ന്യൂസിലന്‍ഡ് പൊരുതിവീണു; അവസാന ഓവറില്‍ വിജയം പിടിച്ച് ഇംഗ്ലണ്ട്വെല്ലിങ്ടണ്‍: ഇംഗ്ലണ്ടിനെതിരായ മൂന്നാം ഏകദിനത്തില്‍ ആതിഥേയരായ ന്യൂസിലന്‍ഡ് പൊരുതിവീണു. നാല് റണ്‍സിനാണ് ഇംഗ്ലീഷ്പ്പടയ്ക്ക് മുന്നില്‍ കിവീസ് തോല്‍വിസമ്മതിച്ചത്. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 50 ഓവറില്‍ 234 റണ്‍സിന് ഓള്‍ഔട്ടായപ്പോള്‍ മറുപടിക്കിറങ്ങിയ ന്യൂസിലന്‍ഡിന് 50 ഓവറില്‍ എട്ട് വിക്കറ്റിന് 230 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. ന്യൂസിലന്‍ഡ് നായകന്‍ കെയ്ന്‍ വില്യംസണ്‍ (112*) സെഞ്ച്വറി നേടി പുറത്താവാതെ നിന്നെങ്കിലും ടീമിനെ വിജയത്തിലെത്തിക്കാനായില്ല.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ്‌ചെയ്യാനിറങ്ങിയ ഇംഗ്ലണ്ട് ബാറ്റിങ് നിരയെ പിടിച്ചുകെട്ടുന്ന ബൗളിങ് പ്രകടനമാണ് കിവീസ് നിര പുറത്തെടുത്തത്. എട്ടാം ഓവറിന്റെ അവസാന പന്തില്‍ 15 റണ്‍സെടുത്ത ജേസണ്‍ റോയ് പുറത്തായപ്പോള്‍ ടീം സ്‌കോര്‍ ബോര്‍ഡില്‍ 25 റണ്‍സ് മാത്രം.19 റണ്‍സെടുത്ത് ജോണി ബെയര്‍സ്‌റ്റോവും 20 റണ്‍സെടുത്ത് ജോ റൂട്ടും പുറത്തായി. പിന്നീട് ക്രീസിലെത്തിയ ഇയാന്‍ മോര്‍ഗനാണ് ടീം സ്‌കോറിനെ മുന്നോട്ടു നയിച്ചത്. രണ്ടാം ഏകദിനത്തിലെ വിജയക്കൂട്ടുകെട്ടായ മോര്‍ഗനും ബെന്‍ സ്‌റ്റോക്‌സും (39) ചേര്‍ന്ന് ഇംഗ്ലണ്ടിന് വീണ്ടും പ്രതീക്ഷ നല്‍കിയെങ്കിലും അര്‍ധ സെഞ്ച്വറിക്ക് രണ്ട് റണ്‍സകലെ മോര്‍ഗനെ സൗത്തി പുറത്താക്കി കൂട്ടുകെട്ട് പൊളിച്ചു. പിന്നീട് അഞ്ചാമനായി സ്‌റ്റോക്‌സ് പുറത്താവുമ്പോള്‍ 40.3 ഓവറില്‍ 168 റണ്‍സായിരുന്നു ഇംഗ്ലണ്ടിന്റെ സമ്പാദ്യം. 23 പന്തില്‍ 29 റണ്‍സെടുത്ത ജോസ് ബട്‌ലര്‍ ഇന്നിങ്്‌സിന് വേഗം കൂട്ടാന്‍ ശ്രമിച്ചെങ്കിലും ഇഷ് സോധിക്ക് വിക്കറ്റ് സമ്മാനിച്ചു. കൃത്യമായ ഇടവേളകളില്‍ വിക്കറ്റു വീഴ്ത്തി ന്യസിലന്‍ഡ് ബൗളര്‍മാര്‍ ഇംഗ്ലണ്ടിനെ 234 എന്ന ചെറിയ സ്‌കോറില്‍ തളച്ചിടുകയായിരുന്നു.  കിവീസിന് വേണ്ടി ഇഷ് സോധി മൂന്നും ട്രെന്റ് ബോള്‍ട്ട് രണ്ടും വിക്കറ്റുകള്‍ നേടി.
മറുപടി ബാറ്റിങിനിറങ്ങിയ ന്യൂസിലന്‍ഡിന് ഓപണര്‍ മാര്‍ട്ടിന്‍ ഗുപ്റ്റിലിനെ (3) തുടക്കത്തിലേ നഷ്ടമായി. പിന്നീട് ക്രീസിലെത്തിയ കോളിന്‍ മണ്‍റോയും (49) കെയ്ന്‍ വില്യംസണും ചേര്‍ന്ന് സ്‌കോറിനെ പതുക്കെ മുന്നോട്ടു നയിച്ചു. ഇരുവരും ചേര്‍ന്ന് രണ്ടാം വിക്കറ്റില്‍ 68 റണ്‍സ് കൂട്ടിച്ചേര്‍ത്തപ്പോഴേക്കും മണ്‍റോയുടെ വിക്കറ്റ് കിവീസിന് നഷ്ടടമായി. എന്നാല്‍ പിന്നീട് കവീസ് മധ്യനിര തകര്‍ന്നടിയുന്നതാണ് കളിക്കളത്തില്‍ കണ്ടത്. 23 റണ്‍സ് ചേര്‍ക്കുന്നതിനിടെ നാല് വിക്കറ്റുകളാണ് കിവീസിന് നഷ്ടമായത്. എന്നാല്‍ ഒരു വശത്ത് പിടിച്ചുനിന്ന കെയ്ന്‍ വില്യംസണ്‍ 11ാം സെഞ്ച്വറിയും പൂര്‍ത്തിയാക്കി പൊരുതി നോക്കിയെങ്കിലും മികച്ച പിന്തുണ ലഭിച്ചില്ല. 143 പന്തുകള്‍ നേരിട്ട് ആറ് ഫോറുകളും രണ്ട് സിക്‌സറുകളുമാണ് വില്യംസണ്‍ പറത്തിയത്. ഏഴാം വിക്കറ്റില്‍ മിച്ചല്‍ സാന്റര്‍ (41) മികച്ച പ്രകടനം പുറത്തെടുത്തെങ്കിലും റണ്ണൗട്ടായി മടങ്ങി. അവസാന ഓവറില്‍ ജയിക്കാന്‍ ന്യൂസിലന്‍ഡിന് 15 റണ്‍സ് വേണ്ടിയിരുന്നെങ്കിലും വില്യംസണിനും ക്രിസിലുണ്ടായിരുന്ന സോധിക്കും (2*) ടീമിനെ വിജയത്തിലേക്കെത്തിക്കാനായില്ല. ഇംഗ്ലണ്ടിന് വേണ്ടി മോയിന്‍ അലി മൂന്നും ക്രിസ് വോക്‌സും ആദില്‍ റഷീദും രണ്ടു വിക്കറ്റുകള്‍ വീതം പങ്കിട്ടു. വിജയത്തോടെ ഇംഗ്ലണ്ട് പരമ്പരയില്‍ 2 - 1ന് മുന്നിലെത്തി.

RELATED STORIES

Share it
Top