ന്യൂന പക്ഷങ്ങള്‍ തൊഴില്‍ സംവരണത്തിന് അര്‍ഹരല്ലെന്ന്‌ ; കോവിന്ദിന്റെ ന്യൂനപക്ഷവിരുദ്ധ പരാമര്‍ശം വീണ്ടും വിവാദമാവുന്നുന്യൂഡല്‍ഹി: ബിജെപിയുടെ രാഷ്ട്രപതി സ്ഥാനാര്‍ഥി മുന്‍ ബിഹാര്‍ ഗവര്‍ണര്‍ രാംനാഥ് കോവിന്ദിന്റെ ന്യൂനപക്ഷവിരുദ്ധ പരാമര്‍ശം വീണ്ടും വിവാദമാവുന്നു. മുസ്‌ലിംകളും ക്രിസ്ത്യാനികളും രാജ്യത്തിനു പുറത്തുനിന്നുള്ളവരാണെന്നും ഇവര്‍ പൊതുമേഖലയിലെ തൊഴില്‍ സംവരണത്തിന് അര്‍ഹരല്ലെന്നുമായിരുന്നു കോവിന്ദിന്റെ പരാമര്‍ശം. ന്യൂനപക്ഷ വിഭാഗക്കാര്‍ക്കു തൊഴില്‍സംവരണം വേണമെന്ന രംഗനാഥന്‍ കമ്മീഷന്‍ ശുപാര്‍ശയുടെ പശ്ചാത്തലത്തിലായിരുന്നു വിവാദ പരാമര്‍ശം. മുസ്‌ലിംകള്‍ക്കു പൊതുമേഖലയില്‍ 10 ശതമാനവും ക്രൈസ്തവര്‍ക്ക് 5 ശതമാനവും സംവരണം നല്‍കണമെന്നായിരുന്നു 2009ല്‍ രംഗനാഥന്‍ കമ്മീഷന്‍ റിപോര്‍ട്ടിലെ നിര്‍ദേശം. ന്യൂനപക്ഷ വിഭാഗങ്ങളിലെ ദലിതര്‍ക്കും സംവരണം വേണമെന്നും കമ്മീഷന്‍ ശുപാര്‍ശ ചെയ്തു. എന്നാല്‍ ദലിതനായ രാംനാഥ് കോവിന്ദ്, കമ്മീഷന്‍ ശുപാര്‍ശകള്‍ക്കെതിരേ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തുകയായിരുന്നു. 2010ല്‍ ഡല്‍ഹിയില്‍വച്ചായിരുന്നു കോവിന്ദിന്റെ ന്യൂനപക്ഷ വിരുദ്ധ പരാമര്‍ശം. രംഗനാഥന്‍ റിപോര്‍ട്ട് നടപ്പാക്കരുതെന്നും റദ്ദാക്കണമെന്നും അദ്ദേഹം അവശ്യപ്പെട്ടതു വിവാദമായിരുന്നു. രാജ്യത്തെ പ്രബല ന്യൂനപക്ഷവിഭാഗങ്ങളായ മുസ്‌ലിംകള്‍ക്കും ക്രൈസ്തവര്‍ക്കും പട്ടികജാതി പദവികള്‍ നല്‍കുന്നത് ഭരണഘടനാവിരുദ്ധമാണെന്നായിരുന്നു അദ്ദേഹത്തിന്റെ വാദം. കോവിന്ദ് ബിജെപിയുടെ ഔദ്യോഗിക വക്താവായിരുന്നു. വിവാദ പരാമര്‍ശം ഐഎഎന്‍എസ് വാര്‍ത്ത റിപോര്‍ട്ട് ചെയ്തിരുന്നു. 1998 മുതല്‍ 2002 വരെയുള്ള കാലയളവില്‍ ബിജെപിയുടെ പട്ടികജാതി മോര്‍ച്ച വിഭാഗം നേതാവായിരുന്നു രംഗനാഥ് കോവിന്ദ്. ഈ പശ്ചാത്തലത്തില്‍ രാജ്യത്തെ പ്രഥമപൗരന്‍ എന്ന പദവിയിലേക്കു കോവിന്ദിനെ തിരഞ്ഞെടുക്കുന്നതു പ്രതിപക്ഷ-ഇടതുകക്ഷികളെ അസ്വസ്ഥരാക്കുന്നതായാണു രാഷ്ട്രീയവൃത്തങ്ങളില്‍ നിന്നു ലഭിക്കുന്ന സൂചന. ദലിത് മുഖമല്ല നിലപാടാണ് പരിഗണിക്കേണ്ടതെന്നും ചില നേതാക്കള്‍ ഇതിനകംതന്നെ അഭിപ്രായപ്പെട്ടിട്ടുണ്ട്. ഭരണഘടനയെ ആദരിക്കുന്ന ആര്‍എസ്എസ് പശ്ചാത്തലം ഇല്ലാത്ത സ്ഥാനാര്‍ഥി ആയിരിക്കണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യത്തെ തള്ളിയാണ് ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി കമ്മിറ്റി കോവിന്ദിനെ പരിഗണിച്ചത്. ഇക്കാര്യം 22നു ചേരുന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗത്തില്‍ ചര്‍ച്ചയാവും.

RELATED STORIES

Share it
Top