പകര്‍ച്ചപ്പനി പ്രതിരോധിക്കാന്‍ പദ്ധതികളുമായി ഐഎംഎയുംകോഴിക്കോട്: പനി പടരുന്ന സാഹചര്യത്തില്‍ പകര്‍ച്ച വ്യാധികള്‍ തടയാനും പനി മരണം ഇല്ലാതാക്കാനും സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ ജോലി ഭാരം കുറയ്ക്കാനും പരിഹാര പദ്ധതികളുമായി ഐഎംഎയും രംഗത്ത്. ജില്ലയിലുള്ള എല്ലാ പ്രൈവറ്റ് ആശുപത്രികളിലും പ്രൈവറ്റ് മെഡിക്കല്‍ കോളജുകളിലും ദിവസേന രണ്ട്മണിക്കൂര്‍ സൗജന്യ പനി ക്ലിനിക്കുകള്‍ നടത്തുമെന്ന് ഐഎംഎ സംസ്ഥാന പ്രസിഡന്റ് ഡോ. വി ജി പ്രദീപ് കുമാര്‍ അറിയിച്ചു. കമ്യൂണിറ്റി മെഡിസിന്‍ പോസ്റ്റിങ് ഉള്ള ഹൗസ് സര്‍ജന്മാരുടെ സേവനം ഡിഎംഒ ആവശ്യപ്പെടുന്ന ഹെല്‍ത്ത് സെന്ററുകളിലും സര്‍ക്കാര്‍ ആശുപത്രികളിലും ലഭ്യമാക്കും. ജില്ലയിലെ ഒമ്പത് ഐഎംഎ ബ്രാഞ്ചുകളുടെ സാമീപ്യമുള്ള തിരക്കുള്ള ഹെല്‍ത്ത് സെന്ററുകളിലും സര്‍ക്കാര്‍ ആശുപത്രികളിലും ഐഎംഎ ഡോക്ടര്‍മാര്‍ രണ്ട് മണിക്കൂര്‍ സൗജന്യ സേവനം നല്‍കും. ഒമ്പതു ബ്രാഞ്ചുകളും അതാതു പരിസരത്തുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ഓഫിസുകള്‍, മാളുകള്‍ എന്നിവിടങ്ങളില്‍ പനിയും മഴക്കാല രോഗങ്ങളെയും കുറിച്ചുള്ള ബോധവല്‍ക്കരണ പരിപാടികളും ലഘുലേഖകള്‍ വിതരണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. ഡെങ്കിപ്പനി പടര്‍ത്തുന്നത് കൊതുകാണെന്നും വൈറസ് മൂലമുണ്ടാവുന്ന രോഗമാണെന്നുമുള്ള സത്യങ്ങള്‍ മറച്ചുവച്ച് ജനങ്ങളുടെ ശ്രദ്ധതിരിച്ച് തെറ്റിദ്ധരിപ്പിക്കുകയും വ്യാജ പ്രതിരോധ മരുന്നുകളുമായി കലക്കവെള്ളത്തില്‍ മീന്‍പിടിക്കല്‍ പരിപാടികളുമായി രംഗത്തെത്തുന്ന അശാസ്ത്രീയ ചികില്‍സകര്‍ക്കെതിരായി നിയമനടപടികള്‍ കൈകൊള്ളും. ആരോഗ്യവകുപ്പും ആരോഗ്യമന്ത്രിയും പൊതുജന പ്രസ്ഥാനങ്ങളും ശാസ്ത്രീയമായ പരീക്ഷണങ്ങളില്‍ തെളിയിക്കപ്പെടാത്ത, ശാസ്ത്രീയ നാമങ്ങളില്ലാത്ത വ്യാജമരുന്നുകള്‍ കഴിക്കുകയോ കൊതുകു നിവാരണം ഒഴിവാക്കുകയോ ചെയ്താല്‍ ഡെങ്കിപ്പനി കൂടുതല്‍ പരക്കാനും മരണ നിരക്കുകള്‍ കൂടാനുമാണ് സാധ്യത. ആയതിനാല്‍ വ്യാജപരസ്യങ്ങളില്‍ വഞ്ചിതരാവരുതെന്ന് ഐഎംഎ ജില്ലാ ഘടകം അറിയിച്ചു. വാര്‍ത്താസമ്മേളനത്തില്‍ ഡോ. അജിത് ഭാസ്‌കര്‍ പങ്കെടുത്തു.

RELATED STORIES

Share it
Top