പകര്‍ച്ചപ്പനി വ്യാപകം : പേരാമ്പ്രയിലെ ആശുപത്രികളില്‍ ആവശ്യത്തിന് ഡോക്ടര്‍മാരില്ലപേരാമ്പ്ര: കിഴക്കന്‍ മലയോര ഗ്രാമങ്ങളില്‍ പലയിടത്തും പനി വ്യാപകമാവുന്നു. പല ആശുപത്രികളിലും ആവശ്യത്തിന് ഡോക്ടര്‍മാരും അനുബന്ധ ജീവനക്കാരുമില്ലാത്തത് പ്രയാസമാവുകയാണ്. കൂരാച്ചുണ്ട് പഞ്ചായത്തിലെ വട്ടച്ചിറ, മണ്ണുപൊയില്‍, ചാലിടം, താനിയാംകുന്ന്, മേഖലകളില്‍ പകര്‍ച്ച പനിയോടൊപ്പം ഡെങ്കിയും വ്യാപിക്കുന്നുണ്ട്. കൂരാച്ചുണ്ട് സിച്ച്‌സിയില്‍ ആവശ്യത്തിന് ഡോക്ടര്‍മാരില്ലാത്തത് രോഗികള്‍ക്കും ആശുപത്രി ജീവനക്കാര്‍ക്കും ഒരുപോലെ ദുരിതമായിട്ടുണ്ട്. കഴിഞ്ഞ ദിവസം ഒരു ഡോക്ടര്‍ മാത്രമാണ് ഇവിടെ ഡ്യൂട്ടിയിലുണ്ടായിരുന്നതെന്ന് പ്രദേശവാസികള്‍ പരാതിപ്പെട്ടു. പനി ബാധിച്ചെത്തുന്നവര്‍ മണിക്കൂറുകള്‍ കാത്തിരിക്കേണ്ട അവസ്ഥയാണ്. ഒരാള്‍ ലീവിലും മറ്റൊരാള്‍ കുത്തിവയ്പിലുമായതിനാല്‍ ഡ്യൂട്ടിയിലുള്ള ഡോക്ടറും വളരെ ബുദ്ധിമുട്ടുകയാണ്. ഡെങ്കിപനി സംശയിക്കുന്ന പാവപ്പെട്ട രോഗികളില്‍ നിന്ന് ചാര്‍ജ് ഈടാക്കുന്നതും പ്രയാസമായിട്ടുണ്ട്. മേഖലയിലെ 27ാം മൈല്‍, 28ാം മൈല്‍, കല്ലാനോട് പ്രദേശങ്ങളിലും ഡെങ്കിപനി വ്യാപകമാണ്. കൂരാച്ചുണ്ട് -കക്കയം സിഎച്ച്‌സികളുടെ കീഴിലുള്ള മേഖലയാണിത്. ഇവിടെ മാലിന്യ പ്രശ്‌നം രൂക്ഷമായതായും പരാതിയുണ്ട്. കൂത്താളി ഗ്രാമപ്പഞ്ചായത്തിലെ കേളന്‍ മുക്ക്, കുഞ്ഞോത്ത് പ്രദേശങ്ങളിലും പകര്‍ച്ച പനി പടര്‍ന്നു പിടിക്കുകയാണ്. കിഴക്കന്‍ പേരാമ്പ്രയില്‍ പ്രവര്‍ത്തിക്കുന്ന കൂത്താളി പിഎച്ച്‌സിയില്‍ എല്ലാ ദിവസങ്ങളിലും ഡോക്‌റടരുടെ സേവനം ലഭ്യമാക്കണമെന്ന് ആവശ്യമുയര്‍ന്നു. പനി ക്ലിനിക്കുകളില്‍ അവശ്യ മരുന്നുകളുടെ ലഭ്യത ഉറപ്പു വരുത്തണമെന്നും ആവശ്യത്തിന് ഡോക്ടര്‍മാരെയും അനുബന്ധ ജീവനക്കാരെയും ഉടന്‍ നിയമിക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.

RELATED STORIES

Share it
Top