ന്യൂനമര്‍ദം ശക്തിപ്പെടുന്നു; ശക്തമായ കാറ്റിന് സാധ്യത

തിരുവനന്തപുരം: കന്യാകുമാരി മേഖലയില്‍ ശക്തിപ്രാപിച്ച ന്യൂനമര്‍ദം പടിഞ്ഞാറ്- വടക്കുപടിഞ്ഞാറന്‍ ദിശയില്‍ തിരിയാന്‍ സാധ്യതയുണ്ടെന്ന് നിരീക്ഷണം. അടുത്ത 48 മണിക്കൂര്‍ വരെ കടലില്‍ പോവരുതെന്ന് മല്‍സ്യത്തൊഴിലാളികള്‍ക്കു കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നല്‍കി.
കടലിനുള്ളില്‍ കാറ്റിന്റെ വേഗത 60 കിലോമീറ്റര്‍ വരെയും തിരമാല സാധാരണയില്‍ നിന്നും 3.2 മീറ്റര്‍ വരെ ആവാനും സാധ്യതയുണ്ട്. കേന്ദ്ര കാലാവസ്ഥാ വകുപ്പില്‍ ഇന്നലെ നടന്ന അവലോകനയോഗത്തില്‍ കന്യാകുമാരിക്ക് തെക്ക് ശ്രീലങ്കയ്ക്ക് പടിഞ്ഞാറ് ഉള്‍ക്കടലില്‍ ന്യൂനമര്‍ദം നിലനില്‍ക്കുന്നുവെന്നും ഇത് ശക്തിപ്പെടാന്‍ സാധ്യതയുണ്ടെന്നും വിലയിരുത്തി. നേരത്തെ ന്യൂനമര്‍ദം ക്രമേണ പടിഞ്ഞാറന്‍ ദിശയിലേക്ക് നീങ്ങുമെന്നായിരുന്നു നിഗമനം. അതേസമയം സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി നേരത്തെ നല്‍കിയ ജാഗ്രതാ നിര്‍ദേശം ദീര്‍ഘിപ്പിച്ചു. മല്‍സ്യത്തൊഴിലാളികള്‍ ശ്രീലങ്കയ്ക്ക് പടിഞ്ഞാറും ലക്ഷദീപിന് കിഴക്കും കന്യാകുമാരിക്കും തിരുവനന്തപുരത്തിനും പടിഞ്ഞാറും ഉള്ള തെക്കന്‍ ഇന്ത്യന്‍ കടലില്‍ 13ാം തിയ്യതി വരെ മല്‍സ്യബന്ധനം നടത്തരുതെന്ന് ദുരന്തനിവാരണ അതോറിറ്റി നിര്‍ദേശിച്ചു. മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കാന്‍ മുഖ്യമന്ത്രിയുടെ ഓഫിസ് ജില്ലാ കലക്ടര്‍ക്ക് നിര്‍ദേശം നല്‍കി.
ചൂട് കാലാവസ്ഥയായതിനാല്‍ ന്യൂനമര്‍ദം ശക്തിപ്പെടാനിടയുണ്ടെന്നും തിരുവനന്തപുരം ജില്ലയുടെ തീരപ്രദേശത്തുള്ള മല്‍സ്യത്തൊഴിലാളികള്‍ കടലില്‍ പോവരുതെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം ഡയറക്ടര്‍ എസ് സുദേവന്‍ പറഞ്ഞു.  മല്‍സ്യത്തൊഴിലാളികള്‍ കടലില്‍ പോവുന്നില്ലെന്ന് ഉറപ്പുവരുത്താന്‍ കലക്ടര്‍, ആര്‍ഡിഒ, പോലിസ് എന്നിവര്‍ക്ക് മുഖ്യമന്ത്രിയുടെ ഓഫിസ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. തീരമേഖലയില്‍ ജാഗ്രത പുലര്‍ത്താന്‍ റവന്യൂ, ഫിഷറീസ് വകുപ്പുകള്‍ക്കും കോസ്റ്റല്‍ പോലിസിനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. വിശദവിവരങ്ങള്‍ക്ക് കലക്ടറേറ്റ് കണ്‍ട്രോള്‍ റൂമിലെ 04712730045ല്‍ ബന്ധപ്പെടുക.
അതേസമയം, ന്യൂനമര്‍ദം ശക്തിപ്രാപിക്കുമെന്ന മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ മുന്‍കരുതല്‍ നടപടി ശക്തമാക്കാന്‍ മുഖ്യമന്ത്രിയുടെ ഓഫിസ് വിളിച്ചുചേര്‍ത്ത ഉന്നതതലയോഗം തീരുമാനിച്ചു. ബുധനാഴ്ച വരെ മല്‍സ്യത്തൊഴിലാളികള്‍ കടലില്‍ പോവുന്നില്ലെന്ന് ഉറപ്പുവരുത്തും. കഴിഞ്ഞദിവസം രാത്രി മുന്നറിയിപ്പ് ഉണ്ടായപ്പോള്‍ സ്വീകരിച്ച മുന്‍കരുതല്‍ നടപടികള്‍ ഫലപ്രദമാണെന്നു യോഗം വിലയിരുത്തി. കാലാവസ്ഥാനിരീക്ഷണകേന്ദ്രത്തിന്റെ സന്ദേശങ്ങള്‍ അതാത് സമയങ്ങളില്‍ മല്‍സ്യത്തൊഴിലാളികള്‍ക്ക് എത്തിക്കാന്‍ വിവിധ വകുപ്പുകള്‍ക്ക് യോഗം നിര്‍ദേശം നല്‍കി.
നേരത്തെ കടലില്‍ മീന്‍പിടിക്കാന്‍ പോയ മല്‍സ്യത്തൊഴിലാളികള്‍ക്ക് മുന്നറിയിപ്പ് സന്ദേശങ്ങള്‍ എത്തിക്കണമെന്നും നിര്‍ദേശിച്ചു. തീരമേഖലയിലും മറ്റിടങ്ങളിലും ജാഗ്രത പുലര്‍ത്താനും ആവശ്യം വരുന്ന സന്ദര്‍ഭങ്ങളില്‍ രക്ഷാപ്രവര്‍ത്തനത്തിന് മുന്നിട്ടിറങ്ങാനും സംസ്ഥാന പോലിസ് മേധാവി ലോക്‌നാഥ് ബെഹ്‌റ ജില്ലാ പോലിസ് മേധാവിമാര്‍ക്കും കോസ്റ്റല്‍ പോലിസിനും നിര്‍ദേശം നല്‍കി. തെക്കന്‍ കേരളത്തില്‍ ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയുള്ളതിനാല്‍ ഈ മാസം 14 വരെ ജാഗ്രത പാലിക്കണമെന്നും നിര്‍ദേശമുണ്ട്.

RELATED STORIES

Share it
Top