പകര്‍ച്ചവ്യാധികള്‍ ദുരന്തമായി മാറാതിരിക്കാന്‍മുന്‍കൈയെടുക്കണം: മന്ത്രി എ സി മൊയ്തീന്‍

തൃശൂര്‍: പകര്‍ച്ചവ്യാധികള്‍ ഒരു ദുരന്തമായി മാറാതിരിക്കാന്‍ സമൂഹം മുന്‍കൈയ്യെടുക്കണമെന്നും ശുചിത്വബോധം പൊതുബോധമായി വളര്‍ത്താന്‍ എല്ലാവരും തയ്യാറാകണമെന്നും മന്ത്രി എ സി മൊയ്തീന്‍ പറഞ്ഞു. പകര്‍ച്ചവ്യാധികളും മരണനിരക്കും ഏറിവരുന്ന പശ്ചാത്തലത്തില്‍ അവയെ നേരിടാന്‍ സര്‍ക്കാര്‍ ആസൂത്രണം ചെയ്ത ആരോഗ്യ ജാഗ്രത പകര്‍ച്ചവ്യാധികള്‍ക്കെതിരെ എന്ന കര്‍മ്മപരിപാടിയുടെ ജില്ലാതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. പകര്‍ച്ചവ്യാധികളെ നേരിടാന്‍ ഔപചാരികതയ്ക്കപ്പുറത്തേക്ക് ഉദ്യോഗസ്ഥ സമൂഹം മുന്നോട്ട് വരണമെന്നും തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍ ഏറ്റെടുക്കുന്ന പദ്ധതികളുമായി സഹകരിക്കണമെന്നും മന്ത്രി പറഞ്ഞു. ബോധവല്‍ക്കരണത്തോടൊപ്പം പ്രവര്‍ത്തന പദ്ധതികളുടെ മുന്നോട്ട് വെക്കുന്നതാണ് ആരോഗ്യജാഗ്രത പദ്ധതി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ് അധ്യക്ഷത വഹിച്ചു. ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. കെ സുഹിത വിഷയം അവതരിപ്പിച്ചു. മേയര്‍ അജിത ജയരാജന്‍, എംഎല്‍എമാരായ  മുരളി പെരുനെല്ലി, യു ആര്‍ പ്രദീപ്, ഇ ടി ടൈസണ്‍മാസ്റ്റര്‍, ജില്ലാ കലക്ടര്‍ ഡോ. എ കൗശിഗന്‍, സബ് കലക്ടര്‍ ഡോ. രേണുരാജ്, അസിസ്റ്റന്റ് കലക്ടര്‍ വിനയ് ഗോയല്‍, പൊതുജനാരോഗ്യം, അഡീഷണല്‍ ഡയറക്ടര്‍ ഡോ. കെ ജെ റീന, ആയൂര്‍വേദ ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. ഷീല ബി കാറളം, പങ്കെടുത്തു.പദ്ധതിയനുസരിച്ച് ജനുവരി 10ന് വാര്‍ഡ് തലത്തില്‍ മൈക്രോ പ്ലാനുകള്‍ തയ്യാറാക്കും. 13, 14 തീയതികളില്‍ വിളിച്ച് ചേര്‍ക്കുന്ന ആരോഗ്യജാഗ്രതാ ഗ്രാമസഭകള്‍ വിഷയം ചര്‍ച്ച ചെയ്യും. ജനുവരി 20 ന് ആരോഗ്യ സ്ഥാപന-ആശുപത്രി ശൂചീകരണദിനമായി ആചരിക്കും. ജനുവരി 21ന് ആരോഗ്യ ജാഗ്രതാ ഗൃഹസന്ദര്‍ശനം, രോഗപ്രതിരോധ അവസ്ഥാ നിര്‍ണ്ണയം എന്നിവ നടക്കും. ജനുവരി 26 മുതല്‍ ഫെബ്രുവരി 10 വരെ കുടുംബശ്രീ മിഷന്റെ ആഭിമുഖ്യത്തില്‍ കുടുംബശ്രീ അയല്‍ക്കൂട്ടങ്ങളില്‍ രോഗപ്രതിരോധ ആരോഗ്യജാഗ്രത ഇടപെടല്‍ നടത്തും. ഫെബ്രുവരി 15 മുതല്‍ 25 വരെ ആരോഗ്യ ജാഗ്രത ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിക്കും. ഫെബ്രുവരി 9 ന് മാര്‍ക്കറ്റുകള്‍, സ്ഥാപനങ്ങള്‍, പൊതുസ്ഥലങ്ങള്‍ ശൂചീകരിക്കും. ഫെബ്രുവരി 17 ന് ആരോഗ്യ ജാഗ്രതദിനത്തിന്റെ ഭാഗമായി വീടുകള്‍ സ്ഥാപനങ്ങള്‍, പൊതുഇടങ്ങള്‍, സമ്പൂര്‍ണ്ണമായി ശൂചീകരിക്കും.

RELATED STORIES

Share it
Top