ന്യൂയോര്‍ക്കിലെ ഏറ്റവും വലിയ സ്വത്തുടമകളിലൊന്നായി ഖത്തര്‍ദോഹ: ന്യൂയോര്‍ക്കില്‍ ഏറ്റവും കൂടുതല്‍ സ്വത്ത് കൈവശമുള്ളവരിലൊന്നായി ഖത്തര്‍ ഇന്‍വെസ്റ്റ്‌മെന്റ് അതോറിറ്റി(ക്യുഐഎ) മാറിയെന്ന് റിപോര്‍ട്ട്. യൂറോപ്പിലെ ലണ്ടനിലും പാരിസിലും നിരവധി സ്വത്തു വകകള്‍ സ്വന്തമായുള്ള ക്യുഐഎക്ക് ന്യൂയോര്‍ക്കില്‍ 10.69 ദശലക്ഷം ചതുരശ്ര അടി സ്ഥാവര വസ്തുക്കളാണ് കൈവശമുള്ളത്. കഴിഞ്ഞ വര്‍ഷം മാര്‍ച്ചിനെ അപേക്ഷിച്ച് 145 ശതമാനം കൂടുതലാണിതെന്ന് കൊമേഴ്‌സ്യല്‍ റിയല്‍ എസ്‌റ്റേറ്റ് ഇന്റലിജന്‍സ് ഗ്രൂപ്പായ കോസ്റ്റാര്‍ വ്യക്തമാക്കി. ഇതോടെ ക്യുഐഎ ന്യൂയോര്‍ക്ക് സംസ്ഥാനത്തെ ഒമ്പതാമത്തെ ഏറ്റവും വലിയ സ്വത്തുടമയായി മാറി. എംപയര്‍ സ്റ്റേറ്റ് ബില്‍ഡിങിന്റെ ഉടമസ്ഥതയിലുള്ള കമ്പനിയില്‍ ക്യുഐഎ 622 ദശലക്ഷം ഡോളര്‍ നിക്ഷേപിച്ചതോടെയാണ് ഈ വളര്‍ച്ചയെന്ന് ക്രെയ്ന്‍സ് ന്യൂയോര്‍ക്ക് റിപോര്‍ട്ട് ചെയ്തു. എംപയര്‍ സ്റ്റേറ്റ് റിയാലിറ്റി ട്രസ്റ്റില്‍ ക്യുഐഎക്ക് 9.9 ശതമാനം ഓഹരിയാണുള്ളത്. എംപയര്‍ സ്റ്റേറ്റ് ബില്‍ഡിങിനു പുറമേ മാന്‍ഹട്ടനിലും മറ്റുമായി ഡസനിലേറേ ഓഫിസ് കെട്ടിടങ്ങളും മറ്റു സ്വത്തു വകകളും സ്വന്തമായുണ്ട്. ക്യുഐഎ അടുത്ത കാലത്തായി യൂറോപ്പ് വിട്ട് യുഎസിലും ഏഷ്യയിലും കൂടുതല്‍ സ്വത്തുക്കള്‍ വാങ്ങിക്കൂട്ടുന്നുണ്ട്. 2020ഓടെ അമേരിക്കയില്‍ 3500 കോടി ഡോളര്‍ നിക്ഷേപിക്കുമെന്ന് ക്യുഐഎ അധികൃതര്‍ നേരത്തേ വ്യക്തമാക്കിയിരുന്നു.

RELATED STORIES

Share it
Top