ന്യൂമാന്‍ കോളജില്‍ ഡിഗ്രി വിദ്യാര്‍ഥികള്‍ ഏറ്റുമുട്ടി

തൊടുപുഴ: വിദ്യാര്‍ഥിസംഘടന മാറിയതിനെച്ചൊല്ലി അസഭ്യവര്‍ഷം. സംഭവം വിദ്യാര്‍ഥികള്‍ തമ്മില്‍ കോളജ് അങ്കണത്തില്‍ ഏറ്റുമുട്ടലിലാണു കലാശിച്ചത്. ന്യൂമാന്‍ കോളജിലെ രണ്ടും മൂന്നും വര്‍ഷ ഡിഗ്രി വിദ്യാര്‍ഥികള്‍ തമ്മിലാണ് അടിപിടിയുണ്ടായത്.
സംഘര്‍ഷത്തിനിടെ മൂന്നാം വര്‍ഷ ഡിഗ്രി വിദ്യാര്‍ഥിയും എസ്.എഫ്.ഐ പ്രവര്‍ത്തകനുമായ അമ്പാടിയെ രണ്ടാം വര്‍ഷ ചരിത്ര വിദ്യാര്‍ഥികള്‍ സംഘം ചേര്‍ന്ന് മര്‍ദിച്ചുവെന്നാരോപിച്ച് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ കോളജ് ഓഫിസിന് മുന്നില്‍ കുത്തിയിരിപ്പ് സമരവും നടത്തി. തുടര്‍ന്ന് രണ്ടാം വര്‍ഷ വിദ്യാര്‍ഥികളായ നാലുപേരെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തതായി  പ്രിന്‍സിപ്പല്‍ റവ. ജോ. വിന്‍സെന്റ് നെടുങ്ങാട്ട് പറഞ്ഞു.
മുന്‍പ് എസ്എഫ്‌ഐ പ്രവര്‍ത്തകരായിരുന്ന ഏതാനും രണ്ടാം വര്‍ഷ വിദ്യാര്‍ഥികള്‍ കെഎസ്‌യുവില്‍ ചേര്‍ന്നതിന്റെ പേരില്‍ സമൂഹ മാധ്യമങ്ങളിലൂടെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ആക്ഷേപിക്കുകയും ഭീഷണി മുഴക്കുകയും ചെയ്തിരുന്നു.ഇതിന്റെ ബാക്കിയായി ഇന്നലെ ഉച്ചയ്ക്ക് ഭക്ഷണം കഴിച്ചു മടങ്ങി വന്ന വിദ്യാര്‍ഥികളെ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ അസഭ്യം വിളിച്ചതോടെ ഇരു വിഭാഗവും ഏറ്റുമുട്ടുകയായിരുന്നു. പുറത്തു നിന്നെത്തിയ എസ്.എഫ്‌ഐ പ്രവര്‍ത്തകരാണ് കോളജില്‍ സമരത്തിന് നേതൃത്വം നല്‍കിയെതെന്നു പറയുന്നു. സംഭവത്തില്‍ രാഷ്ട്രീയമില്ലെന്നാണ് കോളജ് അധികൃതരുടെ വിശദീകരണം.. തൊടുപുഴ എസ്.ഐ. വിഷ്ണു കുമാറും സംഘവും സ്ഥലത്തെത്തിയിരുന്നു.

RELATED STORIES

Share it
Top