പകര്‍ച്ചവ്യാധി പ്രതിരോധം: 'ജാഗ്രത' കര്‍മ പരിപാടി നടപ്പാക്കും- കലക്ടര്‍

കോട്ടയം: ജില്ലയില്‍ എലിപ്പനി, ഡെങ്കിപ്പനി, മഞ്ഞപ്പിത്തം തുടങ്ങിയ പകര്‍ച്ചവ്യാധികള്‍ പ്രതിരോധിക്കുന്നതിന് 'ജാഗ്രത' എന്ന പേരില്‍ സമഗ്ര രോഗ പ്രതിരോധ കര്‍മപദ്ധതി നടപ്പാക്കുമെന്ന് കലക്ടര്‍ ബി എസ് തിരുമേനി. കലക്ടറുടെ ചേംബറില്‍ ചേര്‍ന്ന വകുപ്പുതല ഏകോപന സമിതി യോഗത്തിന്റേതാണ് തീരുമാനം. അടുത്ത വര്‍ഷം പകര്‍ച്ചവ്യാധികള്‍ കുറയ്ക്കുന്നതിനും പകര്‍ച്ചവ്യാധികള്‍ മൂലമുള്ള ജീവഹാനി തടയാനുമുള്ള കര്‍മ പരിപാടിയാണ് ജാഗ്രത. പകര്‍ച്ചവ്യാധി വ്യാപനത്തില്‍ അതീവ ശ്രദ്ധ വേണ്ട സ്ഥലങ്ങളില്‍ ശക്തമായ പ്രതിരോധ പരിപാടികള്‍ നടത്തും. കുമരകം, അയര്‍ക്കുന്നം, കാഞ്ഞിരപ്പള്ളി, മാടപ്പള്ളി, ഇടയാഴം, വൈക്കം തുടങ്ങിയ സ്ഥലങ്ങളില്‍ മഞ്ഞപ്പിത്തം, എലിപ്പനി, വയറിളക്കം എന്നിവ പടരാന്‍ സാധ്യതയുണ്ട്. ഇവിടങ്ങളില്‍ ഓടകളുടെയും ചാലുകളുടെയും കുളങ്ങളുടെയും ശുദ്ധീകരണം, ശുചീകരണ തൊഴിലാളികള്‍ക്ക് മുന്‍കരുതല്‍ ചികില്‍സ, ബോധവല്‍ക്കരണം എന്നിവ വിവിധ വകുപ്പുകളും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും ചേര്‍ന്ന് നടപ്പാക്കുമെന്ന് കലക്ടര്‍ അറിയിച്ചു. കോട്ടയം, ചങ്ങനാശ്ശേരി മുനിസിപ്പാലിറ്റികള്‍, അതിരമ്പുഴ, ഇടമറുക്, കറുകച്ചാല്‍, കൂടല്ലൂര്‍, കൊഴുവനാല്‍, പുതുപ്പള്ളി, പനച്ചിക്കാട് തുടങ്ങിയ സ്ഥലങ്ങളില്‍ ഡെങ്കിപ്പനി തുടങ്ങിയ കൊതുക് ജന്യ രോഗങ്ങള്‍ പടരാന്‍ സാധ്യതയുണ്ട്. ഇവിടങ്ങളില്‍ ആഴ്ചതോറും ഉറവിട നിര്‍മാര്‍ജനം, സ്‌പ്രേയിങ്, കുടിവെള്ള ലഭ്യത ഉറപ്പു വരുത്തല്‍, ബോധവല്‍ക്കരണം തുടങ്ങിയവ നടപ്പാക്കും. 2017ല്‍ ഉണ്ടായ പകര്‍ച്ചവ്യാധികള്‍ അടുത്ത വര്‍ഷവും പടരുന്നത് തടയാനാണ് മുന്‍കൂട്ടി കര്‍മപദ്ധതി ആവിഷ്‌കരിച്ച് നടപ്പാക്കുന്നതെന്ന് ഡപ്യൂട്ടി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. എന്‍ പ്രിയ പറഞ്ഞു. 2017ല്‍ ജില്ലയില്‍ 1.14 ലക്ഷം പേര്‍ക്ക് വിവിധ തരം പനി ബാധിച്ച് ചികില്‍സ തേടി. ഇവരില്‍ 32 പേര്‍ പനി മൂലം മരിച്ചു. വൈറല്‍ പനി മൂലം 16, എലിപ്പനി മൂലം 10, മഞ്ഞപ്പിത്തം എച്ച് 1 എന്‍ 1 എന്നിവ മൂലം 2 വീതം പേരും മരിച്ചതായി ആരോഗ്യ വകുപ്പ് അറിയിച്ചു.

RELATED STORIES

Share it
Top