ന്യൂനപക്ഷ സ്ഥാപനങ്ങള്‍ക്കുള്ള ഗ്രാന്റ്; സംസ്ഥാനസര്‍ക്കാര്‍ വിവരം മറച്ചുവച്ചെന്ന് ഇ ടി മുഹമ്മദ് ബഷീര്‍

ന്യൂഡല്‍ഹി: ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്‌മെന്റ് ഓഫ് മൈനോറിറ്റി ഇന്‍സ്റ്റിറ്റിയൂഷന്‍ (ഐഡിഎംഐ) പദ്ധതി ഗ്രാന്റിനുള്ള കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയത്തിന്റെ അപേക്ഷ സംസ്ഥാനസര്‍ക്കാര്‍ മറച്ചുവച്ചതായി മുസ്‌ലിംലീഗ് ദേശീയ ഓര്‍ഗനൈസിങ് സെക്രട്ടറി ഇടി മുഹമ്മദ് ബഷീര്‍ എംപി ആരോപിച്ചു.
കഴിഞ്ഞമാസം കേന്ദ്രസര്‍ക്കാര്‍ കൈമാറിയ വിവരം മൂന്നുദിവസം മുമ്പ് മാത്രമാണ് സംസ്ഥാനസര്‍ക്കാര്‍ പുറത്തുവിട്ടത്. മൂന്നു ദിവസത്തിനകം അപേക്ഷ സമര്‍പ്പിക്കണമെന്നത് അപ്രായോഗികമാണ്. ഗ്രാന്റിനുദ്ദേശിക്കുന്ന നിര്‍മാണപ്രവൃത്തിയുടെ പ്ലാന്‍, തദ്ദേശ സ്വയംഭരണ വകുപ്പ് എന്‍ജിനീയറുടെ അംഗീകാരത്തോടെ ഇതിനു തയ്യാറാക്കിയ എസ്റ്റിമേറ്റ് തുടങ്ങിയവ അപേക്ഷയ്‌ക്കൊപ്പം സമര്‍പ്പിക്കണം. ഇതിന് ഒരാഴ്ചയിലേറെ സമയം വേണ്ടിവരും. ഇതോടെ അപേക്ഷ സമര്‍പ്പിക്കാന്‍പോലുമാവില്ല. ന്യൂനപക്ഷ സ്ഥാപനങ്ങളായ എയ്ഡഡ്, അണ്‍ എയ്ഡഡ്, പ്രൈമറി, സെക്കന്‍ഡറി വിദ്യാലയങ്ങള്‍ക്ക് ആവശ്യമായ ക്ലാസ് മുറികള്‍ നിര്‍മിക്കാനും ലൈബ്രറി, സയന്‍സ്, കംപ്യൂട്ടര്‍ ലാബുകള്‍, കുടിവെള്ളം, ടോയ്‌ലറ്റ് തുടങ്ങിയവ സ്ഥാപിക്കാനുമാണ് ഐഡിഎംഐ ഗ്രാന്റ് അനുവദിക്കുന്നത്.
ന്യൂനപക്ഷ സ്ഥാപനങ്ങള്‍ക്കു കിട്ടേണ്ട ആനുകൂല്യങ്ങള്‍ മറച്ചുവച്ചത് എന്തിനായിരുന്നുവെന്ന് സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കണമെന്നും ഉദ്യോഗസ്ഥതലത്തിലാണ് വീഴ്ചയെങ്കില്‍ ശക്തമായ നടപടി സ്വീകരിക്കണമെന്നും ഇടി ആവശ്യപ്പെട്ടു.

RELATED STORIES

Share it
Top