പകര്‍ച്ചവ്യാധികള്‍ കുറഞ്ഞെങ്കിലും മുന്‍കരുതല്‍ തുടരണം: ഡിഎംഒ

കോഴിക്കോട്: ജില്ലയില്‍ ആരോഗ്യ ജാഗ്രത പരിപാടിയുടെ ഭാഗമായി പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തുടര്‍ച്ചയായി നടപ്പിലാക്കിയതിനാല്‍ വെള്ളപ്പൊക്കത്തിന് ശേഷം റിപ്പോര്‍ട്ട് ചെയ്ത എലിപ്പനി, ഡങ്കിപനി കേസുകള്‍ നിയന്ത്രണ വിധേയമാക്കാന്‍ കഴിഞ്ഞതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജയശ്രീ വി അറിയിച്ചു. സെപ്തംബറില്‍ ആകെ 211 സംശയാസ്പദമായ എലിപ്പനി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതില്‍ 134 എണ്ണവും ആദ്യവാരത്തിലാണ് ഉണ്ടായത്.
അതില്‍ 92 സ്ഥിരീകരിച്ച കേസുകളില്‍ 9 മരണവും സംഭവിച്ചത് ആദ്യ ആഴ്ചയിലായിരുന്നു. രണ്ടാമത്തെ ആഴ്ചയില്‍ 31 സംശയാസ്പദമായ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതില്‍ അഞ്ചു കേസുകള്‍ സ്ഥിരീകരിക്കുകയും ഒരു മരണം സംഭവിക്കുകയും ചെയ്തിരുന്നു. എന്നാല്‍ തുടര്‍ന്നുള്ള ആഴ്ചയില്‍ രണ്ട് സ്ഥിരീകരിച്ച കേസുകള്‍ മാത്രമാണ് റിപ്പോര്‍ട്ട് ചെയ്തത്. മരണം ഉണ്ടായിട്ടില്ല. എങ്കിലും എലിപ്പനിക്കെതിരെ മുന്‍കരുതലുകള്‍ തുടരണമെന്ന് ഡിഎംഒ അറിയിച്ചു.
ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ വൃത്തിഹീനമായ സ്ഥലങ്ങളില്‍ ജോലിയിലില്‍ ഏര്‍പ്പെടുന്നവര്‍, മണ്ണില്‍ പണിയെടുക്കുന്നവര്‍, ക്ലീനിങ്ങ് തൊഴിലാളികള്‍/ മലിനജലവുമായി സമ്പര്‍ക്കത്തിലേര്‍പ്പെടുന്നവര്‍, കന്നുകാലികളെ പരിപാലിക്കുന്നവര്‍ തുടങ്ങിയവര്‍ വ്യക്തി സുരക്ഷാ മാര്‍ഗ്ഗങ്ങളായ കയ്യുറ, കാലുറ തുടങ്ങിയവ ഉപയോഗിക്കണം. കൈകാലുകളില്‍ മുറിവുള്ളവര്‍ മലിനജലം തട്ടാത്ത വിധത്തില്‍ സുരക്ഷാ മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കണം. ഇത്തരം പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ പ്രതിരോധ മരുന്നായ ഡോക്‌സിസൈക്ലിന്‍ ഗുളിക ആരോഗ്യപ്രവര്‍ത്തകരില്‍ നിന്നും വാങ്ങികഴിക്കണം.
സെപ്തംബര്‍ ആദ്യവാരത്തില്‍ ജില്ലയില്‍ 24 സംശയാസ്പദമായ ഡെങ്കിപ്പനികേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതില്‍ രണ്ട് കേസുകള്‍ സ്ഥിരീകരിക്കുകയും ഒരു മരണം സംഭവിക്കുകയും ചെയ്തിരുന്നു. തുടര്‍ന്നുള്ള രണ്ട് മൂന്ന് ആഴ്ചകളില്‍ യഥാക്രമം 31 ഉം 17 ഉം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതില്‍ 11 കേസുകള്‍ സ്ഥിരീകരിക്കുകയും ഒരു മരണം സംഭവിക്കുകയും ചെയ്തിരുന്നു.
എന്നാല്‍ കഴിഞ്ഞ ആഴ്ചയില്‍ 3 സ്ഥിരീകരിച്ച ഡെങ്കിപ്പനി കേസുകള്‍ മാത്രമാണ് റിപ്പോര്‍ട്ട് ചെയ്തത്. മരണം ഉണ്ടായിട്ടില്ല. എങ്കിലും ഡെങ്കിപ്പനിയ്ക്ക് എതിരേ ജാഗ്രത തുടരണം. ഡെങ്കിപ്പനി പരത്തുന്ന ഈഡിസ് ലാര്‍വകളുടെ ഉറവിടനശീകരണപ്രവര്‍ത്തനങ്ങള്‍ തുടരേണ്ടതും കൊതുക് കടി ഏല്‍ക്കാതിരിക്കാന്‍ വ്യക്തിസുരക്ഷ മാര്‍ഗങ്ങളായ കൊതുക് വല, ലേപനം തുടങ്ങിയവ സ്വീകരിക്കേണ്ടതുമാണ്.
എലിപ്പനി, ഡെങ്കിപ്പനി നിയന്ത്രണ വിധേയമാണെങ്കിലും ജില്ലയില്‍ എച്ച്.1, എന്‍ 1 പനി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഈ മാസം 26 എച്ച് 1 എന്‍ 1 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതില്‍ ഒരു മരണവും സംഭവിച്ചിട്ടുണ്ട്. വായുവിലൂടെ പകരുന്ന രോഗമാണ് എച്ച്.1, എന്‍.1 പനി. തൊണ്ടവേദന, ജലദോഷം , ചുമ, പനി തുടങ്ങിയവയാണ് പ്രധാനലക്ഷണങ്ങള്‍. തുമ്മുകയും ചുമയ്ക്കുകയും ചെയ്യുമ്പോള്‍ രോഗാണു ഒരാളില്‍ നിന്ന് മറ്റൊരാളിലേയ്ക്ക് വ്യാപിക്കും. ഗര്‍ഭിണികള്‍, കുട്ടികള്‍, പ്രായാധിക്യമുള്ളവര്‍, നിത്യരോഗികള്‍ എന്നിവര്‍ക്ക് രോഗം പിടിപ്പെട്ടാല്‍ സങ്കീര്‍ണ്ണമാകും.
തുമ്മുകയും, ചുമയ്ക്കുമ്പോഴും തൂവാല ഉപയോഗിക്കുക, സോപ്പുപയോഗിച്ച് കയ്യും മുഖവും ഇടക്കിടയ്ക്ക് കഴുകുക, രോഗ ലക്ഷണങ്ങള്‍ ഉണ്ടായാല്‍ സ്വയം ചികില്‍സയ്ക്ക് വിധേയമാകാതെ ചികില്‍സ തേടുക, രോഗനിര്‍ണയത്തിന് കോഴിക്കോട് ജനറലാശുപത്രിയില്‍ (ബീച്ച് ആശുപത്രിയില്‍) സംവിധാനം നിലവിലുണ്ട്. ചികില്‍സ എല്ലാ ആരോഗ്യകേന്ദ്രങ്ങളിലും ലഭ്യമാണ്, അഞ്ച് വയസ്സുവരെ പ്രായമുള്ള കുട്ടികള്‍ക്ക് എല്ലാ രോഗപ്രതിരോധ കുത്തിവെപ്പും നല്‍കേണ്ടതാണ്.
ജില്ലയില്‍ ഇതുവരെ 89 ശതമാനം കുട്ടികള്‍ക്ക് മാത്രമാണ് എല്ലാ രോഗ പ്രതിരോധ കുത്തിവെപ്പും നല്‍കിയത്. 100 ശതമാനം കുട്ടികള്‍ക്കും രോഗപ്രതിരോധ കുത്തിവെപ്പ് നല്‍കേണ്ടതാണ്. ഇതിന്റെ ഫലമായി വാക്‌സിന്‍ കൊണ്ട് തടയാവുന്ന രോഗങ്ങളെ പ്രതിരോധിക്കാന്‍ കഴിയും. ആയതിനാല്‍ തീരെ കുത്തിവെപ്പ് എടുക്കാത്ത കുട്ടികള്‍ക്കും, ഇടയ്ക്ക് വെച്ച് കുത്തിവെപ്പ് മുടങ്ങിയ കുട്ടികള്‍ക്കും, രോഗപ്രതിരോധ കുത്തിവെപ്പ് നല്‍കാന്‍ രക്ഷിതാക്കള്‍ ശ്രദ്ധിക്കേണ്ടതാണ്. എല്ലാ ആരോഗ്യകേന്ദ്രങ്ങളിലും കുത്തിവെപ്പ് സൗജന്യമായി ലഭ്യമാണ്.

RELATED STORIES

Share it
Top