ന്യൂജെന്‍ തമാശ

സാമൂഹിക മാധ്യമങ്ങളുടെ കരുത്തിനെപ്പറ്റി പറയുമ്പോള്‍ തന്നെ അവ സൃഷ്ടിക്കുന്ന പ്രശ്‌നങ്ങളും നമ്മുടെ പരിഗണനയില്‍ വരാറുണ്ട്. സൈബര്‍ കുറ്റങ്ങള്‍ പെരുകിവരുന്നു. ഫേസ്ബുക്ക് പ്രണയങ്ങള്‍ സൃഷ്ടിക്കുന്ന ദുരന്തങ്ങളും ട്വിറ്ററിലെ വാദപ്രതിവാദങ്ങള്‍ മൂലമുണ്ടാവുന്ന സംഘര്‍ഷങ്ങളും വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലൂടെ പ്രചരിപ്പിക്കപ്പെടുന്ന സാമുദായിക കാലുഷ്യങ്ങളുമെല്ലാം ഗൗരവപ്പെട്ട ആലോചനകളിലേക്കും പരിഹാര നടപടികളിലേക്കും നമ്മെ നയിക്കേണ്ടതുണ്ട്. ഒരു നിശ്ചയവുമില്ലയൊന്നിനും എന്നതാണ് സ്ഥിതി. പക്ഷേ, ഒരു കാര്യം ചൂണ്ടിക്കാണിച്ചേ പറ്റൂ. സാമൂഹികമാധ്യമങ്ങള്‍ നമ്മുടെ ഉള്ളിലുള്ള നര്‍മബോധത്തെ കുറച്ചൊന്നുമല്ല പരിപോഷിപ്പിക്കുന്നത്. മലയാളത്തില്‍ മാത്രമല്ല, സകലമാന ലോകഭാഷകളിലും സൈബര്‍ തമാശകള്‍ അരങ്ങുവാഴുകയാണ്. വാട്‌സ്ആപ്പിലൂടെ വരുന്ന ട്രോളുകള്‍ മിക്കപ്പോഴും തമാശ പറയാന്‍ മലയാളികള്‍ക്കുള്ള ശക്തിയുടെ അനന്തസാധ്യതകളാണ് വെളിപ്പെടുത്തുന്നത്. നിലവാരക്കുറവ് എന്നൊക്കെപ്പറഞ്ഞ് നെറ്റി ചുളിക്കുന്നവരുണ്ടാവും. പക്ഷേ, മിക്കപ്പോഴും നാം ചിരിച്ചുകുഴയുമെന്നതാണ് ശരി. ഫേസ്ബുക്കും വാട്‌സ്ആപ്പും ഇന്‍സ്റ്റഗ്രാമും മറ്റും സ്വന്തം കാര്യങ്ങള്‍ ലോകസമക്ഷം വെളിപ്പെടുത്താനും സ്വന്തം പടം നാട്ടുകാര്‍ക്കു കാണിക്കാനും വേണ്ടിയുള്ളവയാണെന്ന് വിമര്‍ശിക്കപ്പെടാറുണ്ട്. ട്വിറ്റര്‍ പരസ്പരം കലഹിക്കാനുള്ളതാണത്രേ. പക്ഷേ, ട്വിറ്ററില്‍പോലുമുണ്ട് ചിരിപ്പിക്കുന്ന നിരവധി ഏര്‍പ്പാടുകള്‍. ട്വിറ്ററിലെ പാരഡി അക്കൗണ്ടുകളിലൂടെ കടന്നുപോവുമ്പോള്‍ ഇതു ബോധ്യപ്പെടും.

RELATED STORIES

Share it
Top