ന്യൂസ് റൂമില്‍ കുഞ്ഞുമായെത്തി അവതാരകയുടെ പ്രതിഷേധംഇസ്‌ലാമാബാദ്: പാകിസ്താനില്‍ എട്ടു വയസ്സുകാരിയായ ബാലികയെ ബലാല്‍സംഗം ചെയ്തു കൊലപ്പെടുത്തിയതിനെതിരേ ന്യൂസ് റൂമില്‍ കുഞ്ഞുമായെത്തി അവതാരകയുടെ പ്രതിഷേധം. സമാ ടിവിയിലെ അവതാരകയായ കിരണ്‍ നാസ് ആണു മകളെ മടിയിലിരുത്തി വാര്‍ത്ത വായിച്ച് പ്രതിഷേധിച്ചത്. ഒരു പെണ്‍കുഞ്ഞിന്റെ മാതാവിന്റെ എല്ലാ ആകുലതകളും വ്യക്തമാക്കുന്നതായിരുന്നു 1.50 മിനിറ്റ് നീണ്ട അവരുടെ പ്രതിഷേധം.
'ഇന്ന് ഞാന്‍ നിങ്ങളുടെ അവതാരക കിരണ്‍ നാസ് അല്ല. ഞാന്‍ ഒരമ്മയാണ്. അതു കൊണ്ട് എന്റെ മകളോടൊപ്പമാണ് ഞാന്‍ ഇവിടെ ഇരിക്കുന്നത്'’ എന്നു പറഞ്ഞായിരുന്നു അവര്‍ വാര്‍ത്ത വായന ആരംഭിച്ചത്. കസൂര്‍ ജില്ലയിലെ തെരുവില്‍ ഒരു ചെറിയ മൃതദേഹം കിടക്കുന്നുണ്ട്. അതിന്റെ ഭാരത്തില്‍ പാകിസ്താന്‍ ആകെ ഇളകിമറിയുകയാണ്. മനുഷ്യത്വം കുഴിച്ചുമൂടപ്പെട്ട ദിനമായി ഇത്  അടയാളപ്പെടുത്തണമെന്നും അവര്‍ പറഞ്ഞു.
കഴിഞ്ഞ ദിവസമാണു പാകിസ്താനില്‍ സൈനബ് അന്‍സാരി എന്ന എട്ടു വയസ്സുകാരി ബലാല്‍സംഗത്തിനിരയായി കൊലപ്പെട്ടത്.  ഒരാഴ്ച മുമ്പ് അക്രമികള്‍ തട്ടിക്കൊണ്ടു പോയ ബാലികയുടെ മൃതദേഹം പിന്നീട് തെരുവില്‍ നിന്നു കണ്ടെത്തി. സംഭവത്തില്‍ പോലിസിന്റെ നിഷ്‌ക്രിയത്വത്തെയും പ്രതികള്‍ക്കു രാഷ്ട്രീയപ്പാര്‍ട്ടികള്‍ ഒത്താശ ചെയ്യുന്നതിനെയും രൂക്ഷമായി വിമര്‍ശിച്ച കിരണ്‍ നാസ് സൈനബിനും കുടുംബത്തിനും നീതി ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ടു.
സംഭവത്തെ തുടര്‍ന്നു പാകിസ്താനില്‍ പ്രതിഷേധം വ്യാപകമായിരിക്കുകയാണ്.
https://youtu.be/4hH0MuD-rwY

RELATED STORIES

Share it
Top