ന്യൂനപക്ഷ രാഷ്ട്രീയത്തിന്റെ ഭാവി

എ.പി. അബ്ദുല്‍ വഹാബ്
മുസ്‌ലിം രാഷ്ട്രീയത്തിനു പ്രതിബദ്ധതയുടെയും ജീവാര്‍പ്പണത്തിന്റെയും ഒരു സുരഭില ചരിത്രമുണ്ട്. ബ്രിട്ടിഷ് ഇന്ത്യയെ ദാറുല്‍ ഹര്‍ബ് (യുദ്ധഭൂമി) എന്നു വിശേഷിപ്പിച്ചുകൊണ്ട് ഷാ അബ്ദുല്‍ അസീസ് ദഹ്‌ലവിയും സഹപ്രവര്‍ത്തകരും നടത്തിയ സമരാഹ്വാനം, ശഹീദ് സയ്യിദ് അഹ്മദ് ബറേല്‍വിയുടെയും അനുയായികളുടെയും പോരാട്ടം, ഹാജി ഇംദാദുല്ല നയിച്ച യുദ്ധം, മൗലവി ശരീഅത്തുല്ലയും മകനും നേതൃത്വം കൊടുത്ത സമരം, ഒടുവില്‍ ബഹദൂര്‍ഷാ സഫര്‍ ഉള്‍പ്പെടെയുള്ളവര്‍ നയിച്ച കലാപം തുടങ്ങി ചോരയൂറുന്ന പോരാട്ടത്തിന്റെ നാഴികക്കല്ലുകളാണ് ഒരു നൂറ്റാണ്ടോളം നീണ്ട ചരിത്രത്തിന്റെ വഴിയോരങ്ങളിലത്രയും. രാംഗോപാല്‍ എഴുതിയ 'ഇന്ത്യന്‍ മുസ്‌ലിംകളുടെ രാഷ്ട്രീയ ചരിത്ര'ത്തില്‍ അതിന്റെ അസംഖ്യം നേര്‍ക്കാഴ്ചകളുണ്ട്. 'അവിശ്വാസികളായ ബ്രിട്ടിഷുകാര്‍ക്കെതിരേ ഒന്നിക്കേണ്ടത് ഓരോ മുസ്‌ലിമിന്റെയും ബാധ്യതയാണ്. അതിനു കഴിയാത്തവര്‍ രാജ്യം വിട്ടുപോകട്ടെ' എന്നായിരുന്നു അന്ന് പണ്ഡിതനേതൃത്വത്തിന്റെ നിലപാട്. മുസഫര്‍നഗറില്‍ ഹാജി ഇംദാദുല്ലയുടെ കീഴില്‍ ബ്രിട്ടിഷുകാര്‍ക്കെതിരേ പോരിനിറങ്ങിയവരില്‍ വലിയൊരു പക്ഷം മതപണ്ഡിതന്മാരായിരുന്നു. ദയൂബന്ദിലെ ദാറുല്‍ഉലൂം സ്ഥാപിച്ച മൗലാനാ ഖാസിം നാനൂതവിയുടെ നേതൃത്വത്തില്‍ അമ്പതോളം മഹാപണ്ഡിതന്മാര്‍ ബ്രിട്ടിഷുകാര്‍ക്കെതിരേ ഫത്‌വ(മതവിധി)യിറക്കിയതും ചരിത്രത്തിലെ മറ്റൊരു അധ്യായം. മൗലാനാ അബ്ദുല്‍ ബാരിയും ശെയ്ഖുല്‍ ഹിന്ദ് മൗലാനാ മഹ്മൂദുല്‍ ഹസനുമൊക്കെ ഇപ്രകാരം ഫത്‌വകള്‍ നല്‍കി മുസ്‌ലിം ജനസാമാന്യത്തെ ആവേശഭരിതരാക്കി.ബ്രിട്ടിഷ് ചരിത്രകാരന്മാരായ ഹെന്‍ട്രി മെഡ് (മുസ്‌ലിം ഇന്‍ ഇന്ത്യ), വില്‍സണ്‍ ഹണ്ടര്‍ (ഇന്ത്യന്‍ മുസല്‍മാന്‍) എന്നിവര്‍ പോലും അത് സാക്ഷ്യപ്പെടുത്തുന്നു. 'ബിസ്മിയുച്ചരിച്ചുകൊണ്ട് ബ്രിട്ടിഷ് പട്ടാളത്തിന്റെ തോക്കുകള്‍ക്കു മുമ്പില്‍ ചാടിവീഴുന്ന' അവിവേകത്തെയാണ് എല്‍.ജെ. ട്രോട്ടര്‍ (ഹിസ്റ്ററി ഓഫ് ദ ബര്‍ത്ത് ഓഫ് എംപയര്‍ ഇന്‍ ഇന്ത്യ) വരച്ചുകാട്ടുന്നത്. പ്രത്യാഘാതങ്ങളും ഭയാനകമായിരുന്നു. അവധ് പ്രവിശ്യയില്‍ മാത്രം കൊല്ലപ്പെട്ടത് ഒന്നര ലക്ഷം ആളുകളായിരുന്നു. ബഹദൂര്‍ ഷായുടെ മൂന്ന് ആണ്‍മക്കളോടൊപ്പം ഡല്‍ഹിയില്‍ തൂക്കിലേറ്റപ്പെട്ടത് അഞ്ഞൂറ് ഉലമാക്കളായിരുന്നു. ഒന്നാം സ്വാതന്ത്ര്യസമരത്തെ വിശകലനം ചെയ്ത പഠനങ്ങള്‍ വരച്ചുകാട്ടുന്ന വേറിട്ട കാഴ്ചകളിലൊന്നാണ് ചെറുതും വലുതുമായ അരലക്ഷത്തോളം പണ്ഡിതരുടെ രക്തസാക്ഷ്യം. അതിന്റെ എത്രയോ ഇരട്ടിയായിരുന്നു സാധാരണക്കാരുടെ ജീവത്യാഗം. ജാതി-മതഭേദമില്ലാതെ ഇന്ത്യന്‍ ജനത നടത്തിയ ഐതിഹാസിക സമരത്തെ മുസ്‌ലിം ജനവിഭാഗം സ്വന്തം ജീവരക്തം ചുരത്തി സമുജ്വലമാക്കി. ഇന്ന് നിലനില്‍പ്പിന്റെ അര്‍ഥശാസ്ത്രം തേടുന്ന ദുര്‍ഘട സന്ധിയില്‍ പാഠവും ഉള്‍പ്പാഠവുമായി വേറിട്ടുനില്‍ക്കുന്നു ഇതൊക്കെയും. മുസ്‌ലിം രാഷ്ട്രീയത്തിന്റെ വര്‍ത്തമാനം പരതുമ്പോള്‍ പശ്ചാത്തല വിലാപമായിട്ടെങ്കിലും ഒഴുകുന്ന ഒരാര്‍ദ്ര സംഗീതമായി ഈ ഭൂതകാലസ്മരണകള്‍. അന്യവല്‍ക്കരണവും അനുബന്ധമായ അന്യതാബോധവും മുസ്‌ലിം സാമൂഹിക ജീവിതത്തില്‍ ഇപ്പോള്‍ അസ്തിത്വപരമായ പ്രതിസന്ധികള്‍ തീര്‍ത്തുകൊണ്ടിരിക്കുന്നു. മാതൃരാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനും വിമോചനത്തിനും ജീവാര്‍പ്പണം നടത്തിയ ഒരു സമൂഹം പ്രാന്തവല്‍ക്കരിക്കപ്പെടുന്നത് വിചിത്രവും ക്രൂരവുമായ വിരോധാഭാസമാണ്. സ്വാതന്ത്ര്യാനന്തര സാമൂഹികതയുടെ രൂപനിര്‍ണയത്തില്‍, അതിന്റെ രാഷ്ട്രീയ ചുവടുവയ്പുകളില്‍ എവിടെയൊക്കെയോ പിഴവുകള്‍ സംഭവിച്ചിട്ടുണ്ടെന്നു തീര്‍ച്ച. 1947ല്‍ രാജ്യത്തിന്റെ സ്വാതന്ത്ര്യത്തോടൊപ്പമുണ്ടായ വിഭജനമാണ് മുസ്‌ലിം സാമൂഹികതയെ പിന്നോട്ടടിപ്പിച്ച ഏറ്റവും വലിയ ദുരന്തം. സാമ്രാജ്യത്വത്തിന്റെ അഭിശപ്തമായ ഭിന്നിപ്പിക്കല്‍ തന്ത്രമാണ് വിഭജനത്തിന്റെ അടിസ്ഥാന കാരണം. കൊളോണിയല്‍ ശക്തികള്‍ കെട്ടുകെട്ടേണ്ടിവന്ന 20ാം നൂറ്റാണ്ടിന്റെ മധ്യശതകം അനേകം രാജ്യങ്ങളുടെ വിഭജനങ്ങള്‍ക്കും അതിര്‍ത്തികളുടെ പുനര്‍നിര്‍ണയങ്ങള്‍ക്കും സാക്ഷിയാണ്. ബ്രിട്ടിഷ് ഉപജാപങ്ങളുടെ കെണിയില്‍ കോണ്‍ഗ്രസ്സിലെ പല നേതാക്കളും വീണുപോയിട്ടുണ്ട്. എന്നാല്‍, സര്‍വേന്ത്യാ മുസ്‌ലിംലീഗാണ് പ്രത്യക്ഷത്തില്‍ അതിന്റെ വക്താക്കള്‍. മുസ്‌ലിംലീഗിനു വേണ്ടിയാണ് രാജ്യം വിഭജിക്കുന്നതെന്നു വരുത്തിത്തീര്‍ക്കാന്‍ ബ്രിട്ടിഷ് നയതന്ത്രത്തിനും ഇടപെടലുകള്‍ക്കും സാധിച്ചു. തങ്ങളാണ് അതു നേടിയെടുത്തതെന്ന് ലീഗും സ്വാഭിമാനപൂര്‍വം പ്രചരിപ്പിച്ചു. നിര്‍ബന്ധിതാവസ്ഥയില്‍ അതിനു വഴങ്ങേണ്ടിവന്നുവെന്ന്, ഉള്ളാലെ അതാഗ്രഹിക്കുകയും ചരടുവലിക്കുകയും ചെയ്ത കോണ്‍ഗ്രസ് നേതാക്കളും പറഞ്ഞുപരത്തി. ചരിത്രത്തിലെ ഏറ്റവും കൊടിയ ദുരന്തങ്ങളിലൊന്നായ വിഭജനത്തിന് പക്ഷേ തലവച്ചുകൊടുക്കേണ്ടിവന്നത് ഇന്ത്യയിലെ മുസ്‌ലിം സമൂഹമാണ്. ഭ്രാന്തമായ മതാവേശത്തില്‍ ജനം ഉറഞ്ഞുതുള്ളുകയും ചത്തും കൊന്നും ചോരപ്പുഴയൊഴുക്കി താണ്ഡവനൃത്തമാടുകയും ചെയ്ത ഈ ബീഭത്സതയുടെ കൊടിയ നഷ്ടം പേറേണ്ട ഗതികേടാണ് ഇന്ത്യന്‍ മുസ്‌ലിംകള്‍ക്കുണ്ടായത്. സമുദായത്തിലെ പ്രമാണികളും മേത്തരം മധ്യവര്‍ഗ സ്വാര്‍ഥതാല്‍പ്പര്യക്കാരും അതിന്റെ ഗുണം പറ്റി. വന്‍കിട ഭൂജന്മികളും വ്യവസായികളും സ്വത്തിനും മുതലുകള്‍ക്കും പോറലേല്‍ക്കാതെ തടിയെടുത്തു. അവിഭക്ത ബംഗാളിലെ കോടീശ്വരനായ ഇസ്ഫഹാനി തന്റെ സ്വത്തുമുതലുകള്‍ ഇതര സമുദായത്തിലെ സുഹൃത്തുക്കളായ മുതലാളിമാരുമായി വച്ചുമാറി കിഴക്കന്‍ പാകിസ്താനിലേക്കു ചേക്കേറിയത് ഉദാഹരണമായി പലരും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അതുപോലെത്തന്നെ വന്‍നഗരങ്ങളിലെ സമ്പന്നരും ബുദ്ധിജീവികളും മധ്യവര്‍ഗ പ്രമുഖരും കൂടുതല്‍ മെച്ചപ്പെട്ട മേച്ചില്‍പ്പുറങ്ങള്‍ തേടി പാകിസ്താനിലേക്കു പോയി. ദക്ഷിണേന്ത്യയില്‍ നിന്നുപോലും ഇത്തരത്തിലുള്ള പലായനങ്ങളുണ്ടായി. അവശേഷിച്ച മുസ്‌ലിംകള്‍- എണ്ണത്തില്‍ അവരായിരുന്നു ഭൂരിപക്ഷം- പാവങ്ങളും സാധാരണക്കാരുമായിരുന്നു. അഭിശപ്തമായ വിഭജനത്തിന്റെ പാപഭാരവും ശാപഭാരവും പേറേണ്ടിവന്ന ഈ ജനവിഭാഗം ഫലത്തില്‍ ഗതിയറ്റവരായി. അവര്‍ക്ക് ഫലപ്രദമായ നേതൃത്വമോ ദിശാബോധമോ ഉണ്ടായിരുന്നില്ല. രാഷ്ട്രീയ ഇച്ഛാശക്തി പ്രകടിപ്പിക്കാനുള്ള കരുത്തും അവര്‍ക്കുണ്ടായിരുന്നില്ല. ദക്ഷിണേന്ത്യയിലെ അല്‍പ്പം ചില നേതാക്കള്‍ മാത്രമാണ് അപവാദമായി ഉണ്ടായിരുന്നത്. ഈ രാഷ്ട്രീയശൂന്യതയെ മുതലെടുത്തത് കോണ്‍ഗ്രസ്സാണ്. ഹതാശരായ മുസ്‌ലിംകള്‍ ഒന്നടങ്കം കോണ്‍ഗ്രസ്സിലാണ് അഭയം തേടിയത്. 1947 മുതല്‍ 1992 വരെ നീണ്ട 45 വര്‍ഷം (1977 മുതല്‍ 80 വരെയുള്ള മൂന്നു കൊല്ലം മാറ്റിനിര്‍ത്തുക.) മുസ്‌ലിംകള്‍ കോണ്‍ഗ്രസ്സിനോടൊപ്പം നിന്നു. നിര്‍ബാധം വോട്ട് ചെയ്ത് കോണ്‍ഗ്രസ്സിനെ അധികാരത്തിലേറ്റി. പക്ഷേ, കോണ്‍ഗ്രസ് മുസ്‌ലിംകളോട് നീതി കാണിച്ചില്ല. പ്രീണനമോ വേറിട്ട പരിഗണനകളോ മുസ്‌ലിം സമൂഹത്തിന് ആവശ്യമില്ല. ഭരണഘടന ഉയര്‍ത്തിപ്പിടിക്കുന്ന സാമൂഹിക നീതിയും അവസര സമത്വവും നടപ്പാക്കി മറ്റുള്ളവര്‍ക്കൊപ്പം മുസ്‌ലിം ജനവിഭാഗത്തെയും കൈപിടിച്ചുയര്‍ത്താമായിരുന്നു ഭരണകൂടത്തിന്. കലാപങ്ങളെ അടിച്ചമര്‍ത്തി ജീവനും സ്വത്തിനും സംരക്ഷണം നല്‍കാമായിരുന്നു. പക്ഷേ, അതൊന്നുമുണ്ടായില്ല. ഇന്ത്യയിലെ മുസ്‌ലിം സാമൂഹികതയുടെ നിലവിലെ സ്ഥിതിനിലവാരമറിയാന്‍ ഏറ്റവും ഉപകരിക്കുന്നത് രജീന്ദര്‍ സച്ചാര്‍ റിപോര്‍ട്ടാണ്. കേന്ദ്ര സര്‍ക്കാരിനാല്‍ നിയോഗിക്കപ്പെട്ടതും 2006ല്‍ സര്‍ക്കാരില്‍ സമര്‍പ്പിക്കപ്പെട്ടതുമായ ഈ പഠന റിപോര്‍ട്ട് പ്രകാരം രാജ്യത്ത് ഏറ്റവുമധികം ദാരിദ്ര്യം അനുഭവിക്കുന്ന ജനവിഭാഗമാണ് മുസ്‌ലിംകള്‍. തൊഴില്‍-ഉദ്യോഗമേഖലകളില്‍ ഏറ്റവും കുറഞ്ഞ പ്രാതിനിധ്യമാണ് അവര്‍ക്കുള്ളത്. വിദ്യാഭ്യാസരംഗത്ത് കടുത്ത പിന്നാക്കാവസ്ഥയാണ് അവര്‍ നേരിടുന്നത്. നിരന്തരമായ കലാപങ്ങള്‍ ഉണ്ടാക്കിയ ഭയവിഹ്വലമായ ഒരു മാനസികാവസ്ഥയ്ക്ക് (ഫിയര്‍ സൈക്കോസിസ്) അവര്‍ വിധേയരായിരിക്കുന്നു. ഈ ഭയപ്പാടുകള്‍ അവരുടെ മുന്നോട്ടുള്ള കുതിപ്പിനെ തടയുന്നു. മുസ്‌ലിംകളുടെ മതപരവും സാംസ്‌കാരികവുമായ ചിഹ്നങ്ങള്‍ അവമതിക്കപ്പെടുന്നതായും ജസ്റ്റിസ് സച്ചാര്‍ ചൂണ്ടിക്കാട്ടുന്നു. പാര്‍ലമെന്ററി ജനാധിപത്യത്തില്‍ പ്രാപ്തമായ പ്രാതിനിധ്യം നേടി അവകാശങ്ങള്‍ നേടിയെടുക്കാമെന്നാണെങ്കില്‍ അതിനും കഴിയാത്ത സാഹചര്യമാണ് നിലനില്‍ക്കുന്നതെന്നും സച്ചാര്‍ പറയുന്നു. ഉദാഹരണമായി അദ്ദേഹം എടുത്തുപറയുന്നത് വോട്ടര്‍പട്ടികയില്‍ നിന്ന് മുസ്‌ലിം പേരുകള്‍ നീക്കം ചെയ്യപ്പെടുന്ന പ്രവണതയും മുസ്‌ലിം ഭൂരിപക്ഷ മണ്ഡലങ്ങള്‍ സംവരണമണ്ഡലങ്ങളായി മാറിക്കൊണ്ടിരിക്കുന്ന കാര്യവുമാണ്. പോലിസിന്റെയും സുരക്ഷാവിഭാഗത്തിന്റെയും കൈയേറ്റങ്ങള്‍ക്ക് മുസ്‌ലിം ജനവിഭാഗം വിധേയരാവുന്ന കാര്യവും, വ്യവസായ-വാണിജ്യ സംരംഭങ്ങള്‍ക്ക് ആവശ്യമായ പിന്‍ബലം ലഭിക്കാതെപോവുന്ന സാഹചര്യവും ജസ്റ്റിസ് സച്ചാര്‍ എടുത്തുപറയുന്നു. മുസ്‌ലിം സാമൂഹികതയുടെ ഈ ദുരവസ്ഥയെ കണക്കുകളും ഉദാഹരണങ്ങളും താരതമ്യ വിശകലനങ്ങളും മുന്നില്‍വച്ചുകൊണ്ടാണ് രജീന്ദര്‍ സച്ചാര്‍ വിശദീകരിക്കുന്നത്. മുസ്‌ലിം പിന്നാക്കാവസ്ഥയുടെ ആഴമറിയണമെങ്കില്‍ സച്ചാര്‍ കമ്മീഷന്‍ റിപോര്‍ട്ട് ഒരു തവണയെങ്കിലും വായിക്കണം. ഗണ്യമായ മുസ്‌ലിം പ്രാതിനിധ്യമുള്ള അസമിലും ഉത്തരാഞ്ചല്‍, ഡല്‍ഹി, ഹരിയാന, ഹിമാചല്‍പ്രദേശ്, പഞ്ചാബ് സംസ്ഥാനങ്ങളിലും മുസ്‌ലിംകള്‍ പട്ടികജാതി വിഭാഗത്തേക്കാള്‍ പിന്നിലാണെന്നു സച്ചാര്‍ ചൂണ്ടിക്കാട്ടുന്നു. ഇന്ത്യന്‍ മുസ്‌ലിംകളില്‍ കാല്‍ഭാഗത്തോളം അധിവസിക്കുന്ന ഉത്തര്‍പ്രദേശിലും മോശമല്ലാത്ത മുസ്‌ലിം പ്രാതിനിധ്യമുള്ള ബംഗാളിലും പട്ടികജാതിയുടെ അതേ നിലവാരത്തിലാണ് മുസ്‌ലിംകളെന്നും റിപോര്‍ട്ട് വരച്ചുകാട്ടുന്നു. 6-14 വയസ്സുള്ള കുട്ടികളില്‍ 25 ശതമാനം സ്‌കൂളുകളുടെ പടിവാതില്‍ പോലും കാണാത്തവരാണെന്നും വിദ്യാഭ്യാസരംഗത്തെ കൊഴിഞ്ഞുപോക്ക് ഏറ്റവും രൂക്ഷമാണെന്നും റിപോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. മുസ്‌ലിം സാംസ്‌കാരിക ചിഹ്നങ്ങളോടുള്ള വെറുപ്പും അവജ്ഞയും സ്‌കൂളുകളില്‍ പോലും വച്ചുപുലര്‍ത്തപ്പെടുന്നുണ്ടെന്നും സച്ചാര്‍ വെളിപ്പെടുത്തുന്നു. വിവേചനങ്ങള്‍ അവസാനിപ്പിക്കാന്‍ നിയമനടപടികള്‍ കൊണ്ടുവരണമെന്നും തുല്യാവസര കമ്മീഷന്‍ (ഈക്വല്‍ ഓപര്‍ച്യുണിറ്റി കമ്മീഷന്‍) സ്ഥാപിക്കണമെന്നും ഭരണഘടന ഉറപ്പുവരുത്തുന്ന അവകാശങ്ങള്‍ നിഷേധിക്കുന്നതിനെ കോടതിയില്‍ ചോദ്യം ചെയ്യണമെന്നും പ്രാദേശിക ഭരണസംവിധാനത്തിന്റെ ന്യൂനപക്ഷ പങ്കാളിത്തം ഉറപ്പുവരുത്താന്‍ നോമിനേഷന്‍ സമ്പ്രദായം കൊണ്ടുവരണമെന്നും തുടങ്ങി അനവധി പരിഹാര നിര്‍ദേശങ്ങളാണ് സച്ചാര്‍ കമ്മീഷന്‍ മുന്നോട്ടുവയ്ക്കുന്നത്. തുല്യാവസരത്തിന്റെ നിഷേധവും സാമൂഹിക വിവേചനവും ഒരു ജനവിഭാഗത്തിന്റെ ആത്മവത്തയെ എത്രകണ്ട് ശിഥിലമാക്കിയിരിക്കുന്നു എന്ന യാഥാര്‍ഥ്യത്തെയാണ് ഈ സ്ഥിതിവിവര റിപോര്‍ട്ട് ആഴത്തില്‍ വിശകലനം ചെയ്തിരിക്കുന്നത്. ഇച്ഛാശക്തിയും സത്യസന്ധതയുമുള്ള ഒരു രാഷ്ട്രീയ പരിഹാരമാണ് ഈ രംഗത്ത് അനിവാര്യമായിട്ടുള്ളതെന്ന് വസ്തുതകള്‍ വിളിച്ചുപറയുന്നു. ന്യൂനപക്ഷ ജനവിഭാഗത്തില്‍ നിന്നുതന്നെ അതിനു ക്രിയാത്മകവും സോദ്ദേശ്യപരവുമായ നീക്കങ്ങള്‍ ആവശ്യമാണ്. ന്യൂനപക്ഷ രാഷ്ട്രീയത്തിന്റെ പൊരുളും അതുതന്നെ. മുസ്‌ലിം സമുദായത്തിന്റെ സാമൂഹികമായ അധോഗതി ഒരു സുപ്രഭാതത്തില്‍ സംഭവിച്ചതല്ല. സ്വാതന്ത്ര്യാനന്തര സാമൂഹിക പുനസ്സംഘടനയില്‍ അര്‍ഹമായ പരിഗണനയും പങ്കാളിത്തവും ലഭിക്കാത്തതുകൊണ്ട് കാലക്രമേണ സംഭവിച്ചതാണത്. അതു കണ്ടെത്താനുള്ള ശ്രമങ്ങള്‍ പോലും യഥോചിതം ഭരണകൂടത്തിന്റെ ഭാഗത്തുനിന്നുണ്ടായില്ല. ഭരണഘടന വ്യവസ്ഥ ചെയ്ത പിന്നാക്കസമുദായ കമ്മീഷനുകള്‍ ഫലപ്രദമായി പ്രവര്‍ത്തിച്ചിരുന്നുവെങ്കില്‍ ഈ അവസ്ഥ ഒഴിവാക്കാമായിരുന്നു. പിന്നാക്കക്ഷേമത്തിന്റെ സ്ഥിതിവിവരം പഠിക്കാന്‍ നിയോഗിക്കപ്പെട്ട ആദ്യത്തെ ഔദ്യോഗിക സംവിധാനമാണ് കാക്കാ കലേക്കര്‍ കമ്മീഷന്‍. 1955ല്‍ നിയോഗിക്കപ്പെട്ട ഈ കമ്മീഷന് സാങ്കേതിക തടസ്സങ്ങള്‍ ഉന്നയിക്കപ്പെട്ടതു കാരണം റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ പോലുമായില്ല. കമ്മീഷന്‍ അങ്ങനെ കാലഹരണപ്പെട്ടു. 10 വര്‍ഷം കൂടുമ്പോള്‍ ഇത്തരത്തില്‍ സ്ഥിതിവിവര പഠനങ്ങള്‍ നടക്കണമെന്ന ഭരണഘടനാ അനുശാസനയെ കാറ്റില്‍ പറത്തുകയാണ് കോണ്‍ഗ്രസ് ഭരണകൂടം ചെയ്തത്. ഇടക്കാലത്ത് ജനതാ പാര്‍ട്ടി അധികാരത്തില്‍ വന്നപ്പോള്‍ അന്നത്തെ പ്രധാനമന്ത്രി മൊറാര്‍ജി ദേശായിയാണ് തദുദ്ദേശ്യാര്‍ഥം 1978ല്‍ മണ്ഡല്‍ കമ്മീഷനെ നിയോഗിക്കുന്നത്. കമ്മീഷന്‍ റിപോര്‍ട്ട് സമര്‍പ്പിച്ചപ്പോള്‍ വീണ്ടും കോണ്‍ഗ്രസ് സര്‍ക്കാരായിരുന്നു അധികാരത്തില്‍. 1980 ഡിസംബര്‍ 31ന് അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിക്ക് റിപോര്‍ട്ട് സമര്‍പ്പിക്കുകയുണ്ടായി. എന്നാല്‍, ഇന്ദിരാ ഭരണകൂടം അതിന്മേല്‍ നടപടിയൊന്നും കൈക്കൊണ്ടില്ല. 1990 ആഗസ്ത് 7ന് ജനതാദളുകാരനായ പ്രധാനമന്ത്രി വി.പി. സിങ് ആണ് മണ്ഡല്‍ റിപോര്‍ട്ട് പുറത്തുവിട്ടതും ഭാഗികമായിട്ടെങ്കിലും അതു നടപ്പാക്കുമെന്നു പ്രഖ്യാപിച്ചതും. (മണ്ഡല്‍ റിപോര്‍ട്ടിനെതിരേ ദേശവ്യാപകമായ പ്രക്ഷോഭമുയര്‍ന്നതും ബി.ജെ.പിയോടൊപ്പം കോണ്‍ഗ്രസ്സും അതില്‍ സജീവ പങ്കാളിത്തം വഹിച്ചതും സമാന്തരമായി മന്ദിര്‍-മസ്ജിദ് വിവാദം കത്തിപ്പടര്‍ന്നതും വി.പി. സിങ് സര്‍ക്കാര്‍ നിലംപൊത്തിയതും ചരിത്രം). ഞെട്ടിക്കുന്ന സ്ഥിതിവിവര കണക്കുകളാണ് മണ്ഡല്‍ റിപോര്‍ട്ടിലുണ്ടായിരുന്നത്. വിവേചനത്തിന്റെ ദുരവസ്ഥ പരിഹരിക്കാന്‍ ക്രിയാത്മകമായ നിര്‍ദേശങ്ങള്‍ കമ്മീഷന്‍ മുമ്പോട്ടുവച്ചിരുന്നു. പക്ഷേ, ഭരണകൂടത്തിന്റെ പക്ഷപാതിത്വ മനസ്സാക്ഷിക്ക് അതൊന്നും കാര്യമായി തോന്നിയില്ല. ഏറെക്കാലത്തെ മുറവിളിക്കു ശേഷമാണ് രംഗനാഥ മിശ്ര കമ്മീഷന്‍ നിയോഗിക്കപ്പെട്ടത്. 2007 മെയ് 22നു കമ്മീഷന്‍ സര്‍ക്കാരിനു റിപോര്‍ട്ട് സമര്‍പ്പിച്ചു. പിന്നാക്കക്ഷേമം ഉറപ്പാക്കാന്‍ നടപടികള്‍ അനുശാസിക്കുന്ന ഭരണഘടനയുടെ 30ാം വകുപ്പ് നടപ്പാക്കപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ സമഗ്രമായ നിയമം നിര്‍മിക്കണമെന്നാണ് മിശ്ര കമ്മീഷന്റെ സുപ്രധാന നിര്‍ദേശം. മുസ്‌ലിംകള്‍ ഉള്‍പ്പെടെയുള്ള പിന്നാക്കവിഭാഗങ്ങളുടെ കാര്യത്തില്‍ ഭരണഘടനയുടെ ഉറപ്പുകളും ഉപാധികളും ലംഘിക്കപ്പെടുകയാണെന്ന് മിശ്ര കമ്മീഷനും ചൂണ്ടിക്കാട്ടുന്നു. രാഷ്ട്രീയ പരിഹാരങ്ങളുടെ ആവശ്യകതയിലേക്കാണ് മിശ്ര കമ്മീഷനും വിരല്‍ ചൂണ്ടുന്നത്. പുത്തന്‍ ലോകക്രമത്തിലെ പുതിയ വെല്ലുവിളികള്‍ മുസ്‌ലിം സമുദായത്തെ മാത്രമല്ല, മുഴുവന്‍ പിന്നാക്കസമൂഹങ്ങളെയും ഗുരുതരമായി ബാധിക്കുന്നവയാണ്. ആഗോളീകരണവും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ നവലിബറല്‍ നയങ്ങളും കോര്‍പറേറ്റുകളുടെ അധിനിവേശവും രാജ്യത്തിന്റെ സാമൂഹിക ക്രമത്തില്‍ വന്‍ പ്രതിസന്ധികള്‍ ഉയര്‍ത്തിയിരുന്നു. ജസ്റ്റിസ് രജീന്ദര്‍ സച്ചാര്‍ തന്റെ റിപോര്‍ട്ട് കേന്ദ്ര സര്‍ക്കാരിനു സമര്‍പ്പിച്ച ശേഷം ഡല്‍ഹിയില്‍ നടത്തിയ പത്രസമ്മേളനത്തില്‍ ഊന്നിപ്പറഞ്ഞത്, ആഗോളീകരണം മുസ്‌ലിം സമുദായത്തെ കൂടുതല്‍ പാപ്പരാക്കുന്നുവെന്നാണ്. സച്ചാര്‍ റിപോര്‍ട്ടിനെ ആഘോഷമായി കൊണ്ടുനടന്നവര്‍ പോലും സൗകര്യപൂര്‍വം ഇക്കാര്യം വിസ്മരിക്കുകയാണുണ്ടായത്. പരമ്പരാഗത വ്യവസായങ്ങള്‍ ഏറക്കുറേ ചത്തൊടുങ്ങി. നേരത്തേ അര്‍ധതൊഴിലുണ്ടായിരുന്ന ചെറുപ്പക്കാര്‍ പൂര്‍ണമായും തൊഴിലില്ലാത്തവരായി. കമ്പോളത്തിലെ കോര്‍പറേറ്റ് കടന്നുകയറ്റം പരമ്പരാഗത കച്ചവടരീതികളെ തീര്‍ത്തും കെട്ടുകെട്ടിച്ചു. അര്‍ധപട്ടിണിക്കാരായ ചെറുകിട കച്ചവടക്കാര്‍ അതോടെ മുഴുപ്പട്ടിണിക്കാരായി. പൊതുവിദ്യാഭ്യാസത്തില്‍ നിന്നു സര്‍ക്കാരുകള്‍ പിന്‍വലിയുകയും സ്വകാര്യ-സ്വാശ്രയ വിദ്യാഭ്യാസം പുഷ്ടിപ്പെടുകയും ചെയ്തതോടെ പഠനച്ചെലവുകള്‍ വഹിക്കാന്‍ കെല്‍പ്പില്ലാത്ത ഇടത്തരക്കാര്‍ പോലും വിദ്യാഭ്യാസ സ്ഥാപനങ്ങളോട് വിടചൊല്ലാന്‍ തുടങ്ങി. പൊതുമേഖലാ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടപ്പെടുകയും സ്വകാര്യവല്‍ക്കരണത്തിനു വേഗം കൂടുകയും ചെയ്തതോടെ സംവരണ പരിരക്ഷയില്ലാത്ത സ്വകാര്യ സംരംഭങ്ങള്‍ പിന്നാക്കന്യൂനപക്ഷങ്ങള്‍ക്കു മുമ്പില്‍ വാതിലുകളടച്ചു. (സ്വകാര്യ സംരംഭങ്ങളില്‍ കൂടി പിന്നാക്ക സംവരണം ഏര്‍പ്പെടുത്തണമെന്ന വിപ്ലവകരമായ നിര്‍ദേശമുണ്ടായിരുന്നു മണ്ഡല്‍ കമ്മീഷന്റെ ശുപാര്‍ശകളില്‍). മധ്യവര്‍ഗ ഉപഭോഗ താല്‍പ്പര്യങ്ങളെ സുഖിപ്പിച്ചുകൊണ്ടും അതിസമ്പന്നന്‍മാരുടെ ഇഷ്ടാനിഷ്ടങ്ങള്‍ക്കു മുന്തിയ പരിഗണനകള്‍ നല്‍കിയും സര്‍ക്കാരുകള്‍ കമ്പോളനയങ്ങളും എക്‌സ്‌പോര്‍ട്ട്-ഇംപോര്‍ട്ട് പോളിസികളും നടപ്പാക്കാന്‍ തുടങ്ങിയതോടെ പാവപ്പെട്ടവര്‍ തെരുവാധാരമാകാന്‍ തുടങ്ങി. അതിലാഭത്തില്‍ ആര്‍ത്തിപൂണ്ട കോര്‍പറേറ്റ് മുതലാളിത്തം കൃത്രിമമായ വിലക്കയറ്റം സൃഷ്ടിച്ചു ലാഭക്കൊയ്ത്തു തുടങ്ങിയതോടെ ക്രയവിക്രയശേഷിയറ്റ പാവപ്പെട്ടവര്‍ അക്ഷരാര്‍ഥത്തില്‍ നിലംപൊത്തി. ശരാശരി ഇന്ത്യക്കാരന്റെ പ്രതിദിന വരുമാനം 20 രൂപയില്‍ താഴെയാണെന്ന സാമ്പത്തിക ശാസ്ത്രജ്ഞന്‍ അമര്‍ത്യാസെന്നിന്റെ നിരീക്ഷണം ഇതോടൊന്നിച്ചു ചേര്‍ത്തുവായിക്കുക. വിശപ്പകറ്റാന്‍ നിവൃത്തിയില്ലാത്ത കോടിക്കണക്കിനു ജനങ്ങള്‍ നരകയാതന അനുഭവിക്കുന്നു. ദുരിതത്തിന്റെ ഈ അശനിപാതം നിലവിലേ പടുകുഴിയിലായ പ്രാന്തവല്‍കൃത വിഭാഗങ്ങളെ- ദലിതുകളും മുസ്‌ലിംകളും ഉള്‍പ്പെട്ട അതീവ പാവങ്ങളെ- പ്രതികൂലമായി ബാധിക്കുമെന്നു പറയേണ്ടതില്ലല്ലോ. ഈ അതീവ ഗുരുതരമായ സ്ഥിതിവിശേഷത്തെ നേരിടാന്‍ ജാതിപരമോ സാമുദായികമോ ആയ നിലപാടുകളല്ല, രാഷ്ട്രീയ നിലപാടുകളാണ് വേണ്ടത്. മാരകമായ മറ്റൊരു വിപത്താണ് വര്‍ഗീയത. ഭരണകൂടങ്ങള്‍ തന്നെ വര്‍ഗീയതയെ സ്‌പോണ്‍സര്‍ ചെയ്യുന്ന അതീവ ഗുരുതരമായ സ്ഥിതിവിശേഷമാണ് ഇപ്പോള്‍ രാജ്യത്തുള്ളത്. വിവിധ സമുദായങ്ങള്‍ക്കിടയില്‍ അകല്‍ച്ചയുണ്ടാക്കുകയും ഓരോരുത്തരെയും സ്വന്തം സാമുദായികാടിത്തറകളില്‍ തളച്ചിടുകയും ചെയ്യുന്നതിന്റെ പിന്നാമ്പുറങ്ങളില്‍ അധീശത്വവിഭാഗങ്ങളുടെ ലാഭതാല്‍പ്പര്യങ്ങളുണ്ട്. കൊടിയ അഴിമതികളിലൂടെ കോടികള്‍ കൊയ്തുകൂട്ടാന്‍ അധികാരവും ഭരണവും നിലനില്‍ക്കണം. അതിന്റെ ഏറ്റവും ചെലവു കുറഞ്ഞ ഉപാധിയാണ് ജാതി-മതസമുദായങ്ങളുടെ കമ്പാര്‍ട്ട്‌വല്‍ക്കരണം. വര്‍ഗീയവികാരം ഊതിവീര്‍പ്പിച്ചാലേ ഇത് സാധ്യമാവുകയുള്ളൂ. ഈ കടുംകൈ കൊണ്ട് കൂടുതല്‍ നഷ്ടം പേറേണ്ടിവരുന്നത് സ്വാഭാവികമായും പ്രാന്തവല്‍കൃത ജനവിഭാഗങ്ങളാണ്. സാമ്പത്തികാടിത്തറയും സാമൂഹിക വളര്‍ച്ചയുമുള്ള മുന്നാക്കവിഭാഗങ്ങളെയല്ല, അധോഗതിയിലാണ്ട പാവപ്പെട്ടവരെയാണ് സംഘര്‍ഷങ്ങളും കലാപങ്ങളും കുത്തുപാളയെടുപ്പിക്കുന്നത്. രാജ്യത്ത് ഇന്നോളമുണ്ടായ വര്‍ഗീയ കലാപങ്ങളെ മുഴുവന്‍ പരിശോധിച്ചാല്‍ പരമ്പരാഗത തൊഴില്‍മേഖലകളെയാണ് അതു തരിപ്പണമാക്കിയതെന്നു കാണാം. മധ്യവര്‍ഗ മുതലാളിത്തത്തെയും വന്‍കിട മുതലാളിമാരെയുമാണ് അത് കൊഴുപ്പിച്ചത്. തെരുവുകള്‍ കത്തിച്ചാമ്പലാകുന്നേടത്ത് പുനര്‍ജനിക്കുന്നത് കൂറ്റന്‍ ഷോപ്പിങ് മാളുകളും വന്‍കിട ബിസിനസ് സമുച്ചയങ്ങളുമാണ്. കലാപങ്ങളുടെ പിന്നാമ്പുറങ്ങളിലെ കഴുകക്കണ്ണുകളെ തിരിച്ചറിയാന്‍ വലിയ ഗവേഷണങ്ങളൊന്നും ആവശ്യമില്ല. ഈ വസ്തുതകളെയൊക്കെ ചേര്‍ത്തുവച്ചു നിരീക്ഷിച്ചാല്‍ ബോധ്യമാകുന്നത് ഇത്രയുമാണ്: മുസ്‌ലിം സമുദായം ഉള്‍പ്പെടെ പ്രാന്തവല്‍കൃത സമൂഹങ്ങളെ കൈപിടിച്ചുയര്‍ത്താന്‍ ഇച്ഛാശക്തിയുള്ള, നിശ്ചയദാര്‍ഢ്യമുള്ള, സത്യസന്ധമായ രാഷ്ട്രീയ ചുവടുവയ്പുകള്‍ അനിവാര്യമാണ്. അതു പക്ഷേ സാമുദായികമോ ജാതിപരമോ വര്‍ഗീയമോ ആയ അടിത്തറകളിലാവരുത്. മതനിരപേക്ഷ നിലപാടുകള്‍ ഉയര്‍ത്തിപ്പിടിക്കുന്ന വ്യക്തികളും വിഭാഗങ്ങളും അതിന്റെ ഭാഗമാവണം. ന്യൂനപക്ഷ അവഗണനയെയും ന്യൂനപക്ഷ വിവേചനത്തെയും വൈകാരികമായ സാമുദായിക വിഷയമായി ഊതിവീര്‍പ്പിക്കരുത്. അപ്രകാരം ചെയ്താല്‍ അതിന്റെ ഗുണം പറ്റുന്നത് വര്‍ഗീയതയെ വിറ്റ് നേട്ടം കൊയ്യുന്ന ദുശ്ശക്തികളാവും. ന്യൂനപക്ഷങ്ങള്‍ക്ക് ഒരു നേട്ടവും അതുകൊണ്ട് കിട്ടാന്‍ പോകുന്നില്ല. ഭരണകൂടത്തിന്റെ നീതിനിഷേധങ്ങള്‍ക്കെതിരേ, വര്‍ഗീയവല്‍ക്കരണത്തിനെതിരേ, കോര്‍പറേറ്റ് ചൂഷണങ്ങള്‍ക്കെതിരേ, അഴിമതിക്കും വിലക്കയറ്റത്തിനുമെതിരേ നിരന്തരമായി പ്രതികരിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്തുപോരുന്ന മതനിരപേക്ഷ രാഷ്ട്രീയവുമായി ഐക്യപ്പെടുന്നതാണ് മുസ്‌ലിം ന്യൂനപക്ഷം ഉള്‍പ്പെടെയുള്ള എല്ലാ പ്രാന്തവല്‍കൃത ജനസമൂഹങ്ങള്‍ക്കും അഭികാമ്യമായിട്ടുള്ളത്. ഇത്തരമൊരു നിലപാടിലാണ് ന്യൂനപക്ഷ രാഷ്ട്രീയത്തെ കരുപ്പിടിപ്പിക്കേണ്ടത്. ി

RELATED STORIES

Share it
Top