പകര്‍ച്ചവ്യാധി പ്രതിരോധത്തിന് ജാഗ്രതോല്‍സവം

കല്‍പ്പറ്റ: ആരോഗ്യവകുപ്പുമായി സഹകരിച്ച് 'പ്രതിദിനം പ്രതിരോധം' പരിപാടിയുടെ ഭാഗമായി ഹരിതകേരള മിഷന്‍ പകര്‍ച്ചവ്യാധി പ്രതിരോധത്തിന് കുട്ടികള്‍ക്കായി 'ജാഗ്രതോല്‍സവം' എന്ന പേരില്‍ ക്യാംപ് നടത്തുന്നു. എല്ലാ പഞ്ചായത്ത്, നഗരസഭാ വാര്‍ഡുകളിലെയും അഞ്ചുമുതല്‍ ഒമ്പതുവരെ ക്ലാസുകളിലെ കുട്ടികളെ പങ്കെടുപ്പിച്ചാണ് ക്യാംപ്്. കൊതുകിന്റെ ലോകം, എലിവാഴും കാലം, ജലജന്യരോഗങ്ങള്‍ എന്നീ വിഷയങ്ങള്‍ ജാഗ്രതോല്‍സവത്തില്‍ ചര്‍ച്ച ചെയ്യും.
പകര്‍ച്ചവ്യാധി പ്രതിരോധം, ജലമലിനീകരണം, കൃഷി സംരക്ഷണം എന്നീ വിഷയങ്ങളില്‍ ബോധവല്‍ക്കരണ ക്ലാസുകളുണ്ടാവും. ഈ മാസാവസാനത്തോടെ എല്ലാ വാര്‍ഡുകളിലും ക്യാംപ് നടത്താനാണ് ഉദ്ദേശിക്കുന്നത്. ഇതിന്റെ ഭാഗമായി സംസ്ഥാന, ജില്ലാതലങ്ങളില്‍ റിസോഴ്‌സ്‌പേഴ്‌സണ്‍മാര്‍ക്കുള്ള പരിശീലനം പൂര്‍ത്തിയായി. ബ്ലോക്ക് തല പരിശീലനം ഏപ്രില്‍ 23, 24 തിയ്യതികളിലായി നടക്കും. കല്‍പ്പറ്റ ബ്ലോക്കില്‍ കല്‍പ്പറ്റ ഗവ. യുപി സ്‌കൂളിലും, മാനന്തവാടിയില്‍ കെ കരുണാകരന്‍ മെമ്മോറിയല്‍ ഹാളിലും, പനമരം ബ്ലോക്കില്‍ പനമരം ജിഎല്‍പി സ്‌കൂളിലും സുല്‍ത്താന്‍ ബത്തേരിയില്‍ ബ്ലോക്ക് പഞ്ചായത്ത് ഹാളിലുമാണ് പരിശീലനം.
കില, ശുചിത്വമിഷന്‍, സാക്ഷരതാ മിഷന്‍ അതോറിറ്റി, ആരോഗ്യവകുപ്പ്, തദ്ദേശസ്വയംഭരണ വകുപ്പ് തുടങ്ങിയവര്‍ പദ്ധതി പ്രാവര്‍ത്തികമാക്കുന്നതില്‍ പ്രധാന പങ്കുവഹിക്കുന്നു. ക്യാംപിന്റെ തുടര്‍പ്രവര്‍ത്തനങ്ങള്‍ കുടുംബശ്രീ ബാലസഭാ പ്രവര്‍ത്തകര്‍ ഏകോപിപ്പിക്കും. പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട് കലക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി ഉഷാകുമാരി അധ്യക്ഷത വഹിച്ചു. ഹരിതകേരളം മിഷന്‍ ജില്ലാ കോ-ഓഡിനേറ്റര്‍ കെ ബി സുധീര്‍ കിഷന്‍, ശുചിത്വമിഷന്‍ ജില്ലാ കോ-ഓഡിനേറ്റര്‍ ജസ്റ്റിന്‍, ഹരിതകേരള മിഷന്‍ ടെക്‌നിക്കല്‍ ഓഫിസര്‍ പി അജയകുമാര്‍, ജില്ലാ പ്ലാനിങ് ഓഫിസര്‍ ഏലിയാമ്മ നൈനാന്‍, ശുചിത്വമിഷന്‍ പ്രോഗ്രാം കോ-ഓഡിനേറ്റര്‍ കെ അനൂപ് സംസാരിച്ചു.

RELATED STORIES

Share it
Top