ന്യായാസനം വിമര്‍ശിക്കപ്പെടുമ്പോള്‍നമ്മുടെ നാട്ടില്‍ സുപ്രിംകോടതിയോട് സാമാന്യ ജനങ്ങള്‍ക്ക് പറഞ്ഞറിയിക്കാന്‍പറ്റാത്ത ആദരവുണ്ടായിട്ടുണ്ട്. തലപ്പൊക്കമുള്ളവരെയും പ്രമാണിമാരെയും വലിയവലിയ രാഷ്ട്രീയനേതാക്കന്‍മാരെയും വിധികളിലൂടെ അകത്താക്കുമ്പോള്‍ പരമോന്നത നീതിപീഠത്തെ ജനങ്ങള്‍ വല്ലാതെ ബഹുമാനിക്കുന്നു.  ഈ കോടതികളാണു നമുക്ക് രക്ഷ എന്ന ഒരു ബോധം ജനങ്ങളില്‍ അധികമധികം ഉണ്ടാവുന്നുണ്ട്. സമീപകാലത്തെ സുപ്രിംകോടതിയുടെ ഇടപെടലുകളും വിധികളും ആഗോളതലങ്ങളില്‍ തന്നെ ഗൗരവമായ ചര്‍ച്ചകള്‍ക്കു വിധേയമായിട്ടുണ്ട്. വിധികള്‍ കേട്ട് അദ്ഭുതപ്പെടുകയും ആദരിക്കുകയും അല്ലാതെ ഇന്ത്യയിലെ എത്ര പേര്‍ക്ക് സുപ്രിംകോടതിയില്‍ കയറിയിറങ്ങാനാവും. സാധാരണക്കാര്‍ക്ക് ചിന്തിക്കാന്‍പോലും കഴിയാത്തവിധം “വിലകൂടിയ’ ഒരു ഏര്‍പ്പാടാണിത്. സുപ്രിംകോടതിയില്‍ കേസ് കൊടുക്കാനും വാദിക്കാനും വിധി സമ്പാദിക്കാനും മടിശ്ശീലയ്ക്ക് നല്ല കനമുള്ളവര്‍ക്ക് മാത്രമേ കഴിയൂ. ഒരു ജനാധിപത്യസംവിധാനത്തില്‍ അന്തിമമായ നീതിനിര്‍വഹണത്തിന് ഒരിക്കലും ഇങ്ങനെ സംഭവിച്ചുകൂടാത്തതാണ്. എന്നാല്‍, നമ്മുടെ നാട്ടിലെ സാധാരണ ജനങ്ങളെ അന്തിമ കോടതിയുമായി അടുപ്പിക്കാനുള്ള എളിയ ശ്രമംപോലും ആരുടെ ഭാഗത്തുനിന്നും ഉണ്ടാവാത്തത് വേദനാജനകമാണ്. സുപ്രിംകോടതിയിലെ മിക്ക അഭിഭാഷകരുടെയും ഫീസ് ലക്ഷങ്ങളും കോടികളുമാണ്. നോട്ട് എണ്ണുന്ന യന്ത്രങ്ങളുള്ള അഭിഭാഷകരുടെ ഓഫിസുകള്‍ ഡല്‍ഹിയില്‍ നിരവധിയുണ്ട്. അഭിഭാഷകരുടെ കഴുത്തറപ്പന്‍ ഫീസുകള്‍ക്ക് നിയന്ത്രണമുണ്ടാക്കാന്‍ കോടതികളോ സര്‍ക്കാരുകളോ ഒരു ശബ്ദവും ഉയര്‍ത്തുന്നില്ല. രാജ്യത്തെ എല്ലാ കോടതികളിലും ലക്ഷക്കണക്കിനു കേസുകള്‍ കെട്ടിക്കിടക്കുന്നതും ആര്‍ക്കും ഒരു പ്രശ്‌നവുമല്ലാതായിട്ടുണ്ട്. ഇന്ന് എത്രയോ വൈകിയാണ് നീതി നടപ്പാവുന്നത്. കൊല്ലങ്ങളോളം കോടതിവരാന്തകളില്‍ കയറിയിറങ്ങാന്‍ വിധിക്കപ്പെടുന്നവര്‍! ഈ സാഹചര്യത്തില്‍ സുപ്രിംകോടതി ഉള്‍പ്പെടെയുള്ള കോടതികളുടെ പ്രവര്‍ത്തനം നൂറുശതമാനവും സത്യസന്ധമായാണു നടക്കുന്നതെന്ന് ആരും കരുതുന്നില്ല. ഹൈക്കോടതികളിലെയും സുപ്രിംകോടതികളിലെയും ജഡ്ജിമാര്‍ക്ക് ഭരണഘടനാപരമായ പരിരക്ഷ ലഭിക്കുന്നത് ഈ തിന്മകള്‍ കൂടാനാണ് ഇടയാക്കുന്നതെന്ന ശക്തമായ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. ന്യായാധിപന്‍മാരുടെ വഴിവിട്ട പോക്കുകള്‍ ജനാധിപത്യത്തിന്റെ അടിത്തറ തകര്‍ക്കുന്നതാണ്. അതുകൊണ്ടുതന്നെ ന്യായാസനം വിമര്‍ശിക്കപ്പെടേണ്ടതുണ്ട്.  ജനങ്ങള്‍ക്ക് തുല്യമായ നീതി എത്രയും വേഗം ലഭ്യമാക്കുകയും സംസ്‌കാരസമ്പന്നമായും ആത്മാഭിമാനത്തോടെയും അന്തസ്സുറ്റ വിധത്തിലും കോടതികള്‍ പ്രവര്‍ത്തിക്കുകയും വേണമെന്നാണ് ഏവരും ആഗ്രഹിക്കുന്നത്. കല്‍ക്കത്ത ഹൈക്കോടതിയിലെ ജസ്റ്റിസ് കര്‍ണനെ ആറുമാസത്തെ തടവിനു ശിക്ഷിച്ച സുപ്രിംകോടതിയുടെ വിധിയുടെ പശ്ചാത്തലത്തിലാണ് ഇത്രയും കാര്യങ്ങള്‍ പറഞ്ഞുപോയത്. ജസ്റ്റിസ് കര്‍ണന്‍ കോടതിയെയും ജഡ്ജിമാരെയും വിമര്‍ശിക്കുന്നത് പുതിയ സംഭവമല്ല. കഴിഞ്ഞ ഒന്നരവര്‍ഷമായി നിരന്തരം അദ്ദേഹം അത് ചെയ്തുകൊണ്ടിരിക്കുന്നു. സുപ്രിംകോടതിക്കും ചീഫ്ജസ്റ്റിസിന് തന്നെയും അദ്ദേഹം നിരന്തരം പരാതികള്‍ അയച്ചിട്ടുണ്ട്. മാധ്യമങ്ങളോട് പലതും തുറന്നുപറഞ്ഞിട്ടുണ്ട്. ന്യായാധിപന്‍ എന്ന നിലയില്‍ അദ്ദേഹത്തിന്റെ ഇത്തരം പ്രവൃത്തികള്‍ ഒരുതരത്തിലും നീതീകരിക്കപ്പെടാവുന്നതല്ല. അതിനുള്ള ശിക്ഷ അദ്ദേഹം ഏറ്റുവാങ്ങേണ്ടതുണ്ട്. എന്നാല്‍, അദ്ദേഹം തന്റെ പരാതികളില്‍ ഉന്നയിച്ച കാര്യങ്ങള്‍ പരിശോധിക്കാനും അതൊക്കെ പരമാര്‍ഥമാണെങ്കില്‍ സത്വര നടപടികള്‍ സ്വീകരിക്കാനും ഉത്തരവാദപ്പെട്ടവര്‍ക്ക് ബാധ്യതയുമുണ്ട്. കോടതിക്കെതിരേയും വിധികള്‍ക്കെതിരേയും വസ്തുനിഷ്ഠവും കാര്യമാത്രപ്രസക്തവുമായ വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്നത് തടയാന്‍ കഴിയില്ല. ഏതെങ്കിലും ഒരു കര്‍ണനെ ജയിലിലടച്ചതുകൊണ്ട് തീരുന്ന പ്രശ്‌നവുമല്ലിത്.

RELATED STORIES

Share it
Top