ന്യൂനപക്ഷ സ്ഥാപന ഗ്രാന്റ്; സര്‍ക്കാര്‍ നടപടിക്കെതിരേ സെക്രട്ടേറിയേറ്റ് ധര്‍ണ

കോഴിക്കോട്: ന്യൂനപക്ഷ സ്ഥാപനങ്ങളുടെ ഗ്രാന്റ് വിതരണംചെയ്യാതെ തടഞ്ഞ്‌വെച്ച സര്‍ക്കാര്‍ നടപടിക്കെതിരെ സെപ്തംബര്‍ 5ന് സെക്രട്ടറിയേറ്റ് ധര്‍ണ്ണ സംഘടിപ്പിക്കാന്‍ കോഴിക്കോട് ചേര്‍ന്ന ന്യൂനപക്ഷ വിദ്യാഭ്യാസ സമിതി യോഗം തീരുമാനിച്ചു. ആഗസ്റ്റ് 16ന് 3 ന് കോഴിക്കോട്ട് സമരപ്രഖ്യാപന കണ്‍വെന്‍ഷന്‍ ചേരാനും തീരുമാനിച്ചു.
യോഗത്തില്‍ സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ്തങ്ങള്‍ അധ്യക്ഷത വഹിച്ചു. ഗ്രാന്റിന്റെ രണ്ടാം ഗഡുവായി പാസ്സായ 28 കോടി രൂപ മൂന്ന് മാസമായി വിതരണം ചെയ്യാതെ കിടക്കുകയാണ്. എയ്ഡഡ്, അണ്‍എയ്ഡഡ് സ്ഥാപനങ്ങളുടെ വികസനത്തിനായി കേന്ദ്ര മാനവ വിഭവശേഷി വകുപ്പാണ് ഐഡിഎംഐ ഫണ്ട് ലഭ്യമാക്കുന്നത്. 2015ല്‍ പുതുതായി അപേക്ഷ നല്‍കിയ സ്ഥാപനങ്ങള്‍ക്ക് ഇത്‌വരെ ഫണ്ട് അനുവദിച്ചിട്ടുമില്ല.
ഇരു സര്‍ക്കാറുകളും സ്വീകരിക്കുന്ന ന്യൂനപക്ഷ പ്രതികാര നടപടികള്‍ക്കെതിരെ വ്യാപകമായ സമരം സംഘടിപ്പിക്കാനും യോഗം തീരുമാനിച്ചു.ജനറല്‍ സെക്രട്ടറി മുസ്തഫ മുണ്ടുപാറ, ഭാരവാഹികളായ കെ പി മുഹമ്മദലി, സുബൈര്‍ നെല്ലിക്കാപ്പറമ്പ്, നടുക്കണ്ടി അബൂബക്കര്‍, എ കെ മുസ്തഫ, നിസാര്‍ ഒളവണ്ണ, അഹമ്മദ് പുന്നക്കല്‍, മുഹമ്മദ് ബംഗ്ലത്ത്, പി പി അബ്ദുറഹിമാന്‍ പെരിങ്ങാടി, ടി കെ പരീക്കുട്ടി ഹാജി, പി സി മുഹമ്മദ്, പി മുഹമ്മദ് കബീര്‍, കെ സി യാക്കൂബ്, കെ അന്‍വര്‍ യോഗത്തില്‍ പങ്കെടുത്തു.

RELATED STORIES

Share it
Top