ന്യൂനപക്ഷ കമ്മീഷന്‍ അദാലത്ത്; സ്‌കോളര്‍ഷിപ്പുകള്‍ വിദ്യാര്‍ഥികളെ അറിയിക്കാന്‍ സര്‍വകലാശാലയ്ക്ക് നിര്‍ദേശം

കണ്ണൂര്‍: സ്‌കോളര്‍ഷിപ്പുകളും മറ്റു വിദ്യാഭ്യാസാനുകൂല്യങ്ങളും സംബന്ധിച്ച അറിയിപ്പുകള്‍ നോട്ടീസ് ബോര്‍ഡില്‍ പതിക്കണമെന്ന് എല്ലാ കോളജുകള്‍ക്കും നിര്‍ദേശം നല്‍കാന്‍ കണ്ണൂര്‍ സര്‍വകലാശാല രജിസ്ട്രാര്‍ക്ക് ന്യൂനപക്ഷ കമ്മീഷന്‍ നിര്‍ദേശം നല്‍കി. സ്‌കോളര്‍ഷിപ്പ് പുതുക്കുന്നതു സംബന്ധിച്ച് കാസര്‍കോട് രാജപുരം സെന്റ് പയസ് കോളജ് വിദ്യാര്‍ഥിനി ഫാത്തിമ ദില്‍കുഷ് സമര്‍പ്പിച്ച പരാതിയിലാണ് കമ്മീഷനംഗം അഡ്വ. മുഹമ്മദ് ഫൈസലിന്റെ നിര്‍ദേശം.
ബിപിഎല്‍ പട്ടികയില്‍ തിരികെ ഉള്‍പ്പെടുത്താനാവശ്യപ്പെട്ട് കാസര്‍കോട് അജാനൂര്‍ കടപ്പുറത്തെ സാബിറ സമര്‍പ്പിച്ച പരാതിയില്‍ കമ്മീഷന്റെ നിര്‍ദേശപ്രകാരം അന്ത്യോദയ അന്നയോജനയില്‍ ഉള്‍പ്പെടുത്തിയതായി ഹോസ്ദുര്‍ഗ് താലൂക്ക് സപ്ലൈ ഓഫിസര്‍ അറിയിച്ചു.
കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളം സ്ഥലമേറ്റെടുക്കുന്നതിലെ വിലനിര്‍ണയം പുനപ്പരിശോധിക്കാനാവശ്യപ്പെട്ട് മട്ടന്നൂര്‍ വായാന്തോട് എം സി കുഞ്ഞമ്മത് നല്‍കിയ പരാതിയില്‍ ഇതുസംബന്ധിച്ച് പരാതിക്കാര്‍ക്ക് അനുകൂലമായി ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവ് നടപ്പാക്കാന്‍ ജില്ലാ കലക്ടര്‍ക്ക് നിര്‍ദേശം നല്‍കി. കണ്ണൂര്‍ ജില്ലയില്‍നിന്ന് പത്തും കാസര്‍കോട് ജില്ലയില്‍നിന്ന് ഏഴും പരാതികള്‍ കമ്മീഷന്‍ പരിഗണിച്ചു. ആറുവീതം പരാതികളില്‍ വിചാരണ നടന്നു. അടുത്ത സിറ്റിങ് നവംബര്‍ 19ന് കാസര്‍കോട് കലക്ടറേറ്റില്‍ നടക്കും.

RELATED STORIES

Share it
Top