ന്യൂനപക്ഷ കമ്മീഷന്‍ സിറ്റിങ്; എട്ടു കേസുകള്‍ തീര്‍പ്പാക്കികോട്ടയം: സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ ചെയര്‍മാന്‍ പി കെ ഹനീഫ, അംഗം അഡ്വ. ബിന്ദു എം തോമസ് എന്നിവരുടെ നേതൃത്വത്തില്‍ ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തിയ സിറ്റിങില്‍ എട്ടു കേസുകള്‍ തീര്‍പ്പാക്കി. കോട്ടയം, പത്തനംതിട്ട ജില്ലകളില്‍ നിന്നുള്ള 20 കേസുകളാണ് സിറ്റിങില്‍ പരിഗണിച്ചത്.പഞ്ചായത്ത് അംഗത്തിന്റെ നേതൃത്വത്തില്‍ ആളുകള്‍ അനധികൃതമായി സംഘടിച്ച് തന്റെ സ്ഥലം കൈയേറി റോഡ് വെട്ടി എന്ന പരാതിയില്‍ പോലിസ് യഥാസമയം വേണ്ട നടപടി എടുത്തില്ലെന്ന കോട്ടയം കൂവത്തോട് സ്വദേശി നല്‍കിയ പരാതിയില്‍ ആവശ്യമായ സംരക്ഷണം നല്‍കാന്‍ പാലാ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ക്ക് കമ്മീഷന്‍ നിര്‍ദേശം നല്‍കി. ഇത് സംബന്ധിച്ച് എതിര്‍ കക്ഷികള്‍ക്കെതിരെയുള്ള കുറ്റപത്രം തയ്യാറാക്കിയതായി പോലിസ് കമ്മീഷനെ അറിയിച്ചു. കോട്ടയം മുട്ടമ്പലം സ്വദേശിനി 2009ല്‍ ബാങ്ക് ഓഫ് ബറോഡ, കോട്ടയം ശാഖയില്‍ നിന്നെടുത്ത ഒമ്പത് ലക്ഷം രൂപയുടെ വിദ്യാഭ്യാസ വായ്പ തിരിച്ചടവ് സംബന്ധിച്ച കേസും സിറ്റിങില്‍ തീര്‍പ്പാക്കി. പരാതിക്കാരി വായ്പതുകയായ ഒമ്പത് ലക്ഷം രൂപ തിരിച്ചടച്ചാല്‍ നടപടികള്‍ അവസാനിപ്പിക്കാമെന്ന് ബാങ്ക് അധികൃതര്‍ കമ്മീഷനെ അറിയിച്ചതിനെ തുടര്‍ന്നാണിത്.യഥാസമയം തപാല്‍ വകുപ്പ് ഇന്റര്‍വ്യൂവിനുള്ള അറിയിപ്പ് നല്‍കാത്തതിനാല്‍ തൊഴിലവസരം നഷ്ടപ്പെട്ടതായി വൈക്കം, കുലശേഖരമംഗലം സ്വദേശിയായ ഉദ്യോഗാര്‍ഥി കമ്മീഷന് പരാതി നല്‍കി. ജോലി ലഭിക്കാതെ പോയതിന് തപാല്‍ വകുപ്പില്‍ നിന്ന് നഷ്ടപരിഹാരം ഈടാക്കി നല്‍കണമെന്നാണ് പരാതിക്കാരന്റെ ആവശ്യം. ഇത് സംബന്ധിച്ച് കോട്ടയം സീനിയര്‍ പോസ്റ്റല്‍ സൂപ്രണ്ട് നല്‍കിയ റിപോര്‍ട്ട് കമ്മീഷന്‍ ഫയലില്‍ സ്വീകരിച്ചു. കേസ് അടുത്ത സിറ്റിങില്‍ വീണ്ടും പരിഗണിയ്ക്കും.പുതുതായി മൂന്ന് പരാതികളാണ് ഇന്നലത്തെ സിറ്റിങില്‍ ലഭിച്ചത്. ജില്ലയിലെ അടുത്ത സിറ്റിങ് മെയ് മൂന്നിന് നടക്കുമെന്ന് ചെയര്‍മാന്‍ അറിയിച്ചു. കമ്മീഷനില്‍ ലഭിക്കുന്ന പരാതികള്‍ക്ക് പരമാവധി വേഗത്തില്‍ തീര്‍പ്പു കല്‍പ്പിക്കുന്നതിന്      നടപടി സ്വീകരിച്ചു വരികയാണ്. പരാതികള്‍ ഓണ്‍ലൈനായും സ്വീകരിക്കുമെന്നും നിസാര സാങ്കേതിക പ്രശ്‌നങ്ങളുടെ പേരില്‍ പരാതികള്‍ തള്ളിക്കളയുന്ന നടപടി ഉണ്ടാകില്ലെന്നും ചെയര്‍മാന്‍  പറഞ്ഞു.

RELATED STORIES

Share it
Top