പകര്‍ച്ചപ്പനി വ്യാപകം

താമരശ്ശേരി: കാലാവസ്ഥാ മാറ്റത്തോടെ പകര്‍ച്ചപ്പനി വ്യാപകം. താമരശ്ശേരി താലൂക്കാശുപത്രിയില്‍ മാത്രം എത്തിയത് ആയിരത്തോളം രോഗികള്‍. മലയോര മേഖലയില്‍ ഉരുള്‍പൊട്ടലും വെള്ളപ്പൊക്കവും കഴിഞ്ഞതോടെ പകര്‍ച്ചപ്പനിയും മഞ്ഞപ്പിത്തവും പടര്‍ന്നുപിടിക്കുന്നത് ആരോഗ്യ വകുപ്പധികൃതരെ ആശങ്കയിലാഴ്ത്തുന്നു.
ഡങ്കിപ്പനിയുടെ ലക്ഷണങ്ങള്‍ കണ്ടവരെ വിശദ പരിശോധനക്കായി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് അയക്കുകയാണ് ചെയ്യുന്നത്. പുതുപ്പാടിയില്‍ ഡങ്കിപ്പനി പ്രതിരോധം ശക്തമായി തന്നെ ഇക്കുറി നടപ്പാക്കിവരുന്നു. കണ്ണപ്പന്‍ കുണ്ട്, മട്ടിക്കുന്ന് ഉരുള്‍ പൊട്ടലിന്റെ പശ്ചാത്തലത്തിലും പുഴകള്‍ കരകവിഞ്ഞൊഴുകി കിണറുകളും മറ്റ് കുടിവെള്ള സ്രോതസ്സുകളും മലിനമായിരുന്നു.
ഇതിനെ തുടര്‍ന്ന് കിണറുകള്‍ വറ്റിച്ചു ക്ലോറിനേഷന്‍ നടത്തിയെങ്കിലും പല സ്ഥലത്തും പനിയും മഞ്ഞപ്പിത്തവും വര്‍ധിച്ചതാണാ ആരോഗ്യ വകുപ്പധികൃതരെ കുഴക്കുന്നത്. മഞ്ഞപ്പിത്ത ബാധയുടെ ശരിയായ കണക്ക് അധികൃതര്‍ക്ക് ലഭിക്കാത്തതും പ്രതിരോധ പ്രവര്‍ത്തനത്തിനു തടസ്സമാവുന്നു. മഞ്ഞപ്പിത്തം ബാധിതരും സംശയമുള്ളവരും രക്തം പരിശോധിച്ചു ഉറപ്പുവരുത്തുന്നതോടെ ഒറ്റമൂലി ചികില്‍സയിലേക്ക് തിരിയുകയാണ് ചെയ്യുന്നത്. ഇതുമൂലം രോഗികളുടെ ശരിയായ കണക്ക് വ്യക്തമല്ല. ഒരുവീട്ടില്‍ തന്നെ മുഴുവന്‍ പേര്‍ക്കും അസുഖം ബാധിച്ചവരും ഉണ്ണികുളം,താമരശ്ശേരി കട്ടിപ്പാറ, പുതുപ്പാടി പഞ്ചായത്തുകളില്‍ നിരവധിയാണ്.
ഇതിനു പുറമെശക്തമായ ചുമയോടൊപ്പം പനി കൂടി വ്യാപിക്കുന്നു. താലൂക്കാശുപത്രിക്ക് പുറമെ സ്വകാര്യ ക്ലിനിക്കുകളിലും ആശുപത്രിയിലും ധാരാളം പേര്‍ ചികില്‍സതേടുന്നു. സ്‌കൂളുകളില്‍ ഹാജര്‍ നില വളരെ കുറഞ്ഞു. കഠിനമായ ചൂടും ഇടകലര്‍ന്ന ചെറിയ മഴയും പുലര്‍കാല മഞ്ഞും കൂടിക്കുഴഞ്ഞ കാലാവസ്ഥ രോഗികളുടെ എണ്ണം ഗണ്യമായി വര്‍ധിക്കാന്‍ കാരണമായതായി ജനറല്‍ മെഡിസിന്‍ ഡോക്ടര്‍ എ പി ഖലീല്‍ പറഞ്ഞു.

RELATED STORIES

Share it
Top