പകര്‍ച്ചവ്യാധി പ്രതിരോധം ശക്തമാക്കും

മലപ്പുറം: പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ജില്ലയില്‍ ശക്തമാക്കാന്‍ ജില്ലാ കലക്ടര്‍ അമിത് മീണയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ആരോഗ്യ ജാഗ്രതാ ജില്ലാതല സമിതി യോഗത്തില്‍ തീരുമാനം. വാര്‍ഡുതല ശുചിത്വ സമിതികളെ നിരീക്ഷിക്കാന്‍ ഡിഎംഒയുടെ നേതൃത്വത്തില്‍ ഡെപ്യൂട്ടി കലക്ടര്‍മാര്‍ ഉള്‍പ്പടെയുള്ള സംഘത്തെ ചുമതലപ്പെടുത്തിയതായി ജില്ലാ കലക്ടര്‍ അറിയിച്ചു.
വാര്‍ഡുതല ശുചിത്വ സമിതികളുടെ പ്രവര്‍ത്തനവും ഫണ്ട് വിനിയോഗവും കാര്യക്ഷമമല്ലെന്ന പരാതിയെ തുടര്‍ന്നാണ് നടപടി. വീഴ്ച ശ്രദ്ധയില്‍പെടുന്ന പക്ഷം കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നു കലക്ടര്‍ അറിയിച്ചു. വനമേഖലയില്‍ മുള വെട്ടിയെടുത്ത കുറ്റികളില്‍ വെള്ളം കെട്ടിനിന്ന് പകര്‍ച്ചവ്യാധികള്‍ വ്യാപകമാവുന്നത് തടയാന്‍ ഇത്തരം മുളക്കുറ്റികള്‍ എക്‌സ്‌കവേറ്റര്‍ ഉപയോഗിച്ച് ഒഴിവാക്കാന്‍ വനം വകുപ്പിനെ ചുമതപ്പെടുത്തി.
റബര്‍, കവുങ്ങ് തോട്ടങ്ങളില്‍ കൊതുക് വളരുന്ന രൂപത്തില്‍ വെള്ളം കെട്ടിനില്‍ക്കുന്ന പാള, ചിരട്ട തുടങ്ങിയവ മാറ്റി സംസ്‌കരിക്കാന്‍ സ്ഥലമുടമകളോട് നിര്‍ദേശിക്കും. നിര്‍ദേശം പാലിക്കാത്തവര്‍ക്കെതിരേ കര്‍ശന നിയമ നടപടികള്‍ സ്വീകരിക്കും.
ഇവിടങ്ങളില്‍ പ്രാദേശിക മെഡിക്കല്‍ ഓഫിസര്‍മാരുടെ നേതൃത്വത്തില്‍ പരിശോധന നടത്തും. കാറ്ററിങ്, ഹോട്ടല്‍, റസ്റ്റോറന്റുകള്‍, തട്ടുകടകള്‍, ഐസ് നിര്‍മാണ യൂനിറ്റുകള്‍ തുടങ്ങി ഭക്ഷ്യവസ്തുക്കള്‍ തയ്യാര്‍ ചെയ്യുന്നിടങ്ങളില്‍ ഉപയോഗിക്കുന്ന വെള്ളത്തിന്റെ ഗുണനിലവാരം ഉറപ്പു വരുത്തണം. പഴകിയ ഭക്ഷണങ്ങള്‍ നല്‍കുന്നതുള്‍പ്പെടെയുള്ളവ ഗൗരവമായി കാണും. ഇവിടങ്ങളിലെ  പരിസരം ശുചീകരണം പരിശോധിക്കുന്നതിനായി ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി. ജില്ലാതല സമിതിയുടെ മേല്‍നോട്ടവും യഥാസമയം നടക്കും. ഇത്തരം പരിശോധനകളില്‍ പ്രാദേശിക സമിതിക്കൊപ്പം ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥരും പങ്കെടുക്കും. ക്വാറികളിലെ വെള്ളക്കെട്ടുകള്‍ പകര്‍ച്ചവ്യാധിക്കും മറ്റു അപകടങ്ങള്‍ക്കും ഇടയാക്കുന്നില്ലെന്നു ഉറപ്പുവരുത്തും. ഇവിടങ്ങളില്‍ സൂപ്പര്‍ ക്ലോറിനേഷന്‍, ഫെന്‍സിങ് നടപടികള്‍ മണ്‍സൂണിനു മുമ്പേ നടപ്പാക്കും.
ക്വാറികളിലെ തൊഴിലാളികള്‍ക്ക് ആരോഗ്യകേന്ദ്രങ്ങള്‍ മുഖേന ആഴ്ചയിലൊരിക്കല്‍ പ്രതിരോധ ഗുളികകള്‍ വിതരണം ചെയ്യും. തൊഴിലാളികള്‍ക്ക് പനി ഉള്‍പ്പെടയുള്ള പകരാനിടയുള്ള അസുഖങ്ങള്‍ പിടിപെടുകയാണെങ്കില്‍ ആരോഗ്യ പ്രവര്‍ത്തകരെ ഉടമകള്‍ യഥാസമയം അറിയിക്കണം.
ഇതില്‍ വീഴ്ച വരുത്തുന്നവര്‍ക്കെതിരേ നടപടി സ്വീകരിക്കും. യോഗത്തില്‍ ഡെപ്യൂട്ടി കലക്ടര്‍ ഡോ.ജെ ഒ അരുണ്‍, ഡിഎംഒ ഡോ.കെ സക്കീന, ഡെപ്യൂട്ടി ഡിഎംഒമാരായ ഡോ.കെ മുഹമ്മദ് ഇസ്മായില്‍, ഡോ. ആര്‍ രേണുക, ഡോ.മുഹമ്മദ് അഫ്‌സല്‍, ജില്ലാതല പ്രോഗ്രാം ഓഫിസര്‍മാര്‍ പങ്കെടുത്തു.

RELATED STORIES

Share it
Top