പകര്‍ച്ചവ്യാധികള്‍ക്കെതിരേ ജാഗ്രത പാലിക്കണം: ഡിഎംഒ

മലപ്പുറം: കനത്ത മഴയെ തുടര്‍ന്ന് ജലനിരപ്പ് ഉയര്‍ന്നതിനാല്‍ ശൗചാലയ ടാങ്കും കുടിവെള്ള സ്രോതസ്സുകളും ഒരേ നിരപ്പില്‍ വരികയും അതുവഴി കുടിവെള്ളം മലിനീകരിക്കപ്പെടാന്‍ സാധ്യതയുണ്ടെന്നും പകര്‍ച്ചവ്യാധികള്‍ പടരാതിരിക്കാന്‍ ആവശ്യമായ മുന്‍കരുതലുകള്‍ കൈക്കൊള്ളണമെന്നും ജില്ലാ മെഡിക്കല്‍ ഓഫിസര്‍ കെ സക്കീന അറിയിച്ചു. ജലസ്രോതസ്സുകള്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ ബ്ലീച്ചിങ് പൗഡര്‍ ഉപയോഗിച്ച് അണുനശീകരണം നടത്തിയെന്ന് ഉറപ്പാക്കണമെന്നും തിളപ്പിച്ചാറിയ വെള്ളം മാത്രമേ  കുടിയ്ക്കാന്‍ ഉപയോഗിക്കാവൂ എന്നും ഡിഎംഒ അറിയിച്ചു. മഴ കുറഞ്ഞ സാഹചര്യത്തില്‍ ഉറവിടങ്ങളില്‍ കൊതുകുകളും കൂത്താടികളും ഉണ്ടാവും. ഇത് ഡെങ്കിപ്പനി, മലമ്പനി എന്നീ രോഗങ്ങള്‍ക്ക് കാരണമാവാം. അതേസമയം, ജില്ലയില്‍ ഇന്നലെ വിവിധ ആശുപത്രികളിലായി ചികില്‍സ തേടിയത് 16,796 പേരാണ്. ഇതില്‍ 1,221 പേര്‍ പനിബാധിതരാണ്. 10 പേര്‍ക്ക് ചിക്കന്‍പോക്‌സും 28 പേര്‍ക്ക് ഡെങ്കിയും 19 പേര്‍ക്ക് ഹെപറ്റൈറ്റിസ് എയും ബാധിച്ചു. 10 പേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചിട്ടുണ്ട്. സംശയകരമായ രണ്ട് ഡെങ്കിപ്പനിമരണം സംഭവിച്ചു. കീഴുപറമ്പ്, അങ്ങാടിപ്പുറം പഞ്ചായത്തുകളിലാണ് മരണം റിപോര്‍ട്ട് ചെയ്തത്. ഇവിടങ്ങളില്‍ ഫോഗിങ് ഉള്‍പ്പെടെയുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടന്നു വരുന്നതായി ആരോഗ്യ വകുപ്പ് അറിയിച്ചു.

RELATED STORIES

Share it
Top