പകരക്കാരനില്ലാത്ത അമരക്കാരന്‍

കാസര്‍കോട്്: കാസര്‍കോടിന്റെ മുസ്്‌ലിംലീഗിന്റെ വളര്‍ച്ചയുടെ ചരിത്രം ചെര്‍ക്കളത്തിന്റെ ചരിത്രംകൂടിയാണ്. അടിസ്ഥാന വര്‍ഗത്തില്‍ നിന്നും വളര്‍ന്നുവന്ന് ലീഗിന്റെ സംസ്ഥാന നേതൃനിരയിലെത്തിയ ചെര്‍ക്കളം വടക്കന്‍ കേരളത്തില്‍ വിശിഷ്യ കാസര്‍കോട് ജില്ലയില്‍ ലീഗിനെ വളര്‍ത്തിയെടുക്കുക എന്ന ശ്രമകരമായ ദൗത്യമാണ് ഏറ്റെടുത്തത്.
കോണ്‍ഗ്രസിനും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കും ശക്തമായ സ്വാധീനമുണ്ടായിരുന്ന ജില്ലയില്‍ മുസ്്‌ലിം ലീഗിനെ ജില്ലയിലെ ഒന്നാമത്തെ രാഷ്ട്രീയ ശക്തമായി വളര്‍ത്തിയെടുക്കാന്‍ ചെര്‍ക്കളത്തിന് സാധിച്ചു. രണ്ടു നിയമസഭാ സമാജികര്‍ മുസ്്‌ലിംലീഗിനുണ്ട്. കൂടാതെ ജില്ലാ പഞ്ചായത്തിന്റെയും രണ്ട് ബ്ലോക്ക് പഞ്ചായത്തുകളുടേയും ഒരു നഗരസഭയുടേയും 13 ഗ്രാമപഞ്ചായത്തുകളുടേയും ഭരണസാരിഥ്യം മുസ്്‌ലിംലീഗിനാണ്. ബാസില്‍ ഇവാഞ്ചിക്കല്‍ മിഷന്‍ സ്‌കൂളില്‍ നിന്നും കന്നഡ മീഡിയത്തില്‍ പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ചെര്‍ക്കളം സോഷ്യലിസ്റ്റ് സ്റ്റുഡന്‍സ് ഫെഡറേഷനിലൂടെയാണ് രാഷ്ട്രീയ രംഗത്തെത്തുന്നത്. വടക്കന്‍ ജില്ലകളില്‍ മുസ്്‌ലിം ലീഗിനെ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ഇബ്രാഹിം സുലൈമാന്‍ സേട്ട്, ബനാത്ത്‌വാല, ബാഫഖി തങ്ങള്‍ തുടങ്ങിയവര്‍ യുവജനങ്ങളെ പാര്‍ട്ടിയില്‍ ആകര്‍ഷിക്കുന്നതിന്റെ ചുമതല നല്‍കിയത് ചെര്‍ക്കളത്തിനായിരുന്നു.
ജില്ലയിലെ ഓരോ മുക്കിലും മൂലയിലും കൂട്ടായ്മകള്‍ സംഘടിപ്പിച്ച മുസ്്‌ലംലീഗിലെക്ക് യുവജനങ്ങളുടെ ശക്തമായ ഒഴുക്കുണ്ടാക്കാന്‍ ചെര്‍ക്കളത്തിന് സാധിച്ചിരുന്നു. ഒരിക്കല്‍ കാസര്‍കോട് ജില്ലയിലെ ഒരു പൊതുപരിപാടിക്കിടയില്‍ മുന്‍ പ്രതിരോധമന്ത്രി എ കെ ആന്റണി ചെര്‍ക്കളത്തെ കുറിച്ച് തമാശയായി പറഞ്ഞ ഒരു കാര്യമുണ്ട്. ജില്ലയില്‍ കലക്്ടറില്ലെന്ന് ചെര്‍ക്കളം സൂചിപ്പിച്ചപ്പോള്‍ ചെര്‍ക്കളം ഉണ്ടാകുമ്പോള്‍ ജില്ലയ്ക്ക് ഒരു കലക്്ടര്‍ എന്തിനെന്ന് പറഞ്ഞിരുന്നു.
1994ല്‍ മുസ്്‌ലിം പിളര്‍ന്ന് ഇന്ത്യന്‍ നാഷണല്‍ ലീഗ് രൂപീകരിച്ചപ്പോള്‍ ജില്ലയില്‍ കാര്യമായ വേരോട്ടമുണ്ടാക്കാന്‍ ഐഎന്‍എല്ലിന് സാധിക്കാതിരുന്നത് ചെര്‍ക്കളം നേതൃരംഗത്ത് ഉണ്ടായപ്പോഴാണ്. ഐഎന്‍എല്‍-ലീഗ് പ്രവര്‍ത്തകര്‍ തമ്മില്‍ ഉണ്ടായിരുന്ന സംഘര്‍ഷത്തില്‍ കാസര്‍കോട് മല്ലികാര്‍ജുന ക്ഷേത്രത്തിന് സമീപം ലാത്തിചാര്‍ജ് ഉണ്ടായപ്പോള്‍ ചെര്‍ക്കളം ലീഗ് പ്രവര്‍ത്തകരോടൊപ്പം മുന്നില്‍ നില്‍ക്കുകയും പൊലീസിന്റെ ലാത്തിയടി ഏറ്റുവാങ്ങുകയായിരുന്നു.

RELATED STORIES

Share it
Top