ന്യായാധിപന്‍മാര്‍ വിമര്‍ശനത്തിന് അതീതരല്ല: ജസ്റ്റിസ് കെമാല്‍ പാഷ

കോഴിക്കോട്: ന്യായാധിപന്‍മാര്‍ നിരൂപണത്തിന് അതീതരല്ലെന്നും ഇന്ത്യയില്‍ പരമാധികാരമുള്ളത് വോട്ട് ചെയ്യുന്ന ബഹുജനങ്ങള്‍ക്ക് മാത്രമാണെന്നും ജസ്റ്റിസ് കെമാല്‍ പാഷ. ഡോ.സുകുമാര്‍ അഴീക്കോടിന്റെ 92 -ാം ജന്മദിന ആഘോഷത്തോടനുബന്ധിച്ച് മജസ്റ്റിക ഹാളില്‍ തത്വമസി സാംസ്‌കാരിക അക്കാദമി സംഘടിപ്പിച്ച സാഹിത്യോല്‍സവത്തില്‍ അഴിക്കോട് ഫതത്ത്വമസി പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യുകയായിരുന്നു അദ്ദേഹം.
ന്യായാധിപന്‍ ജനങ്ങള്‍ ഉത്തരവാദമേല്‍പ്പിച്ച ജനസേവകന്‍ മാത്രമാണ്. എന്തിനുമുള്ള സ്വാതന്ത്ര്യം വോട്ട് ചെയ്യുന്ന ബഹുജനസമൂഹത്തിനേയുള്ളൂ. മറ്റെല്ലാവര്‍ക്കുമുള്ളത് നിയന്ത്രിത സ്വാതന്ത്യമാണ്. നിയന്ത്രിക്കപ്പെടുന്ന സ്വാതന്ത്ര്യത്തിനുള്ളില്‍ നിന്നുകൊണ്ടുള്ള സര്‍ക്കസാണ് കോടതികള്‍ നടത്തേണ്ടത്.
നാല്‍ക്കാലികളെ കെട്ടിയിട്ട കയറിന്റെ നീളമാണ് സ്വാതന്ത്ര്യത്തിന്റെ അളവുകോലെന്നണ് അഴീക്കോട് വിശേഷിപ്പിച്ചത്. ജന സംഖ്യയുടെ ഒരു ശതമാനം മാത്രം വരുന്നവര്‍ സമ്പത്തിന്റെ 50 ശതമാനത്തിലേറെ കൈവശം വെക്കുന്ന നമ്മുടെ നാട്ടില്‍ എവിടെ സമത്വമുണ്ടാവാനാണ്.
കോടതിക്ക് മതത്തിന്റെ കാര്യം പറയാന്‍ എന്തധികാരമെന്നാണ് മത നേതാക്കളില്‍ ചിലര്‍ ചോദിക്കുന്നത്. എന്നാല്‍ മതങ്ങള്‍ എന്ത് പറയണം പറയരുത് എന്ന് തീരുമാനിക്കാന്‍ ഭരണഘടന അധികാരം നല്‍കിയ കോടതിക്കും ജഡ്ജിക്കും മാത്രമേ അധികാരമുള്ളൂ.
പുരുഷന് ഒന്നിലേറെ വിവാഹമാകാമെങ്കില്‍ സ്ത്രീക്കും ആകാമല്ലോയെന്ന് ഞാന്‍ അഭിപ്രായം പറഞ്ഞപ്പോള്‍ പിതാവാരെന്നറിയാന്‍ നറുക്കിടേണ്ടിവരുമെന്ന വാദവുമായി വിഷയം തിരിച്ചുവിട്ട് ആക്ഷേപിക്കാനാണ് ശ്രമിച്ചത്.
തന്നിലേക്ക് ഉള്‍വലിയുന്ന കാലത്ത് സ്വകാര്യത കുറെയൊക്കെ വെടിയാനാവണം. വിരമിച്ച ശേഷം എന്തെങ്കിലും പ്രതീക്ഷിക്കുന്നവര്‍ക്ക് സര്‍ക്കാറിനെതിരെ ഉത്തരവിറക്കാനാവില്ല. വിരമിച്ച ശേഷം തലയുയര്‍ത്തിപ്പിടിച്ച് പടിയിറങ്ങാന്‍ ഞാന്‍ തീരുമാനമെടുത്തു. അത്‌വരെ ചങ്ങലയിലാണ്. വിരമിച്ചാലാവും കൂടുതല്‍ ശക്തനാവുകയെന്നും ജസ്റ്റിസ് കെമാല്‍ പാഷ പറഞ്ഞു. എം പി വീരേന്ദ്ര കുമാര്‍ എംപി, ഡോ. എം എന്‍ കാരശ്ശേരി, ശ്രീജ രവി, രതിദേവി, ജയചന്ദ്രന്‍ മൊകേരി, അനില്‍ കുരിയാത്തി, നര്‍ഗീസ് ബീഗം എന്നിവര്‍ പുരസ്‌ക്കാരങ്ങള്‍ ഏറ്റുവാങ്ങി. കെ പി രാമനുണ്ണി അഴീക്കോട് സ്മാരക പ്രഭാഷണം നടത്തി. പി വി അബ്ദുല്‍ വഹാബ് എംപി സംസാരിച്ചു. ടി ജി വിജയകുമാര്‍ അധ്യക്ഷത വഹിച്ചു. അഡ്വ. ശിവന്‍ മഠത്തില്‍, മുരളീധരന്‍ വലിയ വീട്ടില്‍ സംസാരിച്ചു.

RELATED STORIES

Share it
Top