പാടത്തേക്ക് ഒഴുകിയിരുന്ന തോടിന്റെ സ്വാഭാവിക ഒഴുക്കും തടസ്സപ്പെട്ടതോടെ കര്‍ഷകര്‍ക്കും ദുരിതമായി. ഈ സാഹചര്യത്തിലാണ് പത്തോളം യുവാക്കള്‍ മണ്‍കൂന നീക്കുന്നതിനായി മുന്നിട്ടിറങ്ങിയത്. വെള്ളം കെട്ടി കിടന്ന് കൊതുക് വളരുന്നത് കുന്നുമ്മല്‍, അക്കരപറമ്പ്, ചെട്ട്യാന്‍ തൊടിക, തേലീരി പ്രദേശവാസികള്‍ക്ക് വലിയ ഭീഷണിയായിരുന്നു. പ്രവൃത്തിക്ക് ക്ലബ് ഭാരവാഹികളായ ഷൈജു, സാലിം, ദിപീഷ് നേതൃത്വം നല്‍കി.

RELATED STORIES

Share it
Top