പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ മെയ് 15നകം പൂര്‍ത്തിയാക്കണം: മന്ത്രി

ആലപ്പുഴ: ജില്ലയിലെ പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ മെയ് 15നകം പൂര്‍ത്തിയാക്കണമെന്ന്  മന്ത്രി ജി സുധാകരന്‍  ത്രിതല പഞ്ചായത്ത്-മുന്‍സിപ്പാലിറ്റി അധ്യക്ഷ•ാര്‍ക്കും വിവിധ വകുപ്പ് മേധാവികള്‍ക്കും നിര്‍ദ്ദേശം നല്‍കി. സാംക്രമിക രോഗങ്ങളുടെ പ്രതിരോധവും നിയന്ത്രണവും സംബന്ധിച്ച് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലയിലെ വിവിധ തലങ്ങളിലുള്ള ആശുപത്രികളിലും പ്രാഥമികാരോഗ്യകേന്ദ്രങ്ങളിലും മരുന്നുകള്‍, ജീവനക്കാര്‍, ലബോട്ടറി സൗകര്യങ്ങള്‍ തുടങ്ങിയ ഭൗതിക സാഹചര്യങ്ങള്‍ ഉറപ്പ് വരുത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ആരോഗ്യബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കണം.50 വീടുകള്‍ക്ക് ഒരു സന്നദ്ധ പ്രവര്‍ത്തകന്‍ എന്ന നിലയില്‍ ആരോഗ്യ പ്രവര്‍ത്തകരെ ചുമതലപ്പെടുത്തണം. 21ന് എല്ലാ വീടുകളിലും ആരോഗ്യ പ്രവര്‍ത്തകര്‍ എത്തി പരിസര ശുചിത്വം ഉറപ്പു വരുത്തണം. എല്ലാ പഞ്ചായത്തുകളും മുന്‍സിപ്പാലിറ്റികളും പ്രത്യേക കര്‍മ്മ പദ്ധതികള്‍ക്ക് രൂപം നല്‍കണം. ജലദൗര്‍ലഭ്യമുള്ള പ്രദേശങ്ങള്‍ കണ്ടെത്തി ശുദ്ധജല ലഭ്യത ഉറപ്പു വരുത്തുന്നതിനും മാലിന്യ നിര്‍മ്മാര്‍ജ്ജനത്തിനുള്ള നടപടികള്‍ സ്വീകരിക്കുകയും വേണം. വാര്‍ഡ്തല ആരോഗ്യ ശുചിത്വ സമിതികളുടെ പ്രവര്‍ത്തനം സജ്ജമാക്കുന്നതിനുള്ള നടപടികള്‍ തദേശസ്വയംഭരണ സ്ഥാപനങ്ങള്‍ സ്വീകരിക്കണം.മഴക്കാല പൂര്‍വ്വ  ശൂചീകരണത്തില്‍ ജനപങ്കാളിത്തം ഉറപ്പു വരുത്തണം. തട്ടുകടകള്‍ ഉള്‍പ്പെടെ ചായക്കടകളിലും ഹോട്ടലുകളിലും  ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുമായി ചേര്‍ന്ന് ശുചിത്വനിലവാരം പരിശോധിക്കണം.അനാരോഗ്യപരമായ രീതിയില്‍ പ്രവര്‍ത്തിക്കുന്നവ  അടച്ചുപൂട്ടുന്നതുള്‍പ്പടെയുള്ള നടപടികള്‍ സ്വീകരിക്കണം. കക്കൂസു മാലിന്യങ്ങള്‍  തള്ളുന്നവരെ കണ്ടെത്തുന്നതിന് പഞ്ചായത്തുകളുടെ നേതൃത്വത്തില്‍ രാത്രികാല സ്വകാഡ് പ്രവര്‍ത്തിക്കണം. ശുദ്ധജല വിതരണം  ഉറപ്പു വരുത്തുന്നതിന് വാട്ടര്‍ അതോറിറ്റി വിതരണ പൈപ്പുകളിലെ അറ്റകുറ്റ പണികള്‍ യഥാസമയം പൂര്‍ത്തിയാക്കണം. ഇതര സംസ്ഥാന തൊഴിലാളികളുടെ താമസ- തൊഴിലിടങ്ങളിലെ സാഹചര്യം തൊഴില്‍ വകുപ്പ് പരിശോധിച്ച് ആരോഗ്യ സുരക്ഷ ഉറപ്പ് വരുത്തണം. അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും പകര്‍ച്ചവ്യാധി സംബന്ധമായ ക്ലാസുകള്‍ നല്‍കണം.കൃഷിയിടങ്ങളില്‍ കൊതുക് പെരുകുന്നതിനുള്ള സാഹചര്യം ഒഴിവാക്കുന്നതിനും എലി നശീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനും കൃഷി വകുപ്പ് നടപടി സ്വീകരിക്കണം. റോഡ്, കെട്ടിടങ്ങള്‍ എന്നിവയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ശേഷം  അലക്ഷ്യമായി ഇട്ടിട്ടുള്ള സാമഗ്രികളിലും ഓടകളിലും വെള്ളം കെട്ടികിടന്ന് കൊതുക് പെരുകുന്ന സാഹചര്യം പൊതുമരാമത്ത് വകുപ്പ് ഒഴിവാക്കണം. നിര്‍മ്മാണത്തില്‍ ഇരിക്കുന്ന എല്ലാ കെട്ടിടങ്ങളിലും എന്‍ജിനീയര്‍മാര്‍ പരിശോധന നടത്തണം. തീരപ്രദേശങ്ങളില്‍ ഉപയോഗശൂന്യമായി കിടക്കുന്ന ബോട്ടുകളിലും വഞ്ചികളിലും കൊതുക് പെരുകുന്ന സാഹചര്യം ഒഴിവാക്കുന്നതിന് ഫിഷറീസ് വകുപ്പ് നടപടിയെടുക്കണം. പട്ടിക-വര്‍ഗ്ഗ കോളനികളില്‍ പ്രത്യേക ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു. ആലപ്പുഴ നഗരസഭ ചെയര്‍മാന്‍ തോമസ് ജോസഫ്  അധ്യക്ഷത വഹിച്ചു. ആര്‍ രാജേഷ് എംഎല്‍എ ആരോഗ്യ സന്ദേശം നല്‍കി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി വേണുഗോപാല്‍ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ കലക്ടര്‍ ടി വി അനുപമ, ജില്ലാ പോലിസ് മേധാവി സുരേന്ദ്രന്‍, സബ് കലക്ടര്‍  വി ആര്‍ കൃഷ്ണതേജ, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ഡി വസന്തദാസ് സംസാരിച്ചു.

RELATED STORIES

Share it
Top