ന്യൂനപക്ഷം: പഠനരേഖ പുറത്തിറങ്ങി; 89 ശതമാനം മുസ്്‌ലിംകളും പ്രതിസന്ധി നേരിടുന്നു

ന്യൂഡല്‍ഹി: രാജ്യത്തെ 89 ശതമാനം മുസ്്‌ലിംകളും ന്യൂനപക്ഷമെന്ന നിലയിലുള്ള പ്രതിസന്ധികള്‍ നേരിടുന്നതായി പഠനം. രാജ്യത്തിന്റെ വികസന സൂചികയില്‍ 14.2 ശതമാനം വരുന്ന മുസ്്‌ലിംകള്‍ ഏറെ പിന്നിലാണെന്നും ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഒബ്ജക്റ്റീവ് സ്റ്റഡീസ് പുറത്തിറക്കിയ വിഷന്‍ 2025 സോഷ്യോ ഇക്കോണമിക് ഈക്വാലിറ്റീസ് എന്ന റിപോര്‍ട്ട് പറയുന്നു.
86 ശതമാനം മുസ്്‌ലിംകള്‍ക്കും രാജ്യത്തെ സര്‍ക്കാര്‍ പദ്ധതികളെക്കുറിച്ച് യാതൊരു അറിവുമില്ല. 44 ശതമാനം പേര്‍ സച്ചാര്‍ കമ്മിറ്റി റിപോര്‍ട്ടിനെക്കുറിച്ച് അറിഞ്ഞിട്ടുപോലുമില്ല. 3400 രേഖകള്‍ ക്രോഡീകരിച്ചും പശ്ചിമ ബംഗാള്‍, അസം, ഗുജറാത്ത്, തെലങ്കാന, തമിഴ്‌നാട്, കര്‍ണാടക, ജമ്മുകശ്മീര്‍ എന്നിവിടങ്ങളില്‍ സര്‍വേ നടത്തിയുമാണ് റിപോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്.
സര്‍ക്കാര്‍ സര്‍വീസില്‍ ചേരാന്‍ മുസ്്‌ലിംകള്‍ക്ക് കൂടുതല്‍ പ്രചോദനം നല്‍കണമെന്ന് റിപോര്‍ട്ട് ശുപാര്‍ശ ചെയ്യുന്നു. വിദ്യാഭ്യാസം, പോലിസ്, ജുഡീഷ്യറി എന്നിവിടങ്ങളില്‍ മുസ്്‌ലിം പ്രാതിനിധ്യം ഉയര്‍ത്തണം. വഖ്ഫ് ബോര്‍ഡ് തുടങ്ങിയ സ്ഥാപനങ്ങളിലെ അഴിമതി ഇല്ലാതാക്കാന്‍ നടപടി വേണം. ഹജ്ജ് സമിതികളിലും ഇത്തരത്തില്‍ പരിഷ്‌കരണം കൊണ്ടുവരണം. ഹജ്ജ്, വഖ്ഫ് ബോര്‍ഡുകളുടെ നേതൃത്വത്തിലേക്ക് രാഷ്ട്രീയനിയമനങ്ങള്‍ ഇല്ലാതാക്കണം. ഇന്ത്യന്‍ മുസ്‌ലിംകളെ താറടിക്കാന്‍ പാകിസ്താന്റെ പേര് ഉപയോഗിക്കുന്നത് അവസാനിപ്പിക്കണം. മുസ്്‌ലിംകള്‍ കൂടുതല്‍ ശുഭപ്രതീക്ഷയുള്ളവരാവണമെന്നും ശാസ്ത്രവിദ്യാഭ്യാസത്തിന് കൂടുതല്‍ ഊന്നല്‍ നല്‍കണമെന്നും റിപോര്‍ട്ട് പറയുന്നു.
അമീറുല്ലാ ഖാന്‍, അബ്ദുല്‍ അസീം അഖ്തര്‍ എന്നിവരാണ് 327 പേജ് വരുന്ന റിപോര്‍ട്ട് എഡിറ്റ് ചെയ്തിരിക്കുന്നത്.

RELATED STORIES

Share it
Top