ന്യൂനപക്ഷ മനസ്സുകളില്‍ കയറിക്കൂടാന്‍ വീണ്ടും സിപിഎം ശ്രമം

സമീര്‍   കല്ലായി

മലപ്പുറം: ന്യൂനപക്ഷങ്ങളിലേക്ക് കണ്ണെറിഞ്ഞ് വീണ്ടും സിപിഎം. ഇന്നലെ തുടങ്ങിയ മലപ്പുറം ജില്ലാ സമ്മേളനത്തിലാണ് വീണ്ടും മുസ്‌ലിം ന്യൂനപക്ഷങ്ങളെയടക്കം പാട്ടിലാക്കുമെന്ന സൂചന സിപിഎം വൃത്തങ്ങളില്‍നിന്നുണ്ടായത്. മുത്ത്വലാഖ് വിഷയത്തില്‍ മുസ്‌ലിം ന്യൂനപക്ഷത്തിനൊപ്പമാണെന്ന പ്രഖ്യാപനത്തോടെയാണ് സിപിഎം മലപ്പുറം ജില്ലാ സമ്മേളനം ആരംഭിച്ചത്. മുത്ത്വലാഖ് ക്രിമിനല്‍ കുറ്റമാക്കുന്നതിനെതിരേ ശക്തമായ ഭാഷയിലാണ് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പ്രതികരിച്ചത്. മുത്ത്വലാഖില്‍ മോദിക്ക് ദുഷ്ടലാക്കാണുള്ളതെന്നും മുസ്‌ലിം സ്ത്രീകളുടെ വക്താവാകാനുള്ള ശ്രമമാണ് നടക്കുന്നതെന്നും കോടിയേരി പ്രസംഗത്തില്‍ കുറ്റപ്പെടുത്തി. അതേസമയം, കോണ്‍ഗ്രസ്സുമായി വ്യക്തമായി അകലം പാലിക്കുമെന്നും കോടിയേരിയുടെ സംസാരത്തില്‍ വ്യക്തമായിരുന്നു. ലീഗുമായി കൂട്ടുകൂടാനുള്ള പഴയ മോഹവും കോടിയേരി പൊടിതട്ടിയെടുത്തു. കോണ്‍ഗ്രസ്സുമായി ചേര്‍ന്ന് മുസ്‌ലിംലീഗിന് ആര്‍എസ്എസിന്റെ വെല്ലുവിളി നേരിടാനോ മതന്യൂനപക്ഷ താല്‍പര്യം സംരക്ഷിക്കാനോ കഴിയില്ലെന്നും കോടിയേരി ചൂണ്ടിക്കാട്ടി. സംസ്ഥാനത്ത് ബിജെപിയെ പ്രതിരോധിക്കാ ന്‍ മതന്യൂനപക്ഷങ്ങളുടെ സഹായം ആവശ്യമാണെന്നു സിപിഎം തിരിച്ചറിഞ്ഞിട്ടുണ്ട്. നേരത്തേ മുസ്‌ലിം വിഭാഗത്തെ വോട്ടുബാങ്കായി മാത്രം സിപിഎം മുതലെടുക്കുന്നുവെന്ന ആരോപണമുണ്ടായിരുന്നു. ഇതിനെ മറികടക്കാനാണ് മുസ്‌ലിം വിഷയങ്ങള്‍ ഏറ്റെടുക്കാന്‍ സിപിഎം തീരുമാനിച്ചിട്ടുള്ളത്. സംസ്ഥാന സര്‍ക്കാരിന്റെ പോലിസ് നയവും ന്യൂനപക്ഷ വിരുദ്ധ നിലപാടുകളും മലപ്പുറം ജില്ലയിലെ ഏരിയാ സമ്മേളനങ്ങളില്‍ ഏറെ ചര്‍ച്ചയായിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പിലും ഉപതിരഞ്ഞെടുപ്പുകളിലും പാര്‍ട്ടിക്ക് ലഭിച്ച മേല്‍ക്കോയ്മ ഈ നയം മൂലം ഇല്ലാതാവുമെന്നായിരുന്നു വിമര്‍ശനമുയര്‍ന്നിരുന്നത്. മുസ്്‌ലിം വിഷയങ്ങള്‍ ഏറ്റെടുത്തെങ്കില്‍ മാത്രമേ മലബാര്‍ ജില്ലകളില്‍ മുസ്‌ലിംലീഗിനെ മറികടന്ന് പാര്‍ട്ടിക്ക് മുന്നേറാനാവൂവെന്ന തിരിച്ചറിവും പുതിയ നീക്കത്തിനു പിന്നിലുണ്ടെന്നാണ് രാഷ്ട്രീയ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.

RELATED STORIES

Share it
Top