പകര്‍ച്ചപ്പനി പടരുന്നു; പ്രതിരോധ നടപടികള്‍ താളം തെറ്റുന്നു

കാസര്‍കോട്: നാടാകെ പകര്‍ച്ചപ്പനി പടരുമ്പോഴും പ്രതിരോധ നടപടികള്‍ താളം തെറ്റുന്നു. കാസര്‍കോട് നഗരത്തിലും പരിസര പഞ്ചായത്തുകളിലും പകര്‍ച്ചപ്പനിക്കൊപ്പം ഡെങ്കിപ്പനിയും വ്യാപകമാകുന്നു. കഴിഞ്ഞ ജൂണ്‍ ഒന്ന് മുതല്‍ 29 വരെ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ മാത്രം 3504 പേരാണ് പകര്‍ച്ചപ്പനി ബാധിച്ച് ചികില്‍സയ്‌ക്കെത്തിയത്. ഇതില്‍ 195 പേര്‍ക്ക് ഡെങ്കിപ്പനിയാണെന്ന് സ്ഥിരീകരിച്ചു. നഗരസഭയില്‍ ഡെങ്കിപ്പനി കാര്യമായി റിപോര്‍ട്ട് ചെയ്തിട്ടില്ല.
നാല് പേരാണ് ഡെങ്കിപ്പനി ബാധിച്ച് ജനറല്‍ ആശുപത്രിയില്‍ ചികില്‍സയ്ക്ക് എത്തിയത്. മധൂര്‍, മൊഗ്രാല്‍പുത്തൂര്‍, ബദിയടുക്ക, ചെങ്കള, ബേഡകം എന്നീ പഞ്ചായത്തുകളിലാണ് ഡെങ്കിപ്പനി കുടുതലും റിപോര്‍ട്ട് ചെയ്തിട്ടുള്ളത്. ഇതില്‍ ഏറ്റവും കൂടുതല്‍ ബദിയടുക്ക, ചെങ്കള പഞ്ചായത്തുകളിലാണ്. മുളിയാര്‍ പഞ്ചായത്തിലെ പൊവ്വല്‍ മദനി നഗര്‍, ചെങ്കള പഞ്ചായത്തിലെ നെല്ലിക്കട്ട, മലയോര പഞ്ചായത്തുകളായ പനത്തടി, കള്ളാര്‍, ബേഡകം, കുറ്റിക്കോല്‍, ദേലമ്പാടി, കോടോം-ബേളൂര്‍, ഈസ്റ്റ് എളേരി എന്നിവിടങ്ങളിലും ഡെങ്കിപ്പനി പടരുന്നുണ്ട്.
കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലും നിരവധി പേര്‍ പകര്‍ച്ചപ്പനിയും ഡെങ്കിപ്പനിയും ബാധിച്ച് ചികില്‍സയിലുണ്ട്. നീലേശ്വരം, മഞ്ചേശ്വരം, ബദിയടുക്ക താലൂക്ക് ആശുപത്രികളിലും ഡെങ്കിപ്പനി ബാധിച്ച് നിരവധി പേര്‍ ചികില്‍സക്കെത്തിയിട്ടുണ്ട്. ഇതിന് പുറമേ കാസര്‍കോട്, കാഞ്ഞങ്ങാട്, നീലേശ്വരം ടൗണുകളിലെ സ്വകാര്യ ആശുപത്രികളിലും നിരവധി പേര്‍ ചികില്‍സയിലാണ്. മംഗളൂരുവിലെ വിവിധ ആശുപത്രികളിലും ജില്ലയിലെ നിരവധി രോഗബാധിതര്‍ ചികില്‍സയിലാണ്. കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ ദിവസേന നിരവധി പേരാണ് പകര്‍ച്ചപ്പനി ബാധിച്ച് ചികില്‍സയ്ക്ക് എത്തുന്നത്.
സര്‍ക്കാര്‍ ആശുപത്രികളില്‍ പനി ബാധിച്ച് എത്തുന്നവരുടെ എണ്ണം വര്‍ധിച്ചതോടെ പല ആശുപത്രികളിലും ബെഡുകള്‍ ഒഴിവില്ലാത്തതിനാല്‍ രോഗികളെ തിരിച്ചയക്കുകയാണ് പതിവ്. ഡെങ്കിപ്പനിക്ക് പുറമേ കഴിഞ്ഞ മാസം ജനറല്‍ ആശുപത്രിയില്‍ പനി ബാധിച്ച് ചികില്‍സയ്ക്ക് എത്തിയ ഒരാള്‍ക്ക് എലിപ്പനിയാണെന്ന് സ്ഥിരീകരിച്ചിരുന്നു.
എന്നാല്‍ അതിന് ശേഷം എലിപ്പനിയൊന്നും റിപോര്‍ട്ട് ചെയ്തിട്ടില്ല. മഴക്കാലത്തിന് മുമ്പ് പഞ്ചായത്തുകളിലും നഗരസഭകളിലും നടത്തേണ്ട ശുചീകരണ പ്രവൃത്തികള്‍ നടക്കാത്തതാണ് പകര്‍ച്ചപ്പനി വ്യാപകമാവാന്‍ കാരണം. ആരോഗ്യ വകുപ്പ് ബോധവല്‍ക്കരണ ക്ലാസുകള്‍ നടത്തി കൈയൊഴിക്കുകയാണ്. മാലിന്യങ്ങള്‍ സംസ്‌കരിക്കാന്‍ സംവിധാനമില്ലാത്തതും രോഗവ്യാപനത്തിന് കാരണമാകുന്നുണ്ട്.
പൊതുകിണറുകളില്‍ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ നേരത്തെ കൊതുകു കൂത്താടികളെ നശിപ്പിക്കുന്ന ഗപ്പി മല്‍സ്യങ്ങളെ നിക്ഷേപിക്കാറുണ്ടായിരുന്നു. എന്നാല്‍ ഇപ്രാവശ്യം കാസര്‍കോട് നഗരസഭയിലടക്കം ഗപ്പി മല്‍സ്യങ്ങള്‍ നിക്ഷേപിച്ചിട്ടില്ല. മഴ ശക്തമായതോടെ നഗരങ്ങളിലെ ഓടകളില്‍ വെള്ളം കെട്ടി നിന്ന് കൊതുക് കൂത്താടികള്‍ പെറ്റ് പെരുകുന്നത് മാരകായ രോഗങ്ങള്‍ക്ക് കാരണമാവുന്നുണ്ട്.

RELATED STORIES

Share it
Top