ന്യൂനപക്ഷ പ്രീ-മെട്രിക് സ്‌കോളര്‍ഷിപ്പ് : മുസ്്‌ലിം വിദ്യാര്‍ഥികള്‍ക്ക് കുറഞ്ഞ ക്വാട്ട

പി എം അഹ്്മദ്്

തിരുവനന്തപുരം: വരുമാന പരിധിയിലെ വിവേചനംമൂലം കേന്ദ്രാവിഷ്‌കൃത പദ്ധതിയായ ന്യൂനപക്ഷ പ്രീ-മെട്രിക് സ്‌കോളര്‍ഷിപ്പുകള്‍ അട്ടിമറിക്കപ്പെടുന്നു. പൂര്‍ണമായും കേന്ദ്ര സര്‍ക്കാരിന്റെ ഫണ്ട് വിനിയോഗിച്ചുള്ള ഈ സ്‌കോളര്‍ഷിപ്പ് മതന്യൂനപക്ഷ വിഭാഗങ്ങളില്‍പ്പെട്ട സമര്‍ഥരായ ഒന്നു മുതല്‍ 10 വരെ ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്കാണ്. രക്ഷകര്‍ത്താവിന്റെ വാര്‍ഷിക വരുമാനപരിധി ഒരു ലക്ഷം രൂപയാണ് ഇതിനു നിശ്ചയിച്ച മാനദണ്ഡം. അതേസമയം 50 ശതമാനം കേന്ദ്രസര്‍ക്കാര്‍ ധനസഹായത്തോടെ സംസ്ഥാന സര്‍ക്കാര്‍ ഹിന്ദു സമൂഹത്തിലെ ഒബിസി വിഭാഗങ്ങള്‍ക്കായി നടപ്പാക്കുന്ന പ്രീ-മെട്രിക് സ്‌കോളര്‍ഷിപ്പ് നല്‍കുന്നതിനു രക്ഷകര്‍ത്താവിന്റെ വാര്‍ഷിക വരുമാന പരിധി 2.5 ലക്ഷം രൂപയാണ്. ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പിന് സമാന്തരമായി സംസ്ഥാനത്ത് പിന്നാക്ക വിഭാഗ വികസന വകുപ്പ് നടപ്പാക്കുന്ന ഒബിസി പ്രീ-മെട്രിക് സ്‌കോളര്‍ഷിപ്പാവട്ടെ പൂര്‍ണമായും ഹിന്ദു ഒബിസി സ്‌കോളര്‍ഷിപ്പാണ്.
ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കു ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് ലഭിക്കുന്നതിനാല്‍ ഒബിസി പ്രീ-മെട്രിക് സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാന്‍ അര്‍ഹതയില്ലെന്ന് ഇതു സംബന്ധിച്ച സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു. കൂടാതെ എസ്‌സി, എസ്ടി വിഭാഗങ്ങള്‍ക്കും അനുബന്ധമായി ചേര്‍ത്തിട്ടുള്ള 30 ഒഇസി വിഭാഗങ്ങള്‍ക്കും പ്രത്യേകം സ്‌കോളര്‍ഷിപ്പ് ലഭിക്കുന്നതിനാല്‍ ഒബിസി സ്‌കോളര്‍ഷിപ്പിന് അര്‍ഹതയില്ല. സംസ്ഥാനത്തെ ഹിന്ദുസമൂഹത്തിലെ പ്രബലവും ഒബിസിയില്‍ പെടുന്നതുമായ ഒരു പ്രത്യേക വിഭാഗത്തിനു മാത്രമായി കോടിക്കണക്കിനു തുകയാണു സ്‌കോളര്‍ഷിപ്പിന്റെ പേരില്‍ നല്‍കുന്നത്. 2017-18ല്‍ മൂന്നര ലക്ഷം വിദ്യാര്‍ഥികള്‍ക്കായി 28.65 കോടി രൂപയാണ് ഒബിസി സ്‌കോളര്‍ഷിപ്പ് നല്‍കിയത്. ഇതില്‍ 65 ശതമാനത്തോളം ഹിന്ദു ഈഴവ വിഭാഗത്തിന് മാത്രമായി ലഭിച്ചു. കേന്ദ്ര ഫണ്ടായി 5.21 കോടി മാത്രമാണു ലഭിച്ചത്. ബാക്കി തുക സംസ്ഥാന സര്‍ക്കാര്‍ വിഹിതമാണ്. ഹിന്ദു ഒബിസിയില്‍ 73 വിഭാഗങ്ങള്‍ ഉള്‍പ്പെടുന്നുണ്ടെങ്കിലും സംസ്ഥാന ജനസംഖ്യയില്‍ അതില്‍ 65 ശതമാനത്തോളം ഈഴവരും 20 ശതമാനം വിശ്വകര്‍മ വിഭാഗത്തില്‍പെട്ടവരുമാണ്. ഒബിസി സ്‌കോളര്‍ഷിപ്പിനുള്ള വരുമാനപരിധി സര്‍ക്കാര്‍ ജീവനക്കാരുടെ ഉള്‍പ്പെടെയുള്ളവരുടെ മക്കള്‍ക്ക് ആനുകുല്യം ലഭിക്കുന്ന തരത്തിലാണു നിശ്ചയിച്ചിരിക്കുന്നത്. ന്യൂനപക്ഷ വിദ്യാര്‍ഥികള്‍ക്കു സ്‌കോളര്‍ഷിപ്പിനായി അപേക്ഷ അയക്കുന്നതിന് അംഗീകൃത അധികാരികളില്‍ നിന്നുള്ള വരുമാന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. അതേസമയം ഹിന്ദു ഒബിസി വിഭാഗത്തിനാവട്ടെ സ്വയം തയ്യാറാക്കിയ സാക്ഷ്യപത്രം മാത്രം മതി. വരുമാന പരിധിയിലെ വിവേചനത്തിലൂടെ സമര്‍ഥരായ ന്യൂനപക്ഷ വിദ്യാര്‍ഥികള്‍ക്കു ലഭിക്കേണ്ട സ്‌കോളര്‍ഷിപ്പ്് ആനുകുല്യം അട്ടിമറിക്കപ്പെടുകയാണ്. ന്യൂനപക്ഷ പ്രീണനത്തിന്റെ പേരില്‍ മുറവിളി കൂട്ടുന്നവരാണ് ഒബിസി സ്‌കോളര്‍ഷിപ്പിന്റെ യഥാര്‍ഥ ഗുണഭോക്താക്കള്‍. കഴിഞ്ഞ വര്‍ഷം 1,21,705 (മുസ്്‌ലിം), 93,808 (ക്രിസ്ത്യന്‍), 43 (സിഖ്), 31 (ബുദ്ധ), 13 (പാഴ്‌സി), 70 (ജൈന) എന്നിങ്ങനെയായിരുന്നു പുതുതായി സ്‌കോളര്‍ഷിപ്പ് നല്‍കിയത്.
ന്യൂനപക്ഷ സമൂഹത്തിലെ വിദ്യാര്‍ഥികളുടെ വിദ്യാഭ്യാസ പുരോഗതി ലക്ഷ്യംവച്ച് 2006 ജൂണില്‍ അന്നത്തെ കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച പ്രധാനമന്ത്രിയുടെ 15 ഇന പരിപാടിയി ല്‍ ഉള്‍പ്പെടുത്തിയാണു ന്യൂനപക്ഷ വിദ്യാര്‍ഥികള്‍ക്കുള്ള പ്രീ-മെട്രിക് സ്‌കോളര്‍ഷിപ്പ് നടപ്പാക്കിയത്. 12 വര്‍ഷം പിന്നിട്ടിട്ടും അന്നത്തെ വാര്‍ഷിക വരുമാന പരിധിയായ ഒരു ലക്ഷം രൂപയ്ക്കു മാറ്റംവന്നിട്ടില്ല. സ്‌കോളര്‍ഷിപ്പില്‍ മുസ്്‌ലിം, ക്രിസ്ത്യന്‍, ബുദ്ധര്‍, ജൈനര്‍, സിഖ്, പാഴ്‌സി എന്നീ വിഭാഗങ്ങളെയാണു മതന്യൂനപക്ഷ വിഭാഗങ്ങളായി പരിഗണിക്കുന്നത്.
ന്യൂനപക്ഷ പ്രീ-മെട്രിക് സ്‌കോളര്‍ഷിപ്പില്‍ രാജ്യത്തെ ജനസംഖ്യാ കണക്കനുസരിച്ചാണ് ഓരോ വിഭാഗങ്ങള്‍ക്കുമുള്ള ആനുപാതിക ക്വാട്ട നിശ്ചയിക്കുന്നത്. സംസ്ഥാനത്തു പദ്ധതി ആരംഭിച്ച 2008-09 മുതല്‍ 2001ലെ സെന്‍സസ് പ്രകാരമായിരുന്നു സ്‌കോളര്‍ഷിപ്പിന് അര്‍ഹരുടെ ക്വാട്ട നിശ്ചയിച്ചത്. കഴിഞ്ഞതവണ കേരളത്തിലെ പുതിയ 2,15,670 ന്യൂനപക്ഷ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ 7,07,821 പേര്‍ക്കാണു സ്‌കോളര്‍ഷിപ്പ് നല്‍കിയത്. ഈ വര്‍ഷം മുതല്‍ 2011ലെ സെന്‍സസ് അനുസരിച്ച് പുതുതായി 1,92,789 പേര്‍ക്കാണ് സംസ്ഥാനത്ത് സ്‌കോളര്‍ഷിപ്പ് നല്‍കുന്നത്. ഈ വര്‍ഷം ക്വാട്ട കുറവ് വന്നു. ഓരോ വിഭാഗത്തിനുമുള്ള ക്വാട്ട 2011ലെ സെന്‍സസ് അനുസരിച്ച് കണക്കാക്കും. കൂടാതെ സ്‌കോളര്‍ഷിപ്പില്‍ സര്‍ക്കാര്‍, എയ്ഡഡ്, അണ്‍ എയ്ഡഡ് ഉള്‍പ്പെടെയുള്ളവര്‍ക്ക് ആനുകുല്യം ലഭിക്കും. അണ്‍ എയ്ഡഡ് സ്‌കൂളില്‍ പഠിക്കുന്നവര്‍ക്ക് ഫീസ് റീഇംപേഴ്‌സ്‌മെന്റ് ഉള്‍പ്പെടെ വലിയ തുക ലഭിക്കും. അതേസമയം സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളില്‍ പഠിക്കുന്നവര്‍ക്ക് തുച്ഛമായ തുകയാണ് ലഭിക്കുന്നത്. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരില്‍ ഏറെ പേരും ആനുകൂല്യത്തിനു പുറത്താവാനും ഇതു കാരണമാവും.

RELATED STORIES

Share it
Top